Wednesday, May 1, 2024
HomeKeralaനൂറ് അജണ്ടകള്‍ക്ക് രണ്ട് മിനിട്ട്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ ഭരണസമിതി

നൂറ് അജണ്ടകള്‍ക്ക് രണ്ട് മിനിട്ട്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ ഭരണസമിതി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ തന്നെ പാസായതായി പ്രഖ്യാപിച്ച്‌ ഭരണസമിതി.

നൂറ് അജണ്ടകള്‍ കേവലം രണ്ടുമിനിട്ടു കൊണ്ട് പാസായതായി ചെയര്‍ നിയന്ത്രിച്ച ഡെപ്യൂട്ടി മേയര്‍ പ്രഖ്യാപിക്കുകയായിരുന്നു.

രാവിലെ 10.30ന് വെള്ളാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി. ബൈജുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങും 11ന് കൗണ്‍സില്‍ യോഗവുമാണ് നിശ്ചയിച്ചിരുന്നത്. പി. ബൈജുവിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗം 12 മണി വരെ പുതിയ അംഗത്തിന് ആശംസകള്‍ നേരുന്നതിനായി ചെലവഴിച്ചു.

തുടര്‍ന്ന് 12ന് ഇടതുപക്ഷ അംഗം ഡി.ആര്‍. അനില്‍ മുന്‍കൂര്‍ അനുവാദമില്ലാതെ വാക്കാല്‍ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിന് പരിധി നിശ്ചയിക്കണമെന്നും ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനടുത്തേക്ക് വരുന്നത് അവസാനിപ്പിക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടുള്ളതായിരുന്നു പ്രമേയം. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ബിജെപി വനിതാ കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവരെ ഇടതുപക്ഷ അംഗങ്ങള്‍ മര്‍ദിച്ച വിഷയവും ചര്‍ച്ചയായി. ബിജെപി കൗണ്‍സില്‍ അംഗങ്ങള്‍ നഗരസഭയുടെ ശാപമെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞതാണ് അന്ന് പ്രതിഷേധത്തിന് കാരണമായത്.

ഡി.ആര്‍. അനില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പി.കെ. രാജുവിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യം കൂടി ഉള്‍പ്പെടുത്തണമെന്ന് ബിജെപി അംഗം തിരുമല അനില്‍ ആവശ്യപ്പെട്ടു. ഈ സമയം മേയര്‍ക്കു പകരം ചെയറില്‍ ഉണ്ടായിരുന്നത് ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു ആയിരുന്നു. അദ്ദേഹം കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഇപ്പോള്‍ പ്രമേയ ചര്‍ച്ച മാറ്റിവയ്‌ക്കണമെന്നും മേയര്‍ ചെയറിലുള്ള സമയം ചര്‍ച്ച പൂര്‍ത്തിയാക്കമെന്നും അഡ്വ. വി.ജി. ഗിരികുമാര്‍ പറഞ്ഞു.

തുടര്‍ന്ന് കരമന അജിത് സംസാരിക്കാന്‍ തുടങ്ങവെ സമയം തീര്‍ന്നുവെന്ന് പറഞ്ഞ് മൈക്ക് ഓഫാക്കുകയായിരുന്നു. ഡെപ്യൂട്ടി മേയറുടെ നടപടിക്കെതിരെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ രണ്ടു മിനിട്ടുകൊണ്ട് അജണ്ടകളെല്ലാം പാസായതായി പ്രഖ്യാപിച്ച്‌ കൗണ്‍സില്‍ പിരിച്ചുവിടുകയുണ്ടായി. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലും നഗരസഭയ്‌ക്കുള്ളിലും മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular