Saturday, April 27, 2024
HomeUSAയുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ്: മാറ്റങ്ങൾക്ക് സെനറ്റിന്റെ പച്ചക്കൊടി

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ്: മാറ്റങ്ങൾക്ക് സെനറ്റിന്റെ പച്ചക്കൊടി

വളരെക്കാലമായി സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പോസ്റ്റല്‍ സര്‍വീസില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്  യു സ് കോണ്‍ഗ്രസ് ഫെബ്രുവരിയില്‍ -പോസ്റ്റല്‍ സര്‍വീസ് റിഫോം ആക്ട് – ബില്‍ പാസാക്കി.  രണ്ടു പാര്‍ട്ടിയിലുമുള്ള   342 കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അനുകൂലിച്ചും 92 അംഗങ്ങള്‍ പ്രതികൂലിച്ചും  വോട്ട് ചെയ്തു.  തുടര്‍ന്ന് സെനറ്റും വന്‍ ഭൂരിപക്ഷത്തോടെ  ബില്‍ അംഗീകരിച്ചു.  79 സെനറ്റര്‍മാര്‍ അനുകൂലിച്ചും, 19 റിപ്പബ്ലിക്കന്‍  സെനറ്റര്‍മാര്‍ പ്രതികൂലിച്ചും വോട്ടുകള്‍ ചെയ്തു. പ്രസിഡണ്ട് ബൈഡന്‍ ഒപ്പ് വയ്ക്കുന്നതോടെ ബില്‍  ഔദ്യോഗികമായി അംഗീകരിക്കപ്പെടും.

1970 നുശേഷം ആദ്യമായിട്ടാണ് പോസ്റ്റല്‍ സര്‍വീസിന്റെ  പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍  ഉപകരിക്കുന്ന ഏതെങ്കിലും ബില്‍ നിലവില്‍ വരുന്നത്.  പോസ്റ്റല്‍ സര്‍വീസില്‍ അത്യാവശ്യമായിവേണ്ട പരിഷ്‌ക്കാരങ്ങള്‍ക്കും, ഓപ്പറേഷനുകള്‍ക്കും വിലങ്ങുതടിയായി നിന്നിരുന്നത്, 2006 ഡിസംബര്‍ 6 നു 109മത്തെ   റിപ്പബ്ലിക്കന്‍ ഭൂരിപഷ കോണ്‍ഗ്രസ്സ് പാസാക്കുകയും ഡിസംബര്‍ 20നു പ്രസിഡണ്ട് ജോര്‍ജ് ബുഷ് ഒപ്പുവെക്കുകയും ചെയ്ത -പോസ്റ്റല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് എന്‍ഹാന്‍സ്‌മെന്റ് ആക്റ്റ് {പി എ ഇ എ } നിമിത്തമാണ്.  പോസ്റ്റല്‍ സര്‍വീസ് ദുര്‍ബലം ആക്കി, പ്രൈവറ്റ് ബിസിനസ്സുകള്‍ക്കു ഡെലിവറി കാഴ്ച വെക്കുക എന്ന ദീര്‍ഘകാല ഗൂഢതന്ത്രമായിരുന്നു ഇത്.

1970 നുശേഷം ആദ്യമായിട്ടാണ് പോസ്റ്റല്‍ സര്‍വീസില്‍ ഗവര്‍മെന്റ്    ഇത്രമാത്രം ഇടപെടുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇരു പാര്‍ട്ടിക്കാരും പി.എ ഇ എ ബില്ലിനെ അനുകൂലിച്ചു. എന്നാല്‍ ഈ ബില്‍  പോസ്റ്റല്‍ സര്‍വീസിനെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് വലിച്ചിഴച്ചു. ഈ  ബില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇവയാണ്:- പോസ്റ്റല്‍ റേറ്റ് എത്രയെന്ന് നിശ്ചയിക്കുന്ന പോസ്റ്റല്‍ റേറ്റ് കമ്മീഷന്റെ അധികാരത്തില്‍ നിയന്ത്രണങ്ങളും മാറ്റങ്ങളും വരുത്തി; അതുനിമിത്തം മറ്റു പ്രൈവറ്റ് ബിസിനസ്സുകളുമായി മത്സരിക്കുക എന്നത് അസാധ്യമായി. യു പി എസ് പോലുള്ള പ്രൈവറ്റ് ഡെലിവറി സര്‍വീസുകള്‍ 10 ഇരട്ടി റേറ്റില്‍  ഡെലിവറി നടത്തിയപ്പോള്‍ പോസ്റ്റല്‍  സര്‍വീസ് നൂറിരട്ടി നഷ്ടത്തില്‍ ഡെലിവറി നടത്തേണ്ട ഗതികേടില്‍ എത്തി.  എംപ്ലോയീസിന്റെ  ഹെല്‍ത്ത്  പ്രീമിയം, റിട്ടയര്‍മെന്റ് പ്രീമിയം എന്നിവ കുറഞ്ഞത് 50 വര്‍ഷത്തേക്കുള്ളത് മുന്‍കൂര്‍ അടയ്ക്കണം, മറ്റു ഗവണ്‍മെന്റ്  ഏജന്‍സികള്‍ക്കൊന്നും ഈ  നിയമം ബാധകം ആയിരുന്നില്ല. പോസ്റ്റല്‍ റേറ്റ് കൂട്ടുന്നത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടാന്‍ പാടില്ല.  6 ദിവസവും തപാല്‍ വിതരണം ഉണ്ടായിരിക്കണം.

ബൈ പാര്‍ട്ടീഷന്‍   പങ്കാളിത്തം ഈ ബില്ലിന് ഉണ്ടായിരുന്നെങ്കിലും 2008 ല്‍ വരുന്ന തിരഞ്ഞെടുപ്പില്‍  ജയിക്കാനുള്ള തന്ത്രമായിരുന്നു ഈ ബില്‍. ഫെഡറല്‍ ഡെഫിസിറ്റിലെ വന്‍ വിടവ് നികത്തുവാന്‍ പോസ്റ്റല്‍ സര്‍വീസില്‍നിന്നും പണം മുന്‍കൂര്‍ ചോര്‍ത്തുക എന്ന തന്ത്രം. കസ്റ്റംസും പോസ്റ്റല്‍ സര്‍വീസും  നികുതിപ്പണം കൊണ്ട് ഓപ്പറേഷന്‍ നടത്തുന്നവയല്ല. പോസ്റ്റല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍നിന്നും  ലഭിക്കുന്ന ലാഭമാണ് പോസ്റ്റല്‍ സര്‍വീസ് ഡെയ്‌ലി ഓപ്പറേഷന് ഉപയോഗിക്കുന്നത്. പൊതുജനത്തില്‍നിന്നും പിരിക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് പോസ്റ്റല്‍ സര്‍വീസ് പ്രവര്‍ത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ ഭൂരിപക്ഷം ജനങ്ങള്‍ക്കു  മാത്രമല്ല പല കോണ്‍ഗ്രസ്സ് – സെനറ്റ് അംഗങ്ങള്‍ക്കും ഇന്നുമുണ്ട്.

ഈ ബില്‍ നിമിത്തം 2007 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 63 ബില്യണ്‍ ഡോളര്‍ പോസ്റ്റല്‍ സര്‍വീസിന് നഷ്ടപ്പെട്ടു. റിട്ടയര്‍ ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള പ്രീമിയം പോസ്റ്റല്‍ സര്‍വീസ്  മാത്രം ട്രെഷറിയില്‍ മുന്‍കൂര്‍ അടയ്ക്കണം എന്ന നിയമം നിമിത്തം 59 ബില്യണ്‍ ഡോളര്‍ നഷ്ടമായി. മറ്റു ഗവണ്‍മെന്റ്  ഏജന്‍സിയിലെ എംപ്ലോയീസിന്റെ  റിട്ടയര്‍മെന്റിന് വേണ്ട പണം; പോസ്റ്റല്‍ സര്‍വീസില്‍നിന്നും പിരിക്കുന്ന ഈ മുന്‍കൂര്‍ ഫണ്ടില്‍നിന്നുമാണ്  ട്രെഷറി ഉപയോഗിക്കുന്നത്.  2019 ആയപ്പോള്‍ പോസ്റ്റല്‍ സര്‍വീസിന്റെ കടബാധ്യത 161 ബില്യണ്‍ ഡോളറില്‍ എത്തി. ഇന്റര്‍നെറ്റ് വളര്‍ച്ച, പൊതു  സാമ്പത്തിക മാന്ദ്യം [റിസഷന്‍], 2006 ലെ  97 ബില്യണില്‍നിന്നും 2012 ല്‍  68 ബില്യണിലേക്കു താഴ്ന്ന തപാല്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗ കുറവ്, എംപ്ലോയികള്‍ക്കു ശമ്പള വര്‍ദ്ധന കൊടുക്കാതെതന്നെ   ഓരോ വര്‍ഷവും 5.5 ബില്യണ്‍ ഡോളര്‍ കമ്മി വരുമാനം, എന്നിവ നിമിത്തം 2012 മുതല്‍ മുന്‍കൂര്‍ പണം ട്രെഷറിയില്‍ അടയ്ക്കാന്‍ പോസ്റ്റല്‍ സര്‍വീസിന് സാധിച്ചില്ല. 2019 ല്‍ കോവിഡ് പ്രചരിച്ചതോടെ പോസ്റ്റല്‍ ഉല്‍പ്പന്നങ്ങളുടെ കച്ചവടവും വളരെ കുറഞ്ഞു. ഇവയൊക്കെയാണ് പോസ്റ്റല്‍ സര്‍വീസിനെ ഇപ്പോളത്തെ സാമ്പത്തിക ഘട്ടത്തില്‍ എത്തിച്ചത്. യാതൊരുവിധ മുന്‍കൂര്‍ കാഴ്ചപ്പാടോ കരുതലുകളോ കണക്കാക്കാതെ 2006 ല്‍ പാസ്സാക്കിയ ബില്‍ പോസ്റ്റല്‍ സര്‍വീസിനെ നശിപ്പിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും  വിഡ്ഢിത്തരം നിറഞ്ഞ മറ്റൊരു  ബില്‍ ഉണ്ടായിട്ടില്ല. ഫെഡറല്‍ ഡെഫിസിറ്റിലെ ഓട്ട  പെട്ടന്ന് അടയ്ക്കാന്‍ കൊണ്ടുവന്ന  കുതന്ത്രം എന്ന് വ്യക്തം.

 2006 ലെ അമളിയും അബദ്ധവും തിരുത്താനാണ് 2021 ല്‍ അവതരിപ്പിച്ച -യു എസ് പി എസ് ഫെയര്‍നെസ് ആക്റ്റ്- അഥവാ -ദി പോസ്റ്റല്‍ സര്‍വീസ് റിഫോം ആക്റ്റ്- ഇവയിലെ മാറ്റങ്ങള്‍ : റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി മുന്‍കൂര്‍ പ്രീമിയം ട്രെഷറിയില്‍ അടയ്‌ക്കേണ്ട. മെഡിക്കെയര്‍ ലഭിക്കാന്‍ യോഗ്യര്‍ ആകുമ്പോള്‍ റിട്ടയറികള്‍ യു എസ് പി എസ് ഹെല്‍ത്ത്‌കെയറില്‍നിന്നും മാറി മെഡിക്കെയര്‍ എടുക്കണം. ഈ പുതിയ നിയമംനിമിത്തം അടുത്ത പത്തുവര്‍ഷംകൊണ്ടു 50 ബില്യണ്‍ ഡോളര്‍ പോസ്റ്റല്‍ സര്‍വീസിന് ലാഭിക്കാം.  6 ദിവസവും തപാല്‍ വിതരണം ഉണ്ടായിരിക്കും.  ഓരോ സിപ്പ് കോഡിലും മെയില്‍ എപ്പോള്‍ വിതരണം ചെയ്യുന്നു എന്ന ഡാറ്റ നാഷണല്‍ അടിസ്ഥാനത്തില്‍ ദൃശ്യം ആയിരിക്കും. പോസ്റ്റല്‍ സര്‍വീസിന്റെ മേല്‍നോട്ടം ഉള്ള  ഹൗസ് ഓവര്‍ സയിറ്റ് കമ്മറ്റി റിപ്പബ്ലിക്കന്‍സ് ഭരിച്ചിരുന്നതിനാലാണ് പോസ്റ്റല്‍ സര്‍വീസിനെ രക്ഷിക്കാന്‍ ഇത്രയും താമസിച്ചത്. പോസ്റ്റല്‍ സര്‍വീസ് പിരിച്ചുവിടുക. മെയില്‍ വിതരണം പ്രൈവറ്റ് ഏജന്‍സികള്‍ക്കു കൊടുക്കുക എന്നൊക്കെയായിരുന്നു അവരുടെ പ്ലാന്‍.

പോസ്റ്റല്‍ ഫെയര്‍നെസ് ആക്റ്റ് ബില്ലിലൂടെ പോസ്റ്റല്‍ സര്‍വീസിന് ന്യായമായ അവകാശങ്ങള്‍ ലഭിച്ചു എന്ന് അനുമാനിക്കാം. അനേകം പോസ്റ്റല്‍ ജീവനക്കാരുടെ ജോലി സുരഷിതമായി എന്ന് കരുതാം. അതിലൊക്കെ ഉപരി അമേരിക്കയുടെ എല്ലാ ഭാഗത്തും ഗ്രാന്‍ഡ് കാനിയനില്‍ പോലും എല്ലാവര്‍ക്കും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ ഓരോ വീട്ടിലും എത്തിക്കുവാനുള്ള പോസ്റ്റല്‍ സര്‍വീസിന്റെ കഴിവ്, പൊതുജന സേവനത്തിന് ഉപകരിക്കും.

1775 ല്‍ ആരംഭിച്ച പോസ്റ്റല്‍ സര്‍വീസ്; ഫെഡറല്‍ ഏജന്‍സികളില്‍ ഏറ്റവും പഴക്കമുള്ള സര്‍വീസുകളില്‍പെടും.  എന്നാല്‍ നികുതിദായകരുടെ നികുതി ഉപയോഗിക്കാതെ സ്വന്തമായി ഉണ്ടാക്കുന്ന വരുമാനംകൊണ്ടു പൊതു സേവനം നടത്തുന്ന ഏക ഫെഡറല്‍ ഏജന്‍സിയും പോസ്റ്റല്‍ സര്‍വീസ് ആണ്.
പോസ്റ്റല്‍ സര്‍വീസ് പ്രൈവറ്റ് ആക്കിയാല്‍ ഒരു ലെറ്റര്‍ അയയ്ക്കാന്‍  കുറഞ്ഞത് 5 ഡോളര്‍ കൊടുക്കണം.
പ്രൈവറ്റ് ബിസിനസ്സുകള്‍ ആയ;യുപിഎസ്, ഫെഡറല്‍ എക്‌സ്പ്രസ്സ് ഇവയുടെ ഇപ്പോളത്തെ റേറ്റ് നോക്കുക. ഇന്ന്  ഏറ്റവും സുരഷിതമായി വിവിധതരം മെയില്‍ അയക്കുവാനുള്ള ഏജന്‍സിയാണ് യു എസ് പോസ്റ്റല്‍ സര്‍വീസ്. മെഡിക്കല്‍ കിറ്റുകള്‍ മാത്രമല്ല കോഹിനൂര്‍ ഡയമണ്ട് പോലും പോസ്റ്റല്‍ സര്‍വീസിലൂടെ അയയ്ക്കാം. എന്നാല്‍, ചില കുറ്റവാളികള്‍ ഈ  ഡിപ്പാര്‍ട്ട്‌മെന്റിലും ഉണ്ട്.   ഗ്രാന്‍ഡ് കാനിയനില്‍ കഴുതയെയും ഫ്‌ലോറിഡയില്‍ ബോട്ടും ഉപയോഗിച്ചും അരിസോണയില്‍ നൂറു കണക്കിന് മൈല്‍ ദൂരത്തും  എല്ലാ ഭവനങ്ങളിലും എന്ന് ലാഭം ഇല്ലാതെ നഷ്ടം സഹിച്ചു പോസ്റ്റല്‍ സര്‍വീസ്; മെയില്‍ വിതരണം ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ മൂന്നു ദിവസം കൊണ്ട് എത്തേണ്ട പ്രയോറിറ്റി മെയില്‍ പോലും മുപ്പതു ദിവസം കഴിഞ്ഞാലും ഡെലിവറി നടത്താത്ത അവസ്ഥയില്‍ എത്തി. എങ്കില്‍ തന്നെയും; കുറഞ്ഞ റേറ്റില്‍ മെയില്‍ അയക്കാന്‍ പോസ്റ്റല്‍ സര്‍വീസ് തന്നെയാണ് മുന്‍നിരയില്‍. മെയില്‍ ഡെലിവറി പ്രൈവറ്റ് ആക്കിയാല്‍ നഷ്ടം സഹിച്ച്  ആരും മെയില്‍ ഡെലിവറി നടത്തുകയില്ല.  ചില രാഷ്ട്രീയ അബദ്ധ ധാരണകള്‍ നിമിത്തം പോസ്റ്റല്‍ സര്‍വീസ് പ്രൈവറ്റ് ആക്കണം എന്ന്  ഘോഷിക്കുന്നവര്‍ ഇവയൊക്കെ ഓര്‍ക്കുക.

വളരെ താമസിച്ചാണെങ്കിലും നിര്‍ണ്ണായകമായ പോസ്റ്റല്‍ റിഫോം നടപ്പാക്കിയത് പൊതുജനത്തിന്റെ  വിജയമാണ്. രണ്ടു പാര്‍ട്ടികളും രാഷ്ട്രീയം മാറ്റിവച്ചു മുന്നോട്ടു വന്നു, ഇത്തരം പ്രവണത ഇനിയും ആവര്‍ത്തിക്കുകയും തുടരുകയും ചെയ്താല്‍; ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ബില്ലുകള്‍ പോലെ അമേരിക്കയെ പുരോ ഗതിയിലേക്കു നയിക്കുന്ന ബില്ലുകള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

എന്നാല്‍ ഈ ബില്ലുകൊണ്ട് പോസ്റ്റല്‍ സര്‍വീസിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന് തെറ്റിദ്ധരിക്കരുത്. ഇത്രയും വിപുലമായ ഈ  ഏജന്‍സിക്കു കൂടുതല്‍ ഉത്തരവാദിത്തം ഉള്ള നേതൃത്വവും ജോലിക്കാരും വേണം. പഴകിയ വാഹനങ്ങള്‍ മാറ്റി പുതിയത് ഡെലിവറിക്ക് വേണം. ലാഭകരമായി മുന്നോട്ടു പോകുവാന്‍ പോസ്റ്റല്‍ റേറ്റ് കൂട്ടണം. ”കാറ്റ് അടിച്ചാലും മഴവന്നാലും മഞ്ഞു വീണാലും ഞങ്ങള്‍ മെയില്‍ ഡെലിവറി ചെയ്യും എന്നത് മാറ്റി മെയില്‍ ഡെലിവറി നടത്തുന്ന വ്യക്തികളുടെയും വാഹനങ്ങളുടെയും സുരഷിതത്വം കൂടി ഉറപ്പാക്കണം. സേഫ്റ്റി ഫസ്റ്റ്- എന്നത് കണക്കാക്കി അപകടകരമായി മെയില്‍ ഡെലിവറി നടത്തുന്നത്  നിര്‍ത്തലാക്കണം. വാഹനങ്ങളുടെയും വ്യക്തികളുടെയും അപകടം വന്‍ നഷ്ടം ഉണ്ടാക്കുന്നു.  അപകടകരമായ കാലാവസ്ഥയില്‍ മെയില്‍ ഡെലിവറി ചുരുക്കുവാനും നിയന്ത്രിക്കാനുമുള്ള തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്രം പ്രാദേശികം ആക്കണം. ഇന്ന് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് ദേശീയ നിലവാരത്തിലാണ്.  9 / 11 ദിവസം പോലും ന്യൂയോര്‍ക്കില്‍ മെയില്‍ ഡെലിവറി നിര്‍ത്തലാക്കാന്‍ ഹെഡ് കോര്‍ട്ടേഴ്സ് വിസമ്മതിച്ചു; മാത്രമല്ല ന്യൂയോര്‍ക്ക് പ്രദേശങ്ങളില്‍ മെയില്‍ ഡെലിവറി നിര്‍ത്തലാക്കിയതിനു ഏരിയ മാനേജരെ ഡിസിപ്ലിന്‍ ചെയ്തു   എന്നതാണ് സത്യം. എന്നിട്ടും 2020 ഇലക്ഷനില്‍ പോസ്റ്റല്‍ വോട്ടുകള്‍ താമസിച്ചു എത്തിയതിനു ഉത്തരവാദിത്തം  ഉള്ളവര്‍  രാഷ്ട്രീയ ബലത്തില്‍  ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു, അഥവാ രക്ഷിക്കപ്പെട്ടു  എന്നത് മറ്റൊരു സത്യം. പോസ്റ്റല്‍ സര്‍വീസ് പൊതുജന സേവനത്തിനു വേണ്ടിയുള്ളതാണ്. രാഷ്ട്രീയക്കാര്‍ക്ക് കുതിരകളി നടത്തുവാനുള്ള വേദിയാക്കി മാറ്റരുത്.

6 ദിവസം ഡെലിവറി ആവശ്യമില്ല. ബിസിനസ്സുകള്‍ക്കു 5 ദിവസം, വീടുകള്‍ക്ക് 3 ദിവസം, പാര്‍സല്‍ ഡെലിവറി 7 ദിവസവും എന്ന ക്രമത്തില്‍ ആക്കിയാല്‍ ഡെലിവറി ട്രക്കുകള്‍ ഉപയോഗിക്കുന്ന ഇന്ധനം, അറ്റകുറ്റ പണികള്‍, എംപ്ലോയീസിന്റെ  ഓവര്‍ ടൈം, അവരുടെ ആരോഗ്യം എന്നിവയിലൂടെ പോസ്റ്റല്‍ സര്‍വീസിനെ  കൂടുതല്‍ കാര്യക്ഷമതയുള്ള ഏജന്‍സിയാക്കി മാറ്റാന്‍ സാധിക്കും.
പോസ്റ്റല്‍ യൂണിയനുകള്‍, ആമസോണ്‍, ഗ്രീറ്റിങ് കാര്‍ഡ് അസോസിയേഷന്‍, ഹാള്‍മാര്‍ക് മുതലായ ബിസിനസ്സുകള്‍, മറ്റു ചെറുകിട ബിസിനസുകള്‍ ഒക്കെ സ്വാഗതം ചെയ്യുന്ന ഈ ബില്‍ അവതരിപ്പിക്കുകയും നിയമം ആക്കി മാറ്റിയ സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്സ് അംഗങ്ങള്‍, ബൈഡന്‍ ഭരണകൂടം എന്നിവര്‍ക്കും നന്ദി. നിങ്ങള്‍ എല്ലാവരും രാഷ്ട്രത്തിന്റെ  ഉന്നതിക്കുവേണ്ടി ലോക ജനതയുടെ ഉന്നതിക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷകളോടെ !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular