Saturday, May 4, 2024
HomeIndiaപൊരുതി തോറ്റ് ഗുജറാത്ത്, ഡെല്‍ഹിക്ക് 4 റണ്‍സിന്റെ ജയം

പൊരുതി തോറ്റ് ഗുജറാത്ത്, ഡെല്‍ഹിക്ക് 4 റണ്‍സിന്റെ ജയം

ഡെല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ 4 റണ്‍സിന്റെ വിജയം നേടി. 225 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറില്‍ 220/8 റണ്‍സ് എടുക്കാനെ ആയുള്ളൂ.

ക്യാപ്റ്റൻ ഗില്ലിനെ ഇന്ന് തുടക്കത്തില്‍ 6 റണ്‍സ് എടുത്തു നില്‍ക്കെ തന്നെ ഗുജറാത്തിന് നഷ്ടമായി. ഇതിനു ശേഷം സായ് സുദർശനും വൃദ്ധിമാൻ സാഹയും കൂടെ ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.

സാഹ 25 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്തു. സായ് സുദർശൻ 39 പന്തില്‍ 65 റണ്‍സും എടുത്തു. എന്നാല്‍ മറ്റു മുൻനിര ബാറ്റർമാർ എല്ലാം പരാജയപ്പെട്ടു. അവസാനം മില്ലർ മാത്രമായി ഗുജറാത്തിന്റെ പ്രതീക്ഷ. അവസാന 4 ഓവറില്‍ ഗുജറാത്തിന് 73 റണ്‍സ് വേണമായിരുന്നു.

നോർട്ടിയ എറിഞ്ഞ 17ആം ഓവറില്‍ മില്ലർ 24 റണ്‍സ് അടിച്ചു. ഇതോടെ 3 ഓവറില്‍ 49 റണ്‍സിലേക്ക് ടാർഗറ്റ് കുറഞ്ഞു. എന്നാല്‍ മില്ലർ അടുത്ത ഓവറില്‍ മുകേഷ് കുമാറിന്റെ പന്തില്‍ പുറത്തായി. 23 പന്തില്‍ നിന്ന് 55 റണ്‍സ് ആയിരുന്നു മില്ലർ ആകെ എടുത്തത്. അവസാന 2 ഓവറില്‍ 37 റണ്‍സ് ആണ് ഗുജറാത്തിന് വേണ്ടിയിരുന്നത്.

സായ് കിഷോറും റാഷിദ് ഖാനും ചേർന്ന് 19ആം ഓവറില്‍ 18 റണ്‍സ് അടിച്ചു. ഇതോടെ അവസാന ഓവറില്‍ ജയിക്കാൻ 19 റണ്‍സ്. റഷിദ് ഖാൻ സ്ട്രൈക്കില്‍ മുകേഷ് പന്തുമായി. ആദ്യ പന്തില്‍ റാഷിദ് ഫോർ അടിച്ചു. 5 പന്തില്‍ 15. രണ്ടാം പന്തിലും ഫോർ. ജയിക്കാൻ 4 പന്തില്‍ 11 റണ്‍സ്. അടുത്ത പന്ത് ഡോട്ട്. 3 പന്തില്‍ 11 റണ്‍സ് എന്ന നിലയില്‍. അടുത്ത പന്തിലും റാഷിദ് സിംഗിള്‍ ഓടിയില്ല. 2 പന്തില്‍ 11 റണ്‍സ് എന്ന നിലയില്‍.

അഞ്ചാം പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ റാഷിദിന്റെ സിക്സ്. അവസാനം ഒരു ബോളില്‍ ജയിക്കാൻ 5. ലോ ഫുള്‍ടോസ് ബൗണ്ടറയില്‍ എത്തിക്കാൻ റാഷിദിനായില്ല. ഗുജറാത്തിന് നാലു റണ്ണിന്റെ തോല്‍വി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്തിനെതിരെ 224/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയിരുന്നു. ഋഷഭ് പന്ത് 43 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സ്റ്റബ്സ് 7 പന്തില്‍ 26 റണ്‍സാണ് നേടിയത്.

ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് പതിവു പോലെ അതിവേഗത്തില്‍ സ്കോറിംഗ് തുടങ്ങിയെങ്കിലും 14 പന്തില്‍ 23 റണ്‍സ് നേടിയ താരത്തെ സന്ദീപ് വാര്യര്‍ പുറത്താക്കുകയായിരുന്നു. അതേ ഓവറില്‍ പൃഥ്വി ഷായെ പുറത്താക്കിയ സന്ദീപ് തന്റെ അടുത്ത ഓവറില്‍ ഷായി ഹോപിനെയും പുറത്താക്കി.

44/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ പിന്നീട് മുന്നോട്ട് നയിച്ചത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്സര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടായിരുന്നു. മെല്ലെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ച ശേഷം റണ്‍റേറ്റിന് വേഗം കൂട്ടിയപ്പോള്‍ 12ാം ഓവറില്‍ ഡല്‍ഹി നൂറ് കടന്നു. 37 പന്തില്‍ നിന്ന് അക്സര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മോഹിത് ശര്‍മ്മയെ രണ്ട് സിക്സര്‍ പറത്തി ഋഷഭ് പന്ത് തന്റെ അര്‍ദ്ധ ശതകത്തിന് അടുത്തേക്കെത്തി. 16 ഓവര്‍ അവസാനിച്ചപ്പോള്‍ ഡല്‍ഹി 143/3 എന്ന നിലയിലായിരുന്നു.

അടുത്ത ഓവറില്‍ നൂര്‍ അഹമ്മദിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച ശേഷം ഹാട്രിക് സിക്സിന് ശ്രമിച്ച അക്സര്‍ പട്ടേല്‍ 43 പന്തില്‍ 66 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്. ഋഷഭ് പന്ത് 34 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. മോഹിത് ശര്‍മ്മയെ സിക്സര്‍ പറത്തിയാണ് ഋഷഭ് പന്ത് തന്റെ ഈ നേട്ടം കൈവരിച്ചത്.

19ാം ഓവറില്‍ മത്സരത്തില്‍ ആദ്യമായി സായി കിഷോറിനെ ബൗളിംഗ് ദൗത്യം ഏല്പിച്ച ഗില്ലിന്റെ തീരുമാനം പാളുന്നതാണ് പിന്നീട് കണ്ടത്. ഓവറില്‍ നിന്ന് 2 ഫോറും 2 സിക്സും ട്രിസ്റ്റന്‍ സ്റ്റബ്സ് നേടിയപ്പോള്‍ ഡല്‍ഹി 22 റണ്‍സ് നേടി തങ്ങളുടെ സ്കോര്‍ 193 റണ്‍സിലെത്തിച്ചു. അവസാന ഓവറില്‍ 31 റണ്‍സ് കൂടി വന്നപ്പോള്‍ ഡല്‍ഹി 224/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

പന്ത് അവസാന ഓവറില്‍ നാല് സിക്സും ഒരു ഫോറും നേടിയപ്പോള്‍ തന്റെ ഇന്നിംഗ്സില്‍ 8 സിക്സുകളാണ് താരം നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular