Monday, May 6, 2024
HomeKeralaഏഴു പവന്റെ നെക്‌ലേസിന് 95 ശതമാനം ഡിസ്‌കൗണ്ട്, 16 വിദേശ യാത്രകള്‍, ചൈനയില്‍ കുടുംബസമേതം കറങ്ങിയത്...

ഏഴു പവന്റെ നെക്‌ലേസിന് 95 ശതമാനം ഡിസ്‌കൗണ്ട്, 16 വിദേശ യാത്രകള്‍, ചൈനയില്‍ കുടുംബസമേതം കറങ്ങിയത് പ്രവാസി പ്രമുഖന്റെ ചെലവില്‍, ഈ കസേര തെറിച്ചത് വെറുതെയല്ല

തിരുവനന്തപുരം: പ്രമുഖ ജുവലറിയില്‍ നിന്ന് ഏഴു പവന്റെ നെക്‌ലേസ് 95ശതമാനം ഡിസ്‌കൗണ്ടില്‍ വാങ്ങിയെടുത്തതും ഖത്തറിലെ വ്യവസായിയുടെ ചെലവില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ചൈനയില്‍ സുഖവാസം നടത്തിയതും തുടരെത്തുടരെയുള്ള 16 വിദേശയാത്രകളുമാണ് വിജിലന്‍സ് മേധാവിയായിരുന്ന ഡി.ജി.പി സുധേഷ്‌കുമാറിന്റെ കസേര തെറിപ്പിച്ചത്.

ഹൈക്കോടതിയില്‍ ഹര്‍ജി വന്നതോടെ അഴിമതിക്കുറ്റത്തിന് വിജിലന്‍സ് കേസെടുക്കേണ്ടി വരുമെന്നായി. തുടര്‍ന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ ശുപാര്‍ശപ്രകാരം ജയില്‍മേധാവിയുടെ എക്സ്‌കേഡര്‍ തസ്തികയിലേക്ക് മാറ്റിയത്.

തിരുവനന്തപുരത്തെ ജുവലറിയില്‍ നിന്ന് മകള്‍ക്കായി 7പവന്റെ നെക്‌ലേസ് ഡി.ജി.പി തിരഞ്ഞെടുത്തശേഷം ഗണ്‍മാനെക്കൊണ്ട് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു. 30ശതമാനം പണിക്കൂലിയുള്ള ആഭരണമാണിതെന്നും മൂന്നുലക്ഷത്തോളം സ്വര്‍ണവിലയും ഒരുലക്ഷം പണിക്കൂലിയുമാവുമെന്നും പരമാവധി 10% ഡിസ്‌കൗണ്ട് നല്‍കാമെന്നും ഉടമയുടെ മകന്‍ അറിയിച്ചു. രണ്ടുദിവസത്തിനു ശേഷം ഡി.ജി.പി എത്തി ഫുള്‍ ഡിസ്‌കൗണ്ടില്‍ (സൗജന്യമായി) നല്‍കണമെന്നാവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡി.ജി.പി അഞ്ചു ശതമാനം പണം നല്‍കി നെക്‌ലേസുമെടുത്ത് പോയി. 95ശതമാനം ഡിസ്‌കൗണ്ടില്‍ നെക്‌ലേസ് നല്‍കിയതായി ജീവനക്കാര്‍ ഇന്‍വോയ്സില്‍ രേഖപ്പെടുത്തി. അവിടെ നടന്നതെല്ലാം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് പരാതി കിട്ടിയപ്പോള്‍ പി.ടി.സി പ്രിന്‍സിപ്പല്‍ യോഗേഷ് അഗര്‍വാളിനെക്കൊണ്ട് അന്വേഷിപ്പിച്ചെങ്കിലും ഇങ്ങനെ നടന്നിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടാമതും പരാതി കിട്ടിയപ്പോള്‍ ആഭ്യന്തരസെക്രട്ടറി അന്വേഷിച്ച്‌ സത്യമാണെന്ന് കണ്ടെത്തി.

സുധേഷ്‌കുമാര്‍ ക്യാമ്ബ് ഫോളോവര്‍മാരെ വീട്ടില്‍ ദാസ്യപ്പണിക്ക് നിയോഗിച്ചതും, ഡ്രൈവറായ പൊലീസുകാരനെ മകള്‍ മര്‍ദ്ദിച്ചതും നേരത്തേ വിവാദമായിരുന്നു. യു.പി.എസ്.സി പാനലില്‍ മുന്നിലായിരുന്ന സുധേഷിനെ തഴഞ്ഞാണ് എ.ഡി.ജി.പിയായിരുന്ന അനില്‍കാന്തിന് ഡി.ജി.പി ഗ്രേഡ് നല്‍കി പൊലീസ് മേധാവിയാക്കിയത്.

കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ ഖത്തറിലെ വ്യവസായിയുടെ ചെലവില്‍ ഭാര്യയും രണ്ട് മക്കളുമൊത്ത് സുധേഷ്‌കുമാര്‍ ചൈനയില്‍ പോയയി. കോഴിക്കോട് സ്വദേശിയായ വ്യവസായിയുടെ ഇളയ സഹോദരനും അനുഗമിച്ചിരുന്നു

വിമാനക്കൂലി, താമസം, നാല് നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാനയാത്ര, ഷോപ്പിംഗ് എന്നിവയ്ക്ക് പണം നല്‍കിയത് വ്യവസായിയുടെ അക്കൗണ്ടില്‍ നിന്നാണ്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം സര്‍ക്കാരിന് പരാതി കിട്ടിയിട്ടും അന്വേഷണം ഉണ്ടായില്ല.

പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയതോടെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുംമുന്‍പേ കേസെടുക്കണമെന്ന സ്ഥിതിയായി. ചൈനായാത്രയ്ക്ക് അനുമതി നേടിയിരുന്നില്ലെന്നും സൂചനയുണ്ട്

വ്യവസായിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സുധേഷ് 16 വിദേശയാത്രകള്‍ നടത്തിയയെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. വ്യവസായിക്കായി വഴിവിട്ട ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular