Monday, May 6, 2024
HomeGulfഅല്‍ ഷഹീൻ എണ്ണ ഖനനം: വൻ നിക്ഷേപം പ്രഖ്യാപിച്ച്‌ ഖത്തര്‍

അല്‍ ഷഹീൻ എണ്ണ ഖനനം: വൻ നിക്ഷേപം പ്രഖ്യാപിച്ച്‌ ഖത്തര്‍

ദോഹ: പ്രതിദിനം ഒരു ലക്ഷം ബാരല്‍ അധിക ഉല്‍പാദനം സാധ്യമാക്കുന്നതിന്റെ ഭാഗമായി അല്‍ ഷഹീൻ എണ്ണ ഖനന പദ്ധതിക്കായി വൻ നിക്ഷേപം പ്രഖ്യാപിച്ച്‌ ഖത്തർ എനർജി.

മേഖലയിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉല്‍പാദനമായി മാറുന്ന അല്‍ ഷഹീനിന്റെ വികസന പ്രവർത്തനങ്ങള്‍ക്ക് 600 കോടി ഡോളറിന്റെ കരാറുകളാണ് അനുവദിച്ചത്.

ഖത്തറിലെ ഏറ്റവും വലിയ എണ്ണ ഖനന പദ്ധതിയാണ് അല്‍ ഷഹീന്‍. ഓഫ് ഷോര്‍ പദ്ധതിയാണിത്. റുഅ് യ എന്ന് പേരിട്ട വികസന പദ്ധതി വഴി പ്രതിദിനം ഒരുലക്ഷം ബാരലിന്റെ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. 2027 മുതല്‍ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അ‍ഞ്ചുവര്‍ഷം കൊണ്ട‌് 550 മില്യൻ ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. 200 പുതിയ എണ്ണക്കിണറുകളും കേന്ദ്രീകൃത പ്രോസസ് കോംപ്ലക്സുമെല്ലാം പണിയും. അല്‍ ഷഹീന്‍ പദ്ധതിയില്‍ 70 ശതമാനം ഓഹരി ഖത്തര്‍ എനര്‍ജിയും 30 ശതമാനം ടോട്ടല്‍ എനര്‍ജിക്കുമാണ്. നോര്‍ത്ത് ഫീല്‍ഡ് പ്രകൃതി വാതക പദ്ധതികളുടെ വിപുലമായ വികസന പദ്ധതികള്‍ക്ക് പിന്നാലെയാണ് എണ്ണ ഖനന മേഖലയിലും ഖത്തര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്.

എൻജിനീയറിങ്, സംഭരണം, നിർമാണം, ഇൻസ്റ്റലേഷൻ എന്നീ നാലു മേഖലകളിലായാണ് പ്രവർത്തന വിപുലീകരണം സംബന്ധിച്ച്‌ കരാറില്‍ ഒപ്പുവെച്ചത്.

ഖത്തറിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലായി കരാർ നല്‍കിയതിനെ ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയും ഊർജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍-കഅബി സ്വാഗതം ചെയ്തു. ഈ കരാറുകള്‍ നല്‍കുന്നതിലൂടെ രാജ്യത്തിന്റെ പകുതിയോളം അസംസ്‌കൃത എണ്ണ ഉല്‍പാദിപ്പിക്കുന്ന അല്‍-ഷഹീന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ പുറംകടലിലായാണ് സമ്ബന്നമായ അല്‍ ഷഹീൻ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്.

എണ്ണ നിക്ഷേപത്തില്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ഫീല്‍ഡായാണ് അല്‍ ഷഹീൻ വിലയിരുത്തുന്നത്. 1994ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ആരംഭിച്ച ഇവിടെ നിന്ന് 2007ല്‍ പ്രതിദിന ഉല്‍പാദനം 3,00,000 ലക്ഷം ബാരല്‍ വരെ എത്തിയിരുന്നു. ഇത് വീണ്ടും വർധിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് പുതിയ നിക്ഷേപം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular