Monday, May 6, 2024
HomeEuropeയുക്രെയ്നെതിരെ യുദ്ധം തുടങ്ങി റഷ്യ; കിയവ് അടക്കം ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം, തടയുന്നവര്‍ക്ക് കനത്ത തിരിച്ചടിയെന്ന്...

യുക്രെയ്നെതിരെ യുദ്ധം തുടങ്ങി റഷ്യ; കിയവ് അടക്കം ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം, തടയുന്നവര്‍ക്ക് കനത്ത തിരിച്ചടിയെന്ന് പുടിന്‍

മോസ്കോ/കിയവ്: യുക്രെയ്നെതിരെ റഷ്യ യുദ്ധം തുടങ്ങിയതിന് പിന്നാലെ തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണം.

കിയവ് കൂടാതെ യുക്രെയ്നിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ കര്‍ക്കീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോള്‍, ഒഡേസ, സെപോര്‍സിയ എന്നിവിടങ്ങളില്‍ ആക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിയവിലെ രാജ്യാന്തര വിമനത്താവളത്തിന് 25 കിലോമീറ്റര്‍ അകലെ കിഴക്കന്‍ ഭാഗത്ത് ബോറിസ്പിലാണ് സ്ഫോടനം നടന്നത്. കിഴക്കന്‍ നഗരമായ ക്രമറ്റോസിലെ പാര്‍പ്പിട സമുച്ചയം അടക്കം രണ്ടിടത്തും തുറമുഖ നഗരമായ ഒഡേഷയിലും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

യുക്രെയ്നെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിടുകയായിരുന്നു. സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.

യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യ നിര്‍ദേശം നല്‍കി. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ യുക്രെയ്ന്‍ സൈനികരോട് ആയുധംവെച്ച്‌ കീഴടങ്ങാന്‍ പുടിന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്‍റ് പുടിന് അനുമതി നല്‍കിയിരുന്നു.

 യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന റഷ്യന്‍ സൈനിക വാഹനങ്ങള്‍

യുക്രെയ്ന്‍ തലസ്ഥാനമാ‍‍യ കിയവിലെ കര്‍ക്കീവ് അടക്കം ആറിടത്ത് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിയവിലെ ക്രമസ്റ്റോക്കിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെ വ്യോമാക്രണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റഷ്യന്‍ സൈന്യം യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്ത സാഹചര്യത്തില്‍ യുക്രെയ്ന്‍ പ്ര​സി​ഡ​ന്‍റ് വൊളോദിമിര്‍ സെ​ല​ന്‍​സ്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യന്‍ സൈന്യത്തെ സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിര്‍ സെ​ല​ന്‍​സ്കി മുന്നറിയിപ്പ് നല്‍കി. രണ്ട് ലക്ഷത്തോളം വരുന്ന റിസര്‍വ് സൈനികര്‍ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്ന് സെ​ല​ന്‍​സ്കി നിര്‍ദേശം നല്‍കി. 18-60 പ്രാ​യ​ക്കാ​രോ​ട് സൈ​ന്യ​ത്തി​ല്‍ ചേ​രാ​നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

 യുക്രെയ്ന്‍ നഗരമായ കര്‍ക്കീവിലുണ്ടായ സ്ഫോടനം

അതേസമയം, കിഴക്കന്‍ യുക്രെയ്നിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ചില വ്യോമപാതകള്‍ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയ്ന്‍ അധികൃതരുടെ നടപടി.

അതിനിടെ, യുക്രെയ്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നു. പാര്‍ലമെന്‍റ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേസമയം, യുക്രെയ്ന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. യു.എന്‍ സുരക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular