Saturday, April 27, 2024
HomeIndiaരാജസ്‌ഥാന്‍ റോയല്‍സിന്‌ 20 റണ്‍ ജയം

രാജസ്‌ഥാന്‍ റോയല്‍സിന്‌ 20 റണ്‍ ജയം

യ്‌പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 17-ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 20 റണ്ണിന്റെ തകര്‍പ്പന്‍ ജയം.

സ്വന്തം തട്ടകമായ സവായ്‌ മാന്‍സിങ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ നാല്‌ വിക്കറ്റിന്‌ 193 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ലഖ്‌നൗ അവസാന പന്ത്‌ എറിഞ്ഞു കഴിഞ്ഞപ്പോള്‍ ആറിന്‌ 173 റണ്ണെന്ന നിലയിലായി.

വെസ്‌റ്റിന്‍ഡീസ്‌ താരം നികോളാസ്‌ പൂരാന്റെ (41 പന്തില്‍ നാല്‌ വീതം സിക്‌സറും ഫോറും അടക്കം പുറത്താകാതെ 64) രക്ഷാപ്രവര്‍ത്തനത്തിനു ടീമിനെ രക്ഷിക്കാനായില്ല. നായകനും ഓപ്പണറുമായ ലോകേഷ്‌ രാഹുല്‍ (44 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 58), ദീപക്‌ ഹൂഡ (13 പന്തില്‍ രണ്ട്‌ വീതം സിക്‌സറും ഫോറുമടക്കം 26) എന്നിവര്‍ക്കും അവസരത്തിനൊത്തുയരാനായില്ല.

ടോസ്‌ നേടിയ രാജസ്‌ഥാന്‍ റോയല്‍സ്‌ നായകന്‍ സഞ്‌ജു സാംസണ്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ രണ്ടാമത്‌ ആലോചിച്ചില്ല. 52 പന്തില്‍ ആറ്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 82 റണ്ണുമായി പുറത്താകാതെനിന്ന സഞ്‌ജുവാണു ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. ഓപ്പണര്‍മാരായ ജോസ്‌ ബട്ട്‌ലര്‍ (ഒന്‍പത്‌ പന്തില്‍ 11), യശസ്വി ജയ്‌സ്വാള്‍ (12 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 24) എന്നിവര്‍ മടങ്ങിയതോടെ പതറിയ രാജസ്‌ഥാനെ സഞ്‌ജുവാണു കരകയറ്റിയത്‌. റിയാന്‍ പരാഗും (29 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 43) സഞ്‌ജുവും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ നേടിയ 93 റണ്ണാണു രാജസ്‌ഥാനെ മികച്ച സ്‌കോറിലേക്ക്‌ നയിച്ചത്‌.
രാജസ്‌ഥാന്‌ പവര്‍പ്ലേയ്‌ക്കുള്ളില്‍ ഓപ്പണര്‍മാരെ നഷ്‌ടമായി. ബട്ട്‌ലറിനെ നവീന്‍ ഉള്‍ ഹഖും ജയ്‌സ്വാളിനെ മൊഹ്‌സിന്‍ ഖാനും പുറത്താക്കി. ജയ്‌സ്വാള്‍ പുറത്താകുമ്ബോള്‍ രാജസ്‌ഥാന്‍ രണ്ടിന്‌ 49 എന്ന നിലയിലായിരുന്നു. സഞ്‌ജുവും പരാഗും കരുതലോടെയാണ്‌ ബാറ്റ്‌ വീശി ടീമിനെ മുന്നോട്ട്‌ നയിച്ചത്‌. യഷ്‌ ഠാക്കൂറിന്റെ ഓവറില്‍ 21 റണ്‍ നേടി വേഗം കൂട്ടിയ കൂട്ടുകെട്ട്‌ രാജസ്‌ഥാനെ പത്തോവര്‍ പിന്നിടുമ്ബോള്‍ 89/2 എന്ന നിലയിലെത്തിച്ചു. 34 പന്തിലാണ്‌ അവര്‍ 50 കടന്നത്‌. 33 പന്തുകള്‍ നേരിട്ടാണു സഞ്‌ജു അര്‍ധ സെഞ്ചുറി കുറിച്ചത്‌. കൂട്ടുകെട്ടിനെ തകര്‍ത്തത്‌ നവീന്‍ ഉള്‍ ഹക്കായിരുന്നു. പരാഗ്‌ പുറത്താകുമ്ബോള്‍ രാജസ്‌ഥാന്‍ മൂന്നിന്‌ 142 എന്ന നിലയിലായിരുന്നു. ഷിംറോണ്‍ ഹിറ്റ്‌മീര്‍ (ഏഴ്‌ പന്തില്‍ അഞ്ച്‌) പുറത്തായത്‌ രാജസ്‌ഥാന്റെ റണ്‍ റേറ്റിനെ ബാധിച്ചു. ധ്രുവ്‌ ജൂറല്‍ 12 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 20 റണ്ണുമായിനിന്നു സഞ്‌ജുവിന്‌ അവസാന ഓവറുകളില്‍ മികച്ച കൂട്ടായി. ലഖ്‌നൗ ബൗളര്‍മാര്‍ അവസാന മൂന്നോവറില്‍ രാജസ്‌ഥാന്‌ വലിയ അടികള്‍ക്ക്‌ അവസരം നല്‍കാതെ എറിഞ്ഞതോടെ സ്‌കോര്‍ 200 ല്‍ താഴെ ഒതുങ്ങി.
ലഖ്‌നൗവിനായി നവീന്‍ ഉള്‍ ഹഖ്‌ രണ്ട്‌ വിക്കറ്റും മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ട്രെന്റ്‌ ബോള്‍ട്ട്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ക്വന്റണ്‍ ഡി കോക്ക്‌ (നാല്‌) പുറത്തായതു ലഖ്‌നൗവിനെ ഞെട്ടിച്ചു. മലയാളി താരം ദേവദത്ത്‌ പടിക്കലിനെ (0) സന്ദീപ്‌ ശര്‍മ നിലയുറപ്പിക്കും മുമ്ബ്‌ മടക്കി. ആയുഷ്‌ ബദോനിയെ (ഒന്ന്‌) നാദ്രെ ബര്‍ഗറും മടക്കിയതോടെ ലഖ്‌നൗ മൂന്നിന്‌ 11 എന്ന നിലയില്‍ പരുങ്ങി. ലോകേഷ്‌ രാഹുലും ദീപക്‌ ഹൂഡയും (13 പന്തില്‍ രണ്ട്‌ സിക്‌സറും ഫോറുമടക്കം 26) ചേര്‍ന്നതോടെ ലഖ്‌നൗവിനു നേരിയ ആശ്വാസമായി. ഹൂഡയെ യുസ്‌വേന്ദ്ര ചാഹാല്‍ ബട്ട്‌ലറിന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട്‌ പൊളിഞ്ഞു. രാഹുലും പൂരനും കൂസലില്ലാതെ ബാറ്റ്‌ ചെയ്‌തതോടെ സമ്മര്‍ദം രാജസ്‌ഥാന്‍ പക്ഷത്തായി. 30 പന്തിലാണ്‌ അവര്‍ 50 കടന്നത്‌. രാഹുല്‍ 35 പന്തിലും പൂരാന്‍ 30 പന്തിലും അര്‍ധ സെഞ്ചുറി കുറിച്ചു. രാഹുലിനെ സന്ദീപ്‌ ശര്‍മ പുറത്താക്കിയതോടെ രാജസ്‌ഥാന്‍ മത്സരത്തിലേക്കു തിരിച്ചുവന്നു. രാജസ്‌ഥാനു വേണ്ടി ട്രെന്റ്‌് ബോള്‍ട്ട്‌ രണ്ട്‌ വിക്കറ്റെടുത്തു. ബര്‍ഗര്‍, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹാല്‍, സന്ദീപ്‌ ശര്‍മ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. നായകന്റെ കളി പുറത്തെടുത്ത സഞ്‌ജുവാണു മത്സരത്തിലെ താരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular