Saturday, April 27, 2024
HomeIndiaഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: 6 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: 6 മാവോയിസ്റ്റുകളെ വധിച്ചു

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

ഇവരില്‍ രണ്ട് പേര്‍ വനിതകളാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ബസഗുഡ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ചിപുര്‍ഭട്ടിക്ക് സമീപം തല്‍പേരു നദിയുടെ അടുത്തുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റ് വിരുദ്ധ സുരക്ഷാ സേനയാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി. പറഞ്ഞൂ.

ജില്ലാ റിസര്‍വ് ഗാര്‍ഡ്, സിആര്‍പിഎഫ്, കോബ്ര എന്നിവരുടെ സംയുക്ത സംഘമാണ് മേഖലയില്‍ തിരച്ചിലിന് എത്തിയത്. പ്രദേശത്ത് മാവോയിസ്റ്റ് പ്ലാറ്റൂണ്‍ 10ലെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി നക്‌സലേറ്റുകള്‍ തമ്ബടിച്ചിരിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ഏറ്റുമുട്ടല്‍ അവസാനിച്ച ശേഷമാണ് ആറ് നക്‌സലുകളുടെ മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്തത്. വന്‍ തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തുവെന്നും ഐ.ജി അറിയിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിരിക്കാമെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്നതാണ് ബിജാപൂര്‍. ആദ്യഘട്ടത്തില്‍ ഏപ്രില്‍ 19ന് ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ ഏറ്റുമുട്ടല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular