Thursday, May 2, 2024
HomeUSAഅഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് ഭരണം വേണമെന്ന് ആലഞ്ചേരി പക്ഷം

അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് ഭരണം വേണമെന്ന് ആലഞ്ചേരി പക്ഷം

സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭൂമി കുംഭകോണം പുറത്തുവന്നതു മുതല്‍ തുടങ്ങിയ ഭരണപ്രതിസന്ധി പുതിയ തലത്തിലേക്ക്. ഭൂമി തട്ടിപ്പ് കേസില്‍ പ്രതിയായതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അധികാരത്തില്‍ നിന്ന് മാറ്റിയ വത്തിക്കാന്‍, പാലക്കാട് ബിഷപ് ആയിരുന്ന ജേക്കബ് മനത്തോടത്തിന് അധികാരം കൈമാറിയത് പഴയ കഥ. ഭൂമി തട്ടിപ്പ് അന്വേഷിച്ച കെ.പിഎം.ജി റിപ്പോര്‍ട്ടി വത്തിക്കാന് കൈമാറി മനത്തോടത്ത് ചുമതല പുര്‍ത്തിയാക്കിയതോടെ അരമനയിലെ അധികാരം പിടിക്കാന്‍ തിരിച്ചെത്തിയ കര്‍ദിനാള്‍, കൂടെകൊണ്ടുവന്നത് അധികാരത്തിന്റെ അപ്പകഷ്ണത്തിനായി മാതൃരൂപതയെ   വഞ്ചിച്ച ചില മാന്യന്മാരെ.

മാര്‍ ആലഞ്ചേരി വീണ്ടും അധികാരത്തിനു പുറത്തായപ്പോള്‍ പകരം ചുമതലയേറ്റ മാര്‍ ആന്റണി കരിയിലിനെ വരുതിയിലാക്കാനായിരുന്നു ആദ്യ ശ്രമം. ഏതുവിധേനയും സിനഡിന്റെ വരുതിയിലാക്കി അവരുടെ ഇംഗിതങ്ങള്‍ എറണാകുളത്ത് അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമായായിരുന്നു അവര്‍ കരിയിലിനെ കണ്ടത്. ആദ്യമൊക്കെ സിനഡിന് വഴങ്ങിയ മാര്‍ കരിയില്‍ പിന്നീട് എറണാകുളത്തെ വിശ്വാസികളുടെയും വൈദികരുടെയും വികാരം ഉള്‍ക്കൊണ്ട് ഒപ്പംനിന്നു. കര്‍മ്മംകൊണ്ട് സിഎംഐ സഭാംഗമാണെങ്കിലും ജന്മംകൊണ്ട് എറണാകുളം രൂപതാംഗമായ അദ്ദേഹം അതിനുള്ള കൂറുകാണിക്കുകയായിരുന്നു.

ഇതോടെ മാര്‍ കരിയിലിനെ ഏതു വിധേനയും അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള  തന്ത്രങ്ങളാണ് ‘തോമാക്കുന്ന്’ എന്ന് വിശ്വാസികള്‍ പരിഹസിക്കുന്ന സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ ഓരോ ദിവസവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എറണാകുളത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ കരിയിലിന് കഴിവില്ല എന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സിനഡിലെ ചിലരുടെ അഭിപ്രായം. മാര്‍ കരിയിലിനെ മാറ്റി തങ്ങളുടെ കുതന്ത്രങ്ങള്‍ അവിടെ അടിച്ചേല്‍പ്പിക്കാന്‍ പറ്റുന്നവര്‍ക്കായി അവര്‍ നറുക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അറിയുന്നു.

എറണാകുളത്ത് ഭിന്നതയുടെ വിത്ത് വിതച്ച വിരമിച്ച ബിഷപ് മാര്‍ തോമസ് ചക്യത്താണ് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ് ആയി വീണ്ടും അധികാര കസേരയിലിരിക്കാന്‍ ഒരു ഭാഗത്ത് പയറ്റുന്നതത്രെ. ഏകീകൃതമെന്ന പേരില്‍ സിനഡ് അടിച്ചേല്‍പ്പിക്കുന്ന അള്‍ത്താര അഭിമുഖ കുര്‍ബാന  അര്‍പ്പിക്കാന്‍ പല വൈദികരേയും അദ്ദേഹം നേരിട്ട് വിളിച്ച് അനുനയിപ്പിക്കല്‍ തുടരുകയാണ്. രൂപതയിലെ 500 ഓളം വരുന്ന വൈദികരില്‍ പ്രത്യക്ഷ പ്രക്ഷോഭത്തിന് രംഗത്ത് വരാത്ത വലിയൊരു വിഭാഗം വൈദികരേയും അദ്ദേഹം അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു. നിങ്ങള്‍ക്ക് അങ്ങ് സിനഡിനെ അനുസരിച്ചുകൂടേ, കുറച്ചുസമയം തിരിഞ്ഞുനിന്നാല്‍ കിട്ടാന്‍ പോകുന്ന വലിയ ഓഫറുകളാണ് ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. അതിരൂപതയിലെ വൈദികരെ അനുനയിപ്പിച്ചുകൊണ്ടുപോകാന്‍ കഴിവുള്ളയാള്‍ എന്ന ഖ്യാതിവരുത്തി അഡ്മിനിസ്‌ട്രേറ്റര്‍ ആകാമെന്നാണ് മോഹം.

മുന്‍പ് ഇദ്ദേഹം എറണാകുളത്ത് സഹായ മെത്രാനായിരിക്കേയാണ് എല്ലാവിധ വിഭാഗീയതയ്ക്കും വിത്തുപാകിയത്. മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തതോടെ ‘സഹായം’ പദവിയില്‍ നിന്ന് പ്രോമോഷന്‍ കിട്ടുമെന്ന് കരുതിയ ഇദ്ദേഹത്തിന്റെ ആ മോഹം തകര്‍ത്തുകളഞ്ഞത് അതിരൂപതയിലെ വൈദികരായിരുന്നു. വിരമിക്കല്‍ പ്രായമായ 75 കഴിഞ്ഞിട്ടും അരമന വിടാന്‍ തയ്യാറാകാതിരുന്ന അദ്ദേഹത്തെ ,  ആവശ്യങ്ങൾ അംഗീകരിച്ചാണ് അരമനയില്‍ നിന്ന് വിശ്രമത്തിനു വിട്ടതെന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യം.

മാര്‍ വിതയത്തിലിന്റെ കാലത്തു തന്നെ സ്വതന്ത്ര ചുമതലയുള്ള മെത്രാനാകാന്‍ ഇദ്ദേഹം  പണി പതിനെട്ടും പയറ്റിയിരുന്നു. അതിരൂപതയെ വിഭജിച്ച് അങ്കമാലി ആസ്ഥാനമാക്കി പുതിയ രൂപതയുണ്ടാക്കി വാഴാനായിരുന്നു മോഹം. അതും വൈദികരും വിശ്വാസികളും ചേര്‍ന്ന് പൊളിച്ചുകൊടുത്തു.

അഡ്മിനിസ്‌ട്രേറ്റീവ് ഭരണം പിടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന മറ്റൊരു പേരാണ്  മുന്‍ അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ് മനത്തോടത്ത്. ജന്മംകൊണ്ട് എറണാകുളം അതിരൂപതാംഗം. പാലക്കാട് രൂപത ബിഷപായി വിരമിച്ച ഇദ്ദേഹത്തിന് വിശ്രമ ജീവിതം എറണാകുളത്തെ വൈദിക മന്ദിരങ്ങളില്‍ നയിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ അധികാരത്തിലിരിക്കേ നടത്തിയ കുത്തിത്തിരിപ്പുകള്‍ ഓര്‍മ്മയുണ്ടായിരുന്ന വൈദികര്‍ ആ ഏരിയയിലേക്ക് അടുപ്പിച്ചില്ല. എറണാകുളത്തെ അരമനയിലേക്ക് കണ്ണും നട്ട് സിനഡിന്റെ ഒരു കോണില്‍ അദ്ദേഹവും കുത്തിയിരിപ്പുണ്ട്.

ഇദ്ദേഹം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കേയാണ് വ്യാജരേഖാ വിവാദം ഉയര്‍ന്നുവരുന്നത്. തങ്ങളുടെ പക്കല്‍ കിട്ടിയ ചില രേഖകള്‍, അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ അതിരൂപതയുടെ ഭരണകര്‍ത്താവായ മാര്‍ മനത്തോടത്തിനെ ഏല്പിച്ച വൈദികര്‍ക്ക് ലഭിച്ചത്  ക്രിമിനല്‍ കേസായിരുന്നു. വൈദികര്‍ വിശ്വസിച്ചേല്‍പ്പിച്ച കടലാസുകള്‍ നേരെ   കൈമാറി . ആ രേഖകള്‍ ചുറ്റിക്കറങ്ങി തിരികെ തോമാക്കുന്നില്‍ എത്തുമെന്ന് അത് പടച്ചുവിട്ടവര്‍ക്ക് തന്നെ അറിയാമായിരുന്നു.

പിന്നെ, ചെയ്ത നന്മകള്‍ മറക്കാനും പറ്റില്ല. കെ.പി.എം.ജി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാതെ നേരെ വത്തിക്കാനിലെത്തിച്ചുവെന്നത് അദ്ദേഹത്തിന്റെ കഴിവുതന്നെയാണ്. അത് പഠിച്ചാണ് വത്തിക്കാന്‍, ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് നഷ്ടം വന്നുവെന്നും അത് വരുത്തിവച്ചവര്‍ (മാര്‍ ആലഞ്ചേരി) അതിരുപതയോട് പ്രായശ്ചിത്തം ചെയ്യണമെന്നും അത് നടപ്പാക്കണമെന്നും രണ്ടു വര്‍ഷം മുന്‍പ് മാര്‍പാപ്പ സിനഡിന് നിര്‍ദേശം നല്‍കിയത്. മാര്‍പാപ്പയുടെ ആ കല്പനയെ കുറിച്ച് മാത്രം സിനഡിന് ഒരു ഓര്‍മ്മയുമില്ല. മാര്‍പാപ്പ അയച്ചതും അയച്ചതെന്ന് അവര്‍ പറയുന്നതുമായ ബാക്കി എല്ലാ കത്തുകളും സിനഡിന് മനപാഠമാണ്.

മുന്‍പ്, ഒരു ബിഷപ്പിനെതിരെ അന്വേഷണത്തിന് വത്തിക്കാന്‍ നിയോഗിച്ച കമ്മീഷനായിരുന്ന ഒരു കാനോനിക വിദഗ്ധന് മാര്‍ ആലഞ്ചേരിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തിരുത്തി വത്തിക്കാന് കൊടുക്കേണ്ടിവന്നിരുന്നുവെന്നും പറയുന്നു. അന്ന് യഥാര്‍ത്ഥ റിപ്പോര്‍ട്ട് കൊടുത്തിരുന്നുവെങ്കില്‍  ആരോപണ വിധേയൻ ളോഹ ഊരി ബ്രോക്കര്‍ പണിയുമായി നടക്കുന്നത് നാട്ടുകാര്‍ക്ക് കാണാമായിരുന്നു. വത്തിക്കാനില്‍ തിരുത്തിയ റിപ്പോര്‍ട്ട് നല്‍കിയ ഈ വൈദികന്‍ പിന്നീട് കാന്‍സര്‍ ബാധിതനായി ആശുപത്രിയില്‍ കിടക്കവേ മരണമൊഴിയായി ചില വൈദികരോടാണ് ആ രഹസ്യം പങ്കുവച്ചത്. ‘തന്റെ വൈദിക ജീവിത്തില്‍ സംഭവിച്ച ഗുരുതര തെറ്റ്   ഏറ്റുപറഞ്ഞ് അദ്ദേഹം ഈ ലോകത്തുനിന്ന വിടപറഞ്ഞു എന്നത് അധികമാര്‍ക്കും അറിയാത്ത ചരിത്രം.

വികാരി ജനറാള്‍  ഫാ. ജോസ് പുതിയേടത്താണ്    എറണാകുളത്തെ ഭരിക്കാന്‍ കാത്തിരിക്കുന്ന മറ്റൊരാൾ.  അരമനയില്‍ നിന്ന് സഹായ മെത്രാന്മരെ അടിച്ചിറക്കി മാര്‍ ആലഞ്ചേരി അധികാരം പിടിച്ചെടുത്തപ്പോള്‍ ആലുവ സെന്റ് ഡൊമനിക് പള്ളി വികാരിയായിരുന്ന ഇദ്ദേഹം രാത്രിയില്‍ പള്ളി ഭരണം ഇട്ടെറിഞ്ഞ് അരമനയിലെത്തി വികാരി ജനറാളായി ചുമതലയേല്‍ക്കുകയായിരുന്നു. അന്ന് വികാരി ജനറാള്‍ ആയിരുന്ന വൈദികന്‍ ഈ സമയം മംഗലാപുരത്ത് ഒരു സെമിനാറില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. അരമനയിലേക്ക് ഇനി തിരിച്ചുവരേണ്ടെന്നും ആലുവ പള്ളിയില്‍ വേണമെങ്കില്‍ പോയിരുന്നോ എന്നായിരുന്നു ആലഞ്ചേരിയുടെ കല്പന. കയ്യിലുണ്ടായിരുന്ന പെട്ടിയുമായി അദ്ദേഹം ആലുവയിലിറങ്ങിയത് മറ്റൊരു കഥ.

ലോകപ്രശസ്ത വചന പ്രഘോഷകനും കരിസ്മാറ്റിക് ധ്യാനഗുരുമായിരുന്ന ഫാ.ജോസഫ് കുറുപ്പംപറമ്പില്‍ സ്ഥാപിച്ച ജെ.കെ ബില്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ കടന്നുകൂടിയ ഫാ. പുതിയേടം, ജോസഫ് കുറുപ്പംപറമ്പിലിന്റെ മരണത്തിനു ശേഷം ട്രസ്റ്റിന്റെ രക്ഷാധികാരിയായി.   ഇദ്ദേഹത്തിന്റെ കാലത്ത് ട്രസ്റ്റിന്റെ പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങള്‍ തേടിയും മറ്റും  ട്രസ്റ്റ് അംഗങ്ങള്‍ വക്കീല്‍നോട്ടീസ് അയച്ചിരുന്നു. അതിനു തൃപ്തികരമായ മറുപടി കിട്ടാതെ വന്നതോടെ പരാതി ചേര്‍ത്തല കോടതിക്കു മുമ്പാകെ എത്തി.

ചുരുക്കത്തില്‍, സിറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ രൂപത, ഇന്ത്യയിലെ കത്തോലിക്കാ രുപതകളില്‍ രണ്ടാം സ്ഥാനത്തുള്ളത്. വടക്ക് തൃശൂര്‍ കൊരട്ടി മുതല്‍ തെക്ക് േചര്‍ത്തല മരുത്തോര്‍വട്ടം വരെയും കിഴക്ക് കോട്ടയം തലയോലപ്പറമ്പ് മുതല്‍ പടിഞ്ഞാറ് എറണാകുളം ഞാറയ്ക്കല്‍-പറവൂര്‍ വരെ പടര്‍ന്നുകിടക്കുന്ന അതിവിശാലമായ രൂപത.  16 ഫൊറോനകള്‍, പള്ളികളും കുരിശുപള്ളികളുമായി 332 ആരാധനാലയങ്ങള്‍, 1,15,069 കത്തോലിക്കാ കുടുംബങ്ങള്‍, അഞ്ചു ലക്ഷത്തോളം വിശ്വാസികള്‍, 500ലേറെ വൈദികര്‍, 10,000ലേറെ സന്യസ്തര്‍, നൂറുക്കണക്കിന് സ്ഥാപനങ്ങള്‍. എല്ലാ വിധത്തിലും സമ്പന്നമായ രൂപത.

അധികാരത്തിന്റെ അപ്പക്കഷ്ണം പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച പലരും ഈ അതിരൂപതയെ മൂന്നായി വെട്ടിമുറിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനുള്ള ഗൂഢാലോചനയാണ് തോമാക്കുന്നിലെ പ്രധാന ചര്‍ച്ചയെന്നാണ് അറിയാന്‍ കഴിയുന്നത്. ഓഗസ്റ്റില്‍ നടക്കുന്ന സിനഡിലറിയാം ഈ അതിരുപതയുടെ ഭാവിയും ആര്‍ക്കൊക്കെ തൊപ്പിയും വടിയും ലഭിക്കുമെന്നതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular