Thursday, May 2, 2024
HomeKeralaമാര്‍ക്കറ്റ്‌ റിവ്യു : കറുത്ത പൊന്നിന്‌ കഷ്‌ടകാലം , റബര്‍ കയറി; സ്വര്‍ണം ഇറങ്ങി

മാര്‍ക്കറ്റ്‌ റിവ്യു : കറുത്ത പൊന്നിന്‌ കഷ്‌ടകാലം , റബര്‍ കയറി; സ്വര്‍ണം ഇറങ്ങി

റുത്ത പൊന്നിനു കഷ്‌ടകാലം തുടങ്ങി. കഴിഞ്ഞവാരം കിലോയ്‌ക്ക്‌ അഞ്ചുരൂപ കുറഞ്ഞു. നാലാഴ്‌ചയ്‌ക്കിടയില്‍ കിലോയ്‌ക്ക്‌ കുറഞ്ഞത്‌ 11 രൂപ.

വരവ്‌ കൂടിയതും ഉത്തരേന്ത്യന്‍ ഡിമാന്‍ഡ്‌ കുറഞ്ഞതും വിലയിടിയാന്‍ കാരണമായി. കഴിഞ്ഞ വാരം കുരുമുളക്‌ വിറ്റ കര്‍ഷകര്‍ വിലത്തകര്‍ച്ച നേരിട്ടപ്പോള്‍ വരുംനാളുകളിലും സ്‌ഥിതിയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല.

തെക്കന്‍ മേഖലകളില്‍നിന്ന്‌ വിളവെടുപ്പ്‌ കഴിഞ്ഞ പുതിയ മുളക്‌ ഈയാഴ്‌ച കൊച്ചിയില്‍ എത്തും. തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ ഇടുക്കിയില്‍നിന്നു സാന്ദ്രത കൂടിയ 50 ടണ്‍ കുരുമുളക്‌ കൊച്ചിയിലെ ബ്രോക്കര്‍മാരിലൂടെ വാങ്ങി. ഇറക്കുമതി മുളകില്‍ കലര്‍ത്തി ബിഹാര്‍-ഝാര്‍ഖണ്ഡ്‌ മേഖലകളില്‍ വില്‍ക്കാനാണ്‌ ഇവരുടെ നീക്കം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത്‌ വിയറ്റ്‌നാമില്‍നിന്ന്‌ ഇറക്കുമതി ചെയ്‌ത മുളക്‌ ഒന്നിലധികം കണ്ടെയ്‌നറുകളില്‍ കെട്ടിക്കിടക്കുകയാണ്‌. തുറമുഖത്തിനും കസ്‌റ്റംസിനും നികുതി നല്‍കിയിട്ടില്ല. മുളക്‌ ലേലംചെയ്‌തു നികുതി ഈടാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി.

തണുപ്പ്‌ കൂടിയതോടെ ഉത്തരേന്ത്യന്‍ മേഖലകളില്‍ ചരക്കുനീക്കത്തെ ബാധിച്ചു. കുരുമുളക്‌ ഇടപാടുകള്‍ക്കാണ്‌ ഇതുമൂലം കൂടുതല്‍ തിരിച്ചടി നേരിട്ടത്‌. ശബരിമല തീര്‍ഥാടനകാലം കഴിഞ്ഞതോടെ കഴിഞ്ഞവാരം തെക്കന്‍ മേഖലകളില്‍നിന്ന്‌ കുരുമുളക്‌ ചെറിയ തോതില്‍ വന്നു തുടങ്ങിയിരുന്നു. തമിഴ്‌നാട്ടില്‍ അടുത്തമാസം സീസണ്‍ തുടങ്ങും. ഇടുക്കിയില്‍ ഇത്തവണ ഉല്‍പാദനം കൂടും. സാന്ദ്രതയുള്ള വലിയ മുളകാണ്‌ ഇടുക്കിയില്‍ കണ്ടുതുടങ്ങിയത്‌.

രാജ്യാന്തര വിപണിയില്‍ വിയറ്റ്‌നാമില്‍നിന്ന്‌ ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ കുരുമുളക്‌ വാങ്ങിയിട്ടുണ്ട്‌. കയറ്റുമതി നിരക്ക്‌ വിയറ്റ്‌നാം 3,850 ഡോളറില്‍നിന്ന്‌ 3,950 ആയി ഉയര്‍ത്തി. ശ്രീലങ്കയില്‍ ജൂണിലാണ്‌ വിളവെടുപ്പ്‌. 6,500 ഡോളറാണ്‌ കയറ്റുമതി നിരക്ക്‌. ബ്രസീലില്‍ കടുത്ത ചൂടു മൂലം കൃഷി നശിച്ചു തുടങ്ങി. 3,200 ഡോളര്‍ ആണ്‌ നിരക്ക്‌. ഇന്തോനീഷ്യയുടെ പക്കല്‍ കയറ്റുമതിക്ക്‌ ചരക്ക്‌ ഇല്ല. നിരക്ക്‌ 4,300 ഡോളര്‍. ഇന്ത്യയുടെ നിരക്ക്‌ 7,400 ഡോളര്‍. കൊച്ചിയില്‍ കഴിഞ്ഞവാരം 151 ടണ്‍ കുരുമുളക്‌ വില്‍പനയ്‌ക്ക്‌ എത്തി. മുന്‍വാരത്തെ അപേക്ഷിച്ച്‌ 25 ടണ്‍ കൂടുതല്‍. കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡിന്‌ കിലോയ്‌ക്ക്‌ 585 രൂപയും ഗാര്‍ബിള്‍ഡിന്‌ 606 രൂപയും പുതിയതിന്‌ 575 രൂപയുമാണ്‌.

റബറില്‍ പ്രതീക്ഷ

റബര്‍ കിലോയ്‌ക്ക്‌ രണ്ടുരൂപ കൂടി. വില്‍പ്പനയ്‌ക്കു വരവ്‌ കുറഞ്ഞാല്‍ റബര്‍ വില കൂടുമെന്ന്‌ മുന്‍ വാരം “മംഗളം” മാര്‍ക്കറ്റ്‌ റിവ്യൂ സൂചന നല്‍കിയത്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. വന്‍കിട ടയര്‍ കമ്ബനികള്‍ വാരാന്ത്യം വില കുറയ്‌ക്കാന്‍ ശ്രമം നടത്തി. അത്യാവശ്യക്കാരായ ടയര്‍ കമ്ബനികള്‍ക്ക്‌ വേണ്ടി വിതരണക്കാരാണ്‌ വില ഉയര്‍ത്തി വാങ്ങിയത്‌. രാജ്യാന്തര വിപണിയില്‍ തയാര്‍ നിരക്കില്‍ ബാങ്കോക്ക്‌ ഏഴു രൂപ വില ഉയര്‍ത്തിയതും ആഭ്യന്തര വില ഉയര്‍ത്തിയെന്നാണ്‌ ടയര്‍ കമ്ബനികളുടെ വക്‌താക്കള്‍ പറയുന്നത്‌.

രാജ്യാന്തര അവധി ചൈന 159-ല്‍നിന്ന്‌ 160 ആയി ഉയര്‍ത്തി. ടോക്കിയോ മാര്‍ക്കറ്റില്‍ 148-ല്‍ വില മാറ്റമില്ല. ആഗോള വിപണിയില്‍ റബറിന്‌ ഉയര്‍ന്ന നിരക്ക്‌ രേഖപ്പെടുത്തിയത്‌ ബാങ്കോക്കിലാണ്‌. ബാങ്കോക്കില്‍ കിലോയ്‌ക്ക്‌ ഏഴു രൂപ കൂടിയപ്പോള്‍ കൊച്ചിയില്‍ 170 രൂപയെങ്കിലും കിട്ടേണ്ടതായിരുന്നു എന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. ബാങ്കോക്കില്‍ വാരാന്ത്യം കിലോയ്‌ക്ക്‌ 162 രൂപ. കൊച്ചിയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോ 161 രൂപ. ആര്‍.എസ്‌.എസ്‌. അഞ്ച്‌ 157 രൂപ.

സ്വര്‍ണവില കുറഞ്ഞു; രൂപയ്‌ക്ക്‌ നഷ്‌ടം

സ്വര്‍ണം പവന്‌ 46,400 രൂപയില്‍നിന്ന്‌ 45,920 രൂപയിലേക്കുവരെ താഴ്‌ന്നു. വരാന്ത്യം 46,240 രൂപയിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌; പവന്‌ കുറഞ്ഞത്‌ 160 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 19 ഡോളര്‍ വില കുറഞ്ഞു. ഔണ്‍സിന്‌ 2,048 ഡോളറില്‍ വ്യാപാരം നിര്‍ത്തി. വാരാന്ത്യം ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ക്ലോസ്‌ ചെയ്‌തത്‌ 2029 ഡോളറിലാണ്‌.

വിനിമയ വിപണിയില്‍ ഡോളറിനെതിരേ രൂപയ്‌ക്ക്‌ 15 പൈസ നഷ്‌ടം. 82.92-ല്‍നിന്ന്‌ 83.07 ആയി ഇടിഞ്ഞു. വെളിച്ചെണ്ണ, കൊപ്ര, പാമൊലിന്‍ വില മാറ്റമില്ല. കൊച്ചിയില്‍ കഴിഞ്ഞവാരം 42,000 ലിറ്റര്‍ വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരം നടന്നു. മില്ലിങ്‌ ലിറ്ററിന്‌ 140 രൂപ. തയാര്‍ 135 രൂപ. കൊപ്ര തെളിവ്‌ കിലോ 91 രൂപ, ഓടെ 89 രൂപ. പാമൊലിന്‍ ലിറ്ററിന്‌ 82 രൂപ. കയറ്റുമതി ഇനത്തില്‍പ്പെട്ട ഓര്‍ത്തോഡക്‌സ്‌ പൊടിത്തേയില കിലോയ്‌ക്ക്‌ അഞ്ചു മുതല്‍ ഒന്‍പതു രൂപ വരെ ഉയര്‍ന്നാണ്‌ ലേലം നടന്നത്‌. കയറ്റുമതി ഡിമാന്‍ഡില്‍ പാക്കറ്റ്‌ നിര്‍മാതാക്കള്‍ വില ഉയര്‍ത്തിയത്‌. ഇലത്തേയില 3,53,000 കിലോയും പൊടിത്തേയില 6,98,000 കിലോയും ലേലത്തില്‍ വില്‍പനയ്‌ക്ക്‌ എത്തി.

ജോസഫ്‌ വെണ്ണിക്കുളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular