Monday, May 6, 2024
HomeEuropeഅടൂര്‍ ജനറല്‍ ആശുപത്രിവികസനത്തിന് സ്ഥലം ഏറ്റെടുക്കും

അടൂര്‍ ജനറല്‍ ആശുപത്രിവികസനത്തിന് സ്ഥലം ഏറ്റെടുക്കും

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയുടെ വികസനത്തിനായി സമീപത്തുള്ള ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഐഎച്ച്‌ആര്‍ഡി കോളജ് പ്രവര്‍ത്തിച്ചുവരുന്ന സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഓണ്‍ലൈനായി ചേര്‍ന്നു.

ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് യോഗം ചേര്‍ന്നത്.

ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പു മന്ത്രി വീണാജോര്‍ജ്, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.ആര്‍.ബിന്ദു, റവന്യുവകുപ്പു മന്ത്രി കെ.രാജന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, ഡോ. വി.വേണു, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തില്‍ ഐഎച്ച്‌ആര്‍ഡി കോളജ് മാറ്റി ക്രമീകരിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കെഐപി പദ്ധതി സ്ഥലം വിട്ടുനല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഈ ഭൂമി കൈമാറ്റ ക്രമീകരണം സാധ്യമാക്കുന്നതിന് അനുബന്ധ വകുപ്പ് സെക്രട്ടറിമാരുടെ സംയുക്തയോഗം ക്രമീകരിക്കുന്നതിന് ചീഫ്സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അടൂര്‍ ജനറല്‍ ആശുപത്രിയുടെ വികസനതടസം നീങ്ങുന്നതിനുള്ള സാഹചര്യമാണ് തെളിയുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിലവില്‍ അടൂര്‍ ജനറല്‍ ആശുപത്രി സ്ഥിതിചെയ്യുന്ന രണ്ടേക്കര്‍ സ്ഥലം പരിമിതമായിരുന്നു. ഈ സാഹചര്യത്തില്‍ സമീപത്തുള്ള ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഐഎച്ച്‌ആര്‍ഡി കോളജ് പ്രവര്‍ത്തിച്ചു വരുന്ന 1.23ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും.

പകരം കോളജിനു വേണ്ടി ജലവിഭവ വകുപ്പിന്റെ അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലുള്ള കെഐപി വക സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് യോഗം ചേര്‍ന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular