Tuesday, April 30, 2024
HomeAsiaഅഫ്ഗാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കും; അപഹരിക്കപ്പെട്ട ഭൂസ്വത്തുക്കള്‍ തിരിച്ചുനല്‍കും-താലിബാൻ

അഫ്ഗാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കും; അപഹരിക്കപ്പെട്ട ഭൂസ്വത്തുക്കള്‍ തിരിച്ചുനല്‍കും-താലിബാൻ

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദു-സിഖ് കുടുംബങ്ങളുടെ ഭൂസ്വത്തുക്കളെല്ലാം തിരിച്ചുനല്‍കുമെന്ന് താലിബാൻ.

ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തുമെന്നും താലിബാൻ നീതിന്യായ മന്ത്രാലയം വക്താവ് ഹാഫിസ് ബറകത്തുല്ല റസൂലി അറിയിച്ചു. ‘ദ ഹിന്ദു’വിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദു, സിഖ് വിഭാഗങ്ങളുമായി കേന്ദ്രത്തിലും പ്രവിശ്യയിലുമുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് ഹാഫിസ് ബറകത്തുല്ല അറിയിച്ചു. തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്കുശേഷം എല്ലാവർക്കും ഭൂമി തിരിച്ചുനല്‍കും. ഇതിനായി പ്രത്യേക കമ്മിഷൻ പ്രവർത്തിക്കുന്നുണ്ടെന്നും അഫ്ഗാനിസ്താനിലെ ന്യൂനപക്ഷ സമൂഹത്തിന്റെ സ്വത്തവകാശങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കാൻ താലിബാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇദ്ദേഹം ദ ഹിന്ദുവിനോട് വ്യക്തമാക്കി.

ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കനുസരിച്ച്‌ ഹിന്ദു, സിഖ് ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹാഫിസ് ബറകത്തുല്ല റസൂലി അറിയിച്ചു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഹനഫി കർമശാസ്ത്രത്തില്‍ വിശദമായ വകുപ്പുകള്‍ തന്നെയുണ്ട്. തങ്ങളുടെ ഭരണകൂടം ആ അവകാശങ്ങളെല്ലാം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയൊരു വിഭാഗം ഹിന്ദു-സിഖ് പ്രതിനിധി സംഘം നീതിന്യായ മന്ത്രിയുമായി ഒരു മാസം മുൻപ് കൂടിക്കാഴ്ച നടത്തി നിവേദനങ്ങള്‍ സമർപ്പിച്ച വിവരവും മന്ത്രാലയം വക്താവ് വെളിപ്പെടുത്തി.

തങ്ങളുടെ ഭരണക്കാലത്തിനുമുൻപ് വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിന്ദു-സിഖ് കുടുംബങ്ങള്‍ക്കു സ്വത്തുക്കള്‍ തിരിച്ചുനല്‍കാനായി നീതിന്യായ മന്ത്രി അബ്ദുല്‍ ഹകീം ശറഈയ്ക്കു കീഴില്‍ പ്രത്യേക കമ്മിഷൻ രൂപീകരിച്ചതായി നേരത്തെ താലിബാൻ രാഷ്ട്രീയ വിഭാഗം തലവൻ സുഹൈല്‍ ഷാഹീനും അറിയിച്ചിരുന്നു. 2021ല്‍ താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ കാനഡയിലേക്കു രക്ഷപ്പെട്ട മുൻ അഫ്ഗാൻ പാർലമെന്റ് അംഗം നരേന്ദ്ര സിങ് ഖല്‍സ അടുത്തിടെ അഫ്ഗാനിലേക്കു മടങ്ങിയെത്തിയിരുന്നു. എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് താലിബാൻ ഉറപ്പുനല്‍കിയതിനു പിന്നാലെയായിരുന്നു അദ്ദേഹം അഫ്ഗാനിലേക്കു മടങ്ങിയത്.

താലിബാന്റെ നടപടിയെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിന്റെ ഭൂസ്വത്തുക്കള്‍ തിരിച്ചുനല്‍കാനുള്ള താലിബാൻ കൈക്കൊണ്ട പുതിയ തീരുമാനം ഗുണപരമായ പുതിയ നീക്കമാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജെയ്‌സ്വാള്‍ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular