Monday, May 6, 2024
HomeIndiaഅധികാരത്തിലേറിയാല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജില്ലകളെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബി.എസ്.പി

അധികാരത്തിലേറിയാല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജില്ലകളെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബി.എസ്.പി

മീററ്റ്: അധികാരത്തിലേറിയാല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജില്ലകളെ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്ന് ബി.എസ്.പി.

മീററ്റില്‍ അലഹബാദ് ഹൈക്കോടതിയുടെ ബെഞ്ച് സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം നിറവേറ്റുമെന്നും ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി.

മീററ്റ് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മായാവതി. പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിക്കുകയും സംവരണ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടിയെ(എസ്.പി) രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എസ്പി തടസ്സം നില്‍ക്കുകയാണെന്ന് മായാവതി ആരോപിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യത്തിന് കേന്ദ്രം പുല്ലുവില മാത്രമാണ് നല്‍കുന്നത്. ബി.എസ്.പി അധികാരത്തിലെത്തിയാല്‍ ഇതിന് പ്രതേകം ശ്രദ്ധ നല്‍കുമെന്ന് അവര്‍ ഉറപ്പ് നല്‍കി.

പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചതാണ്. അതിന്മേലും കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ല. പടിഞ്ഞാറന്‍ മേഖലയുടെ മെച്ചപ്പെട്ട വികസനത്തിന് പ്രത്യേക സംസ്ഥാനമെന്ന ആവശ്യം തുടക്കം മുതല്‍ ഞങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും മായാവതി പറഞ്ഞു.

സമാജവാദി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ ദലിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനു വേണ്ടി ഒന്നും ചെയ്തില്ല. ബിഎസ്പി സര്‍ക്കാര്‍ ഉണ്ടാക്കിയ ജില്ലകള്‍, പാര്‍ക്കുകള്‍, സര്‍വകലാശാലകള്‍ എന്നിവയെല്ലാം എസ്.പി സര്‍ക്കാര്‍ മാറ്റിമറിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ കാര്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ മായാവതി ആരോപിച്ചു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെയും അധികാരത്തിലെത്തിക്കരുതെന്നും വോട്ടര്‍മാരോട് മായാവതി ആവശ്യപ്പെട്ടു. ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തിലാണ് മീററ്റിലെ വോട്ടെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular