Friday, May 3, 2024
HomeGulfഅറബ് ടൂറിസത്തിന്‍റെ തലസ്ഥാനം; അംഗീകാര തിളക്കത്തില്‍ സൂര്‍

അറബ് ടൂറിസത്തിന്‍റെ തലസ്ഥാനം; അംഗീകാര തിളക്കത്തില്‍ സൂര്‍

സ്കത്ത്: അടുത്ത വര്‍ഷത്തെ അറബ് ടൂറിസത്തിന്‍റെ തലസ്ഥാനമായി തെക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂറിനെ തിരഞ്ഞെടുത്തു.

ദോഹയില്‍ നടന്ന അറബ് ടൂറിസം മന്ത്രിതല സമിതിയുടെ 26ാമത് സമ്മേളനത്തിലാണ് സുറിന് വിശിഷ്ട അംഗീകാരം ലഭിച്ചത്. ടൂറിസം മേഖലയിലെ ഉപരിതല സൗകര്യം, ടൂറിസം പദ്ധതികളിലുള്ള വൈവിധ്യങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിന് കാണിക്കുന്ന നിര്‍ ദേശങ്ങള്‍, ചരിത്രപരവും സാംസ്കാരികമായ സുഭിക്ഷത, വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങള്‍ സംരക്ഷിക്കല്‍, ഇത്തരം സൈറ്റുകളുടെ എണ്ണം, യുെനസ്കോ പുരാവസ്തു പട്ടികയില്‍ ഇടം പിടിച്ച കേന്ദ്രങ്ങളുടെ എണ്ണം, ബീച്ചുകള്‍, താഴ്വരകള്‍, നീരൊഴുക്കുകള്‍, ഗുഹകള്‍ തുടങ്ങിയ രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് സൂറിന് ഈ അംഗീകാരം ലഭിക്കുന്നത്.

തെക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍ ടൂറിസമടക്കമുളള നിരവധി മേഖലകളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതാണ്. നിലവില്‍ ജോര്‍ഡനിലെ മാദാബയണ് ടൂറിസം കാപിറ്റല്‍. 2006ല്‍ നിസ്‍വയായിരുന്നു അറബ് തലസ്ഥാനം. അതിനുശേഷം ആദ്യമായാണ് ഒമാനിലെ ഒരു നഗരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.

വിവിധ ഗവര്‍ണറേറ്റുകളിലെ ടുറിസം മേഖലയുടെ വളര്‍ച്ചക്ക് പൈതൃക ടുറിസം മന്ത്രാലയം നടത്തുന്ന ശ്രമങ്ങള്‍ കൂടി ഈ അംഗീകാരത്തിന് വഴി തെളിയിക്കുന്നുണ്ട്. പരമ്ബരാഗത, വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച്‌ ജനങ്ങള്‍ക്കു നല്‍കുന്ന അവബോധവും ഇത്തരം മേഖലകളുടെ പ്രമോഷനു വേണ്ടി പ്രദേശവാസികള്‍ നല്‍കുന്ന പിന്തുണയും ഒമാൻ ടൂറിസം മേഖലക്ക് അനുഗ്രഹമാവുന്നതാണ്.

പുതിയ അംഗീകാരം സൂറിലെ ടൂറിസം പദ്ധതികള്‍ക്ക് കുടുതല്‍ പ്രചാരം നല്‍കാൻ സഹായകമാവും.സൂറിലെ ഖല്‍ഹാത്ത് അടക്കമുള്ള പുരാതന സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകര്‍ വര്‍ധിക്കാനും അംഗീകാരം സഹായകമാവും. അറബ് ടൂറിസത്തിന്‍റെ തലസ്ഥാനമായി സൂറിനെ തിരഞ്ഞെടുത്തതിന്‍റെ ഭാഗമായി നിരവധി ആഘോഷ പരിപാടികള്‍ അടുത്ത വര്‍ഷം സംഘടിപ്പിക്കും. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇവ നടപ്പാക്കുക. വിവിധ ടൂറിസം മേഖലകളിലെ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പഠനവും നടക്കുന്നുണ്ട്.

ഫലസ്തീൻ സാമ്ബത്തിക മേഖലയെ പിന്തുണക്കാനുള്ള ടൂറിസം പദ്ധതികള്‍, മധ്യ പൗരസ്ത‍്യ മേഖലയിലെ ടൂറിസം പദ്ധതികളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍, മേഖലയിലെ വിദ്യാഭ്യാസ പരിശീലന പദ്ധതികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍, പ്രാദേശികമായി ടൂറിസം വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കല്‍, അറബ് ടൂറിസം മേഖലയിലെ പരിസ്ഥിതി പദ്ധതികളുടെ വികസനത്തിനു പിന്തുണ നല്‍കല്‍, അറബ് ഉപഭോക്തൃ, ടുറിസം പദ്ധതികള്‍ക്കു പിന്തുണ നല്‍കല്‍, അറബ് സംയുക്ത ടൂറിസം പദ്ധതികള്‍ക്കു രൂപം നല്‍കല്‍, നിലവിലെ അറബ് ടൂറിസം മേഖലകളെക്കുറിച്ചുള്ള വിശാലമായ പഠനം, കാലാവസ്ഥാവ്യതിയാനവും അവയുടെ ടൂറിസം മേഖലയിലെ പ്രതിഫലനവും തുടങ്ങിയവ പരിപാടിയില്‍ അവതരിപ്പിക്കപ്പെടും.

ചരിത്രപരവും സാംസ്കാരികവുമായി ഏറെ പേര് കേട്ട പ്രദേശമാണ് സൂര്‍. സൂറില്‍നിന്ന് ഇന്ത്യയിലെ ഗുജറാത്തിലേക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് വാണിജ്യ കപ്പലുകള്‍ സര്‍വിസ് നടത്തിയിരുന്നു. ഇതില്‍ അല്‍ബൂം എന്ന ഒമാൻ പായക്കപ്പലും ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. പഴയ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഈ കപ്പല്‍ അതേ രീതിയില്‍ പുനര്‍നിര്‍മിച്ച്‌ ഇന്ത്യയിലേക്ക് പ്രയാണം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. സൂര്‍ ഒരു കാലത്ത് പേരുകേട്ട കപ്പല്‍ നിര്‍മാണ കേന്ദ്രമായിരുന്നു. ഗള്‍ഫ് മേഖലയിലെ പേരുകേട്ട കപ്പല്‍ നിര്‍മാണ വിദഗ്ധര്‍ സൂറിലുണ്ടായിരുന്നു. ഇവരുടെ പിൻമുറക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. കപ്പല്‍ യാത്രക്കും പേരുകേട്ടതാണ് പ്രദേശം, പ്രമുഖരായ കപ്പിത്താന്മാര്‍ സൂറിലുണ്ടായിരുന്നു. മുൻകാലത്ത് യാത്രക്കുപയോഗിച്ചിരുന്ന കപ്പലുകളും സൂറിലെ കപ്പല്‍ മ്യുസിയവും ഇതിന് തെളിവാണ്.

യുനസ്കോ പട്ടികയില്‍ ഇടം പിടിച്ച പൗരാണിക സാസ്കാരിക കേന്ദ്രമായ ഖല്‍ഹാത്തും സൂര്‍ സന്ദര്‍ശകരുടെ മറ്റൊരു ആകര്‍ഷണമാണ്. സൂറിലെ റാസ് അല്‍ ഹദ്ദ് ബീച്ച്‌ കടലാമകള്‍ മുട്ടയിടാനെത്തുന്ന ലോകത്തിലെ അറിയപ്പെടുന്ന ബീച്ചുകളിലൊന്നാണ്.

ഒാരോ വര്‍ഷവും ആയിരക്കണക്കിന് ആമകളാണ് ഇവിടെ മുട്ടയിടാനെത്തുന്നത്. വിവിധ കടലുകളില്‍നിന്ന് ആയിരക്കണക്കിനു മൈലുകള്‍ താണ്ടിയാണ് ഇവ റാസുല്‍ ഹദ്ദില്‍ എത്തുന്നത്. കടലാമകള്‍ക്ക് മുട്ടയിടാൻ പാകത്തിലുള്ള അപൂര്‍വ മണലാണ് ഇവിടെയുള്ളത്. സൂറിലെ മനോഹരമായ ഭൂപ്രകൃതിയും നീരൊഴുക്കുകളും അടക്കം നിരവധി പ്രത്യേകതകളാണ് സൂറിന് ഈ അംഗീകാരം നേടിക്കൊടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular