Thursday, May 9, 2024
HomeIndiaനാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച്‌ പോളിങ്ങില്‍ എട്ട്...

നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച്‌ പോളിങ്ങില്‍ എട്ട് ശതമാനത്തോളം കുറവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, 2019 ലെ പോളിങ് ശതമാനവുമായി ഒത്തുനോക്കുമ്ബോള്‍, ആദ്യ ഘട്ടത്തിലെ പോലെ തന്നെ രണ്ടാം ഘട്ടത്തിലും പോളിങ് കുറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തോളം പോളിങ് ഉണ്ടായിരുന്നു(69.45). ഇത്തവണ 61.40 ശതമാനം പോളിങ്ങാണ് 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലായി രേഖപ്പെടുത്തിയത്. 543 മണ്ഡലങ്ങളില്‍ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂർത്തിയായി.

ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ചർച്ചയായിരുന്നു. 2019 ല്‍ രണ്ടാം ഘട്ടത്തില്‍ 69.45 ആയിരുന്നു പോളിങ് ശതമാനം. ഒടുവിലെ കണക്ക് അനുസരിച്ച്‌ എട്ട് ശതമാനത്തോളം കുറവാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടായത്. ഒന്നാം ഘട്ടത്തില്‍ പോളിങ് കുറഞ്ഞപ്പോള്‍, ബിജെപി കൂടിയാലോചിച്ച്‌ പ്രചാരണായുധങ്ങളുടെ മൂർച്ച കൂട്ടുകയും, കോണ്‍ഗ്രസിന് എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പോളിങ് ശതമാനം കൂട്ടുന്നതില്‍ രണ്ടാം ഘട്ടത്തിലും കാര്യമായ ചലനമുണ്ടാക്കിയില്ല.

സംസ്ഥാനങ്ങളുടെ കണക്ക നോക്കിയാല്‍ അസമില്‍ 8 ശതമാനം മുതല്‍ 13.9 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ബിഹാറിലെ മണ്ഡലങ്ങളില്‍ 8.23 ശതമാനം മുതല്‍ 12 വരെ കുറവ്. ഛത്തീസ്‌ഗഡില്‍ പോളിങ് ശതമാനത്തില്‍ കാര്യമായ കുറവ് കണ്ടില്ല-0.86 %. കർണാടകത്തിലും കേരളത്തിലും പോളിങ് ശതമാനം കുറഞ്ഞു.

കേരളം-70.35

മണ്ഡലം തിരിച്ച്‌:

1. തിരുവനന്തപുരം-66.43
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-67.92
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.88
6. ആലപ്പുഴ-74.37
7. കോട്ടയം-65.59
8. ഇടുക്കി-66.39
9. എറണാകുളം-68.10
10. ചാലക്കുടി-71.68
11. തൃശൂർ-72.11
12. പാലക്കാട്-72.68
13. ആലത്തൂർ-72.66
14. പൊന്നാനി-67.93
15. മലപ്പുറം-71.68
16. കോഴിക്കോട്-73.34
17. വയനാട്-72.85
18. വടകര-73.36
19. കണ്ണൂർ-75.74
20. കാസർഗോഡ്-74.28

ആകെ വോട്ടർമാർ-2,77,49,159
ആകെ വോട്ട് ചെയ്തവർ-1,95,22259(70.35%)
ആകെ വോട്ട് ചെയ്ത പുരുഷന്മാർ-93,59,093(69.76%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,01,63,023(70.90%)
ആകെ വോട്ട് ചെയ്ത ട്രാൻസ് ജെൻഡർ-143(38.96%)

അന്തിമ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 74.06 ശതമാനവും. ഇത്തവണ 80 ശതമാനത്തില്‍ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടിരുന്നത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കാര്യമായ വോട്ടിങ് ശതമാന കുറവുണ്ടായി. രാജസ്ഥാനിലെ അജ്മീർ ജില്ലയില്‍ 14.89 ശതമാനം കുറവ്. ത്രിപുര, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പോളിങ് ശതമാനം കുറഞ്ഞു. ഒരു സംസ്ഥാനത്തും വോട്ടിങ് ശതമാനത്തില്‍, ഈ ഘട്ടത്തില്‍ വർദ്ധന ഉണ്ടായിട്ടില്ല.

11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പില്‍ പങ്കെടുത്തു. അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ജമ്മു-കശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, യുപി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് പോളിങ് യുപിയിലും പിന്നീട് ബിഹാറിലുമാണ്. 53 ശതമാനം മാത്രം. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും 60 ശതമാനത്തില്‍ താഴെയാണ്.

എന്നാല്‍, ത്രിപുരയിലും മണിപ്പൂരിലും ഉയർന്ന പോളിങ് രേഖപ്പെടുത്തി.-75 ശതമാനം. ആദ്യ ഘട്ടത്തിലും ഈ രണ്ടു സംസ്ഥാനങ്ങളിലും വോട്ടിങ് ശതമാനം താരതമ്യേന ഉയർന്ന നിലയിലായിരുന്നു. ഈ 11 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആദ്യ ഘട്ടത്തില്‍ 64 ശതമാനവും, രണ്ടാം ഘട്ടത്തില്‍ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകളില്‍ മാറ്റം വരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular