ദോഹ: വിശുദ്ധ റമദാനിലെ പുണ്യങ്ങളുടെ പൂക്കാലമായ അവസാന പത്തില്‍ പള്ളികളില്‍ ഇഅ്തികാഫിന് ഒരുങ്ങുന്ന വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കി ഔഖാഫ് മതകാര്യ മന്ത്രാലയം.183 പള്ളികളിലാണ് ഇഅ്തികാഫിന് സൗകര്യമൊരുക്കിയത്.
ഇവയുടെ പട്ടിക മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാര്‍ഥനകളും ആരാധനാ കര്‍മങ്ങളുമായി വിശ്വാസികള്‍ കൂടുതല്‍ സമയവും പള്ളികളില്‍ തന്നെ താമസിക്കുന്നതാണ് ഇഅ്തികാഫ്.15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇഅ്തികാഫിന് അനുമതി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.
അതേസമയം 8 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇഅ്തികാഫിന് അനുമതിയില്ല. പട്ടികയിലുള്ള 183 പള്ളികളില്‍ മാത്രമാണ് ഇഅ്തികാഫിന് അവസരം നല്‍കുക.വ്യക്തിശുചിത്വം പാലിക്കണമെന്നും പള്ളികളിലെത്തുന്ന മറ്റ് വിശ്വാസികളെ ശല്യപ്പെടുത്തരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഉറക്കവും ഭക്ഷണം കഴിക്കലുമെല്ലാം അതിനായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമായിരിക്കണം.