Sunday, April 28, 2024
HomeGulfലോകത്തിന് മുന്നില്‍ മറ്റൊരു അത്ഭുതവുമായി സൗദി അറേബ്യ: 3ഡിയില്‍ ആദ്യത്തെ പള്ളി, വമ്പന്‍ നിർമ്മിതി

ലോകത്തിന് മുന്നില്‍ മറ്റൊരു അത്ഭുതവുമായി സൗദി അറേബ്യ: 3ഡിയില്‍ ആദ്യത്തെ പള്ളി, വമ്പന്‍ നിർമ്മിതി

ലോകത്തിന് മുന്നില്‍ മറ്റൊരു അത്ഭുതവുമായി സൗദി അറേബ്യ. 3ഡി പ്രിൻ്റിംഗിൻ്റെ വിപ്ലവകരമായ സാങ്കേതികതയിലൂടെ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ മസ്ജിദിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വലിയ ആഘോഷത്തിലൂടെ സൗദി നിർവ്വഹിക്കുകയും ചെയ്തു. അൽ-ജവ്ഹാറ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിക്ക്, അന്തരിച്ച പ്രമുഖ വ്യവസായി അബ്ദുൽ അസീസ് അബ്ദുല്ല ഷർബത്‌ലിയുടെ പേരാണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യയും സൗദി സംരംഭകയുമായ വജ്‌നത്ത് അബ്ദുൾവാഹദിയാണ് ലോകത്തിലെ ആദ്യ ത്രിഡി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്.

3ഡി പ്രിൻ്റിംഗ് ടെക്നോളജിയുടെ മേഖലയിലെ പ്രശസ്ത ചൈനീസ് നിർമ്മാതാക്കളായ ഗ്വാൻലിയിൽ നിന്നുള്ള അത്യാധുനിക 3ഡി പ്രിൻ്ററുകൾ ഉപയോഗിച്ചാണ് പള്ളി നിർമ്മാണം. പാരമ്പര്യവും പുതുമയും മനോഹരമായി സമന്വയിപ്പിക്കുന്ന മസ്ജിദിന് 5,600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്. പള്ളിയുടെ രൂപകൽപ്പന വിശ്വാസികള്‍ക്ക് ശാന്തതയും ആതിഥ്യമര്യാദയും നല്‍കുന്ന തരത്തിലുള്ളതാണെന്ന് അബ്ദുൾവാഹദി വ്യക്തമാക്കി.

അത്യാധുനിക മസ്ജിദ് നിർമ്മിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സൗദി അറേബ്യ ഒരു തുടക്കകാരനായി ഉയർന്നുവരുന്നത് എന്നതും ശ്രദ്ധേയമാണ്. 3 ഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യയുടെ ഉപയോഗം സാങ്കേതിക പുരോഗതിക്കുള്ള സൗദി അറേബ്യയുടെ പിന്തുണയ്ക്ക് ഒരു ഉദാഹരണമായി മാറുന്നതിനൊപ്പം തന്നെ ഭാവിയില്‍ നിർമ്മാണ രംഗത്ത് ഒരു നാഴികകല്ലായി മാറുമെന്നും പ്രതീക്ഷിക്കുന്നു.

വെറും ആറ് മാസം കൊണ്ടാണ് 3ഡി സാങ്കേതിക വിദ്യയിലൂടെ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. മുന്‍സിപ്പല്‍ റെഗുലേറ്ററി നിയമങ്ങള്‍ പൂർണ്ണമായി പാലിച്ചുകൊണ്ടായിരുന്നു നിർമ്മാണം. ഭർത്താവിന്റെ സ്മരണയ്ക്കായി 3ഡിയില്‍ ഒരു പള്ളിവേണം എന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിർമ്മാണം തുടങ്ങിയപ്പോഴാണ് ഇത് ലോകത്തിലെ ആദ്യ 3ഡി മസ്ജിദാണെന്ന് മനസ്സിലാക്കുന്നതെന്നും വജ്നത്ത് പറഞ്ഞു. “ഒരു കമ്പ്യൂട്ടർ ഫയലിൽ നിന്ന് ഒരു യഥാർത്ഥ കെട്ടിടം സൃഷ്ടിക്കുന്ന പുതിയതും സങ്കീർണ്ണവും എന്നതിനോടൊപ്പം വളരെ കൃത്യവുമായ സാങ്കേതികതയാണിത്. തീർച്ചയായും, പരമ്പരാഗത രീതികളേക്കാൾ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജോലിയും നിർവ്വഹണവും നടത്തുന്നത്, ഇത് മറ്റ് കെട്ടിട രൂപകൽപ്പന സമയത്തും പരിഗണിക്കേണ്ടതാണ്.” വജ്നത്ത് കൂട്ടിച്ചേർക്കുന്നു.

ലോകത്തിലെ ആദ്യത്തെ 3ഡു പ്രിൻ്റഡ് മോസ്‌ക്കിൻ്റെ വിജയകരമായ പൂർത്തീകരണം, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്സുകാർ സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള വിവിധ പങ്കാളികളുടെ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണെന്നും വജ്നത്ത് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular