Saturday, May 4, 2024
HomeKeralaപോരാട്ടം കടുപ്പിക്കാൻ നിര്‍ദേശിച്ച്‌ നെതന്യാഹുൻ

പോരാട്ടം കടുപ്പിക്കാൻ നിര്‍ദേശിച്ച്‌ നെതന്യാഹുൻ

ടെല്‍ അവീവ് ∙ ഗാസയില്‍ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.

യുദ്ധം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര തലത്തില്‍ സമ്മര്‍ദം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, ‌അവസാനിക്കാറായിട്ടില്ലെന്ന് നെതന്യാഹു പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന നൂറോളം പേരെ സൈനിക സമ്മര്‍ദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേല്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധ സേന മുൻ തലവൻ ഡാൻ ഹാലുട്സ്. ബിന്യമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി പദവിയില്‍ നിന്ന് താഴെയിറക്കുന്നതിലൂടെ മാത്രമേ ഇസ്രയേലിന് വിജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ ഹൈഫയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുമായി നടത്തിയ സംഭാഷണത്തിലാണ് ഡാൻ ഹാലുട്സിന്‍റെ പ്രസ്താവന.

സിറിയയിലെ ഡമസ്കസില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാൻ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ജനറല്‍ കൊല്ലപ്പെട്ടു.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് സേനയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ സയിദ് റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇറാന് പുറത്തുവച്ച്‌ കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ക്വാഡ്സ് സേന കമാൻഡറാണ് മൗസവി. ഇസ്രയേല്‍ ഈ കൊലപാതകത്തില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രതികരിച്ചു. അതേസമയം ഇസ്രായേല്‍ പ്രതിരോധ സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യം പുറത്തുവിട്ടു.

അതേസമയം, വടക്കൻ ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കൻ സൈനികര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാഖില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കു നേരെ യു.എസ് സേനയുടെ ആക്രമണം. ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനികര്‍ക്ക് നേരെ ഇറാന്റെ പിന്തുണയോടെ എര്‍ബില്‍ എയര്‍ ബേസില്‍ ഉള്‍പ്പെടെ നടന്ന ആക്രമണ പരമ്ബരയ്ക്കുള്ള തിരിച്ചടിയാണിത്. എയര്‍ ബേസില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു” -യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എക്സില്‍ കുറിച്ചു. തിങ്കളാഴ്ച ആക്രമണത്തെക്കുറിച്ച്‌ ബൈഡനെ അറിയിക്കുകയും പ്രതികരണ ഓപ്ഷനുകള്‍ തയ്യാറാക്കാൻ പെന്റഗണിനോട് അദ്ദേഹം ഉത്തരവിടുകയായിരുന്നു. കതൈബ് ഹിസ്ബുല്ലയും ഇവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്.

തങ്ങളുടെ സൈനികരെയും താല്‍പര്യങ്ങളേയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഓസ്റ്റിൻ വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷം വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ അവിടെയുള്ള യുഎസ് പൗരൻമാരെയും മറ്റ് സംവിധാനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular