Tuesday, May 7, 2024
HomeIndiaഹേമാമാലിനി ആകേണ്ട, തന്നോട് സ്‌നേഹമില്ല; ബി ജെ പിയുടെ ഓഫര്‍ നിരസിച്ച്‌ ആര്‍ എല്‍ ഡി...

ഹേമാമാലിനി ആകേണ്ട, തന്നോട് സ്‌നേഹമില്ല; ബി ജെ പിയുടെ ഓഫര്‍ നിരസിച്ച്‌ ആര്‍ എല്‍ ഡി നേതാവ്

ലക്നൗ: ബി ജെ പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനോട് ബി ജെ പിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്നും ഹേമാമാലിനിയെ പോലെയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി) നേതാവ് ജയന്ത് ചൗധരി.

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജയന്ത് ചൗധരി ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് ഹേമാമാലിനിയെപ്പോലെ ആകേണ്ടന്നും തന്നോട് ബി ജെ പിയ്ക്ക് പ്രത്യേകിച്ച്‌ താത്പര്യങ്ങളൊന്നുമില്ലെന്നും ജയന്ത് ചൗധരി പറഞ്ഞു. മാത്രമല്ല കര്‍ഷക സമരത്തിനിടെ നിരവധി കര്‍ഷകര്‍ മരണമ‌ടഞ്ഞതിന്റെ പേരിലും ചൗധരി ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ലെഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി ജെ പിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവായ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു.

 

തിരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍ എല്‍ ഡി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ അമിത് ഷാ പരിഹസിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ജയന്ത് ചൗധരി തെറ്റായ വീട് തിരഞ്ഞെടുത്തു എന്നാണ് അമിത് ഷാ പരിഹസിച്ചത്. ഇതിന് പിന്നാലെയാണ് ബി ജെ പിയെ തള്ളിപ്പറഞ്ഞ് ചൗധരി രംഗത്തുവന്നത്. ജാട്ട് സമുദായ നേതാക്കള്‍ ജയന്ത് ചൗധരിയോട് സംസാരിക്കണമെന്നും ബി ജെ പിയുടെ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുമെന്നും ബി ജെ പി എംപിയായ പര്‍വേശ് വെര്‍മയും അറിയിച്ചിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ബന്ധം സൂചിപ്പിക്കുന്നതിനായി അഖിലേഷ് യാദവും ചൗധരിയും കഴിഞ്ഞ ജനുവരി 28ന് സംയുക്ത പത്രസമ്മേളനം വിളിച്ചുചേര്‍ക്കുകയും ബി ജെ പിക്കെതിരെ ജാഗ്രത പാലിക്കാന്‍ കര്‍ഷകരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആര്‍എല്‍ഡി-എസ്പി സഖ്യം ദൃഢമാണെന്നും അവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular