Saturday, April 27, 2024
HomeIndiaപാര്‍ലമെന്റില്‍ 400 കടന്നാല്‍ ഭരണഘടന മാറ്റുമെന്ന പരാമര്‍ശം; ഹെഗ്‌ഡെയ്ക്ക് സീറ്റ് നിഷേധിച്ച്‌ ബിജെപി

പാര്‍ലമെന്റില്‍ 400 കടന്നാല്‍ ഭരണഘടന മാറ്റുമെന്ന പരാമര്‍ശം; ഹെഗ്‌ഡെയ്ക്ക് സീറ്റ് നിഷേധിച്ച്‌ ബിജെപി

ന്യുഡല്‍ഹി: വിവാദ പ്രസ്താവനകള്‍ കൊണ്ട് ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരുന്ന കര്‍ണാടകയിലെ മുതിര്‍ന്ന നേതാവിന് ഇത്തവണ സീറ്റ് നിഷേധിച്ചു.

കര്‍ണാടകയിലെ ഉത്തര കന്നഡയില്‍ നിന്ന് തുടര്‍ച്ചയായി ആറ് തവണ, 28 വര്‍ഷത്തോളം ലോക്‌സഭയില്‍ അംഗമായിരുന്ന അനന്തകുമാര്‍ ഹെഗ്‌ഡെയ്ക്കാണ് ഇത്തവണ സീറ്റില്ലാത്തത്്. ബിജെപിക്ക് ലോക്‌സഭയില്‍ 400 ലേറെ സീറ്റാണ് ലക്ഷ്യമിടുന്നതെന്നും അങ്ങനെ വന്നാല്‍ ഭരണഘടന മാറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുന്നത്.

ഭരണഘടന പൊളിച്ചെഴുതേണ്ട ആവശ്യമുണ്ട്. കോണ്‍ഗ്രസ് ഭരണഘടന ഭേദഗതി ചെയ്തത് ഹിന്ദുവിനെ അടിച്ചമര്‍ത്താനാണ്. ഭരണഘടന ഭേദഗതി ചെയ്യുകയാണെങ്കില്‍, ഹിന്ദു സമൂഹത്തെ അടിമച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന പലതും നീക്കേണ്ടതായി വരും. അനാവശ്യമായി പലതും കുത്തിത്തിരുകി കോണ്‍ഗ്രസ് ഭരണഘടനയെ മൗലികമായി നശിപ്പിച്ചു. ആ കാര്യങ്ങളെല്ലാം മാറ്റേണ്ടതായി വരും. എന്നാല്‍ നിലവിലെ ഭൂരിപക്ഷത്തില്‍ അത് സാധ്യമല്ലെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ലോക്‌സഭയില്‍ ഇല്ലാതിരുന്നെങ്കില്‍ എന്നൂം പ്രധാനമന്ത്രി മോദിക്ക് ഒറ്റയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിരിക്കുകയും ചെയ്താല്‍, അത് ചെയ്തിരിക്കും. പക്ഷേ, ആ ഭൂരിപക്ഷം അസാധ്യമാണെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിക്ക് രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഭരണവും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹെഗ്‌ഡെയുടെ പരാമര്‍ശം ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കിയതോടെ, പാര്‍ട്ടി സംയമനം പാലിക്കുകയായിരുന്നു. അത് ഹെഗ്‌ഡെയുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.

ഹെഗ്‌ഡെയ്ക്ക് പകരം ബിജെപിയിലെ വിശേശ്വര്‍ ഹെഗ്‌ഡെ കെഗെരിയാണ് ഉത്തര കന്നഡിയില്‍ മത്സരിക്കുക. ആറ് തവണ എംഎല്‍എയായ വിശേശ്വര്‍ ഹെഗ്‌ഡെ മുന്‍പ് സ്പീക്കറുമായിരുന്നു.

ഹെഗ്‌ഡെയ്ക്ക് പുറമേ പ്രഗ്യാ സിംഗ് താക്കൂര്‍, ഡല്‍ഹിയില്‍ നിന്നുള്ള എം.പിമാരായ രമേശ് ബിദൂരി, പര്‍വേശ് സാഹിബ് വര്‍മ്മ എന്നിവര്‍ക്കും ഇത്തവണ സീറ്റില്ല. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് പ്രധാനമന്ത്രി നേരത്തെ താക്കീത് നല്‍കിയിരുന്നതാണെന്നും അത് ലംഘിച്ചവര്‍ക്ക് സീറ്റ് നിഷേധിക്കുന്നത് പൊതുസമൂഹത്തിനുള്ള സന്ദേശമാണെന്നും ബിജെപി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular