Saturday, April 27, 2024
HomeIndiaIPL 2024: ഹൈദരാബാദില്‍ റണ്‍പ്രളയം! പൊരുതി വീണ് മുംബൈ

IPL 2024: ഹൈദരാബാദില്‍ റണ്‍പ്രളയം! പൊരുതി വീണ് മുംബൈ

ഹൈദരാബാദ്: സിക്‌സറുകളുടെയും ബൗണ്ടറികളുടെയും ചാകര കണ്ട ഐപിഎല്‍ ത്രില്ലറില്‍ വിജയക്കൊടി പാറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനാണ് ഓറഞ്ച് ആര്‍മി വീഴ്ത്തിയത്. പാറ്റ് കമ്മിന്‍സും സംഘവും സീസണിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായി രണ്ടാമത്തെ പരാജയമാണ് നേരിട്ടത്.

278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് മുംബൈയ്ക്കു ഹൈദരാബാദ് നല്‍കിയത്. മറുപടിയില്‍ മുംബൈ ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. തിലക് വര്‍മയാണ് മുംബൈ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ചു നിന്നത്. 34 ബോളില്‍ രണ്ടു ഫോറും ആറു സിക്‌സറുമടക്കം താരം 64 റണ്‍സ് അടിച്ചെടുത്തു

ടിം ഡേവിഡ് 22 ബോളില്‍ പുറത്താവാതെ 42 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 13 ബോളില്‍ 34 റണ്‍സും നമാന്‍ ദിര്‍ 14 ബോളില്‍ 30 റണ്‍സും നേടി. മുംബൈയ്ക്കായി 200ാമത് മല്‍സരം കളിച്ച മുന്‍ ക്യാപ്റ്റന്‍ രോഹിത് 12 ബോളില്‍ 26 റണ്‍സ് സ്‌കോര്‍ ചെയ്തു. ഹൈദരാബാദിനു വേണ്ടി നായകന്‍ കമ്മിന്‍സും ജയദേവ് ഉനാട്കട്ടും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഹൈദരാബാദ് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 277 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ കൂടിയാണിത്. മൂന്നു പേരാണ് ഹൈരാബാദ് നിരയില്‍ ഫിഫ്റ്റികള്‍ കുറിച്ചത്. ഇവരിലെ ഹീറോ ഹെന്‍ട്രിച്ച് ക്ലാസെനായിരുന്നു. 34 ബോളില്‍ അദ്ദേഹം പുറത്താവാതെ വാരിക്കൂട്ടിയത് 80 റണ്‍സാണ്. ഏഴു സിക്‌സറും നാലു ഫോറുമടക്കമാണിത്.

അഭിഷേക് ശര്‍മ (63), ട്രാവിസ് ഹെഡ് (62) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അഭിഷേക് വെറും 23 ബോളിലാണ് 63ലേക്കു കുതിച്ചെത്തിത്. ഏഴു സിക്‌സറും മൂന്നു ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഹെഡാവട്ടെ 24 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുകളും പായിച്ചു. ക്ലാസെനോടൊപ്പം ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ 42 റണ്‍സോടെ എയ്ഡന്‍ മാര്‍ക്രമായിരുന്നു ക്രീസില്‍. 28 ബോളില്‍ താരം രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു. മായങ്ക് അഗര്‍വാള്‍ മാത്രമേ ഹൈദരബാദ് ബാറ്റില്‍ ഫ്‌ളോപ്പായുള്ളൂ.

ഓപ്പണിങ് വിക്കറ്റില്‍ മായങ്ക്- ഹെഡ് ജോടി 45 റണ്‍സാണ് നേടിയത്. തുടര്‍ന്നായിരുന്നു മല്‍സരം മുംബൈയെ ബാക്ക്ഫൂട്ടിലാക്കിയ ആദ്യത്തെ കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ ഹെഡ്- മായങ്ക് സഖ്യം 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ എട്ടോവര്‍ ആവുമ്പോഴേക്കും ഹൈദരാബാദിന്റെ ടോട്ടല്‍ 100 കടന്നു.

മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് അഭിഷേക്- മാര്‍ക്രം സഖ്യം നേടിയത്. അതിനു ശേഷമാണ് ഹൈദരാബാദ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കണ്ടത്. മുംബൈ ബൗളിങ് നിരയെ ക്ലാസെന്‍- മാര്‍ക്രം ജോടി പഞ്ഞിക്കിടുകയായിരുന്നു. 116 റണ്‍സ് ഈ ജോടി വാരിക്കൂട്ടിയതോടെ ഹൈദരാബാദ് 277 റണ്‍സെന്ന എക്കാലത്തെയും വലിയ ടോട്ടലില്‍ എത്തുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular