Saturday, April 27, 2024
HomeIndiaതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ന്യുഡല്‍ഹി: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ആശ്വാസമായ വിധിയുമായി സുപ്രീം കോടതി.

രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി സ്‌റ്റേ അനുവദിച്ചില്ല. കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച നിയമം ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഈ സമയത്ത് അത്തരമൊരു നടപടിയിലേക്ക് കടന്നാല്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി.

പുതുതായി നിയമിതരായ കമ്മീഷന്‍ അംഗങ്ങളായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ക്കെതിരെ യാതൊരു ആരോപണവും ഉയര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭണകൂടത്തിന്റെ വിരല്‍തുമ്ബിലാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തെറ്റാണെന്ന് അനുമാനിക്കാന്‍ കഴിയില്ല. നിയമിക്കപ്പെട്ടിരിക്കുന്ന ഓഫീസര്‍മാര്‍ക്കെതിരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി. കക്ഷിയുടെ അസൗകര്യം സുപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് കമ്മീഷണര്‍മാരുടെ നിയമനം ബില്‍, 2023 കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായിരുന്നു. പുതിയ കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ മന്ത്രിസഭയ്‌ക്കൊപ്പം ചീഫ് ജസ്റ്റീസിനുള്ള പങ്ക് എടുത്തുമാറ്റിയിരുന്നു. പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തുക. ഇത് നിഷ്പക്ഷതയെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

കഴിഞ്ഞയാഴ്ച നടന്ന കമ്മീഷണര്‍മാരുടെ നിയമനത്തില്‍ 212 പേരുകള്‍ താന്‍ സൂക്ഷ്മപരിശോധനയ്ക്ക് നിര്‍ദേശിച്ചിരുന്നുവെന്നും ചുരുക്കപ്പട്ടികയില്‍ ആറ് പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പുതിയ നിയമം അനുസരിച്ച്‌ സമിതിയുടെ യോഗം വെറും ഔപചാരികത മാത്രമാണ്. ചീഫ് ജസ്റ്റീസും സമിതിയില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular