Monday, May 6, 2024
HomeGulfഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം; ജിൻഡാല്‍ ഷദീദുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി കരാര്‍ ഒപ്പിട്ടു

ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം; ജിൻഡാല്‍ ഷദീദുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി കരാര്‍ ഒപ്പിട്ടു

സ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജിൻഡാല്‍ ഷദീദുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി കരാർ ഒപ്പിട്ടു.

അല്‍ ഖുവൈർ സ്‌ക്വയർ പദ്ധതിയുടെ ഭാഗമായി 126 മീറ്റർ ഉയരമുള്ള കൊടിമരമാണ് നിർമിക്കുന്നതെന്നാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നത്. ഈ സ്മാരക പദ്ധതിക്ക് ധനസഹായം നല്‍കുന്നത് ജിൻഡാല്‍ ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിൻഡാല്‍ ഷദീദാണ്.

മസ്‌കത്ത് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാല്‍ അല്‍ ബുസൈദി, മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അല്‍ ഹുമൈദി, ജിൻഡാല്‍ ഷദീദ് അയേണ്‍ ആൻഡ് സ്റ്റീല്‍ സിഇഒ ഹർഷ ഷെട്ടി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

18,000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയില്‍ നിരവധി വിനോദ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, ഈന്തപ്പനകള്‍, വാക്കിംഗ്- സൈക്ലിംഗ് പാതകള്‍, ഔട്ട്‌ഡോർ ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ് എക്‌സിബിഷൻ, സ്‌കേറ്റ് പാർക്ക്, കായിക പ്രവർത്തനങ്ങള്‍ക്കായി നിയുക്ത പ്രദേശങ്ങള്‍ എന്നിവ കൊടിമരത്തിനൊപ്പമുള്ള ഇതര പദ്ധതികളാണ്. ശുചിമുറികള്‍, 107 സ്ഥലങ്ങളുള്ള പാർക്കിംഗ് സ്ഥലം തുടങ്ങിയ പൊതു സൗകര്യങ്ങളും പദ്ധതിയില്‍ ഉണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ വിശ്രമത്തിനും ഔട്ട്‌ഡോർ സ്‌പോർട്‌സിനുമുള്ള സങ്കേതമായി മസ്‌കത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം മാറും.

അതോടൊപ്പം 40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി അല്‍ ഖുവൈർ സ്‌ക്വയറിലെ കൊടിമരം നിലകൊള്ളും. 135 ടണ്‍ സ്റ്റീലിലാണ് കൊടിമരം നിർമിക്കുക. കൊടിമരത്തിലെ ഒമാനി പതാകയ്ക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിലുണ്ട്.

ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതില്‍ പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണത്തെ സയ്യിദ് സൗദ് ബിൻ ഹിലാല്‍ അല്‍ ബുസൈദി അഭിനന്ദിച്ചു. ഈ നവംബറില്‍ രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കൊടിമരത്തിന് മുകളില്‍ ഒമാനി പതാക ഉയർത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമാന്റെ വിഷൻ 2040 ന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണമാണ് ഈ പദ്ധതിയെ വേറിട്ടുനിർത്തുന്നത്. മസ്‌കത്ത് ഗവർണറേറ്റിലെ മസ്‌കത്ത് മുനിസിപ്പാലിറ്റിയും മേഖലയിലെയും ആഗോളതലത്തിലെയും മുൻനിര ഇരുമ്ബ്, ഉരുക്ക് ഉല്‍പ്പാദകരായ ജിൻഡാല്‍ ഷെയ്ഡ് അയണ്‍ ആൻഡ് സ്റ്റീല്‍ എന്നിവക്കുമിടയിലുള്ള ഫലപ്രദമായ സഹകരണമാണ് പദ്ധതിക്ക് പിറകിലുള്ളത്.

ആവശ്യമായ എഞ്ചിനീയറിംഗ് പഠനങ്ങളും പൂർത്തിയാക്കി അനുമതികള്‍ നേടിയതിന് ശേഷമാണ് അല്‍ ഖുവൈർ സ്‌ക്വയർ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 54ാമത് ദേശീയ ദിനാഘോഷ വേളയില്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular