Sunday, April 28, 2024
HomeGulfതുര്‍ക്കി പ്രസിഡന്റ് സഊദി അറേബ്യയില്‍; ഉര്‍ദുഗാന്റെ സന്ദര്‍ശനം 2017 ന് ശേഷം ആദ്യമായി

തുര്‍ക്കി പ്രസിഡന്റ് സഊദി അറേബ്യയില്‍; ഉര്‍ദുഗാന്റെ സന്ദര്‍ശനം 2017 ന് ശേഷം ആദ്യമായി

ജിദ്ദ | സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച്‌ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സഊദി അറേബ്യയിലെത്തി.

2017 ന് ശേഷം ഇതാദ്യമായാണ് ഉര്‍ദുഗാന്‍ സഊദി സന്ദര്‍ശിക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉര്‍ദുഗാനെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സ്വീകരിച്ചു.

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുമായി ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തി. സഊദി-തുര്‍ക്കി ഉഭയകക്ഷി ബന്ധങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന നടപടികള്‍, പ്രാദേശിക, അന്തര്‍ദേശീയ കാര്യങ്ങളിലെ വീക്ഷണങ്ങള്‍, മേഖലയിലെ പുതിയ പ്രാദേശിക-അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സഊദി സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലും സഹകരണത്തിലും പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.

‘തുര്‍ക്കിയുടെ കറന്‍സി തകര്‍ച്ചയും കുതിച്ചുയരുന്ന പണപ്പെരുപ്പവും മൂലം സമ്ബദ്വ്യവസ്ഥയില്‍ ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ മേഖലയിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി വരികയാണ്. രണ്ട് സഹോദര രാജ്യങ്ങള്‍ എന്ന നിലയില്‍ സഹകരണത്തിന്റെ ഒരു പുതിയ യുഗം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു പുതിയ യുഗം ആരംഭിക്കാന്‍ ശ്രമിക്കും. ആരോഗ്യം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, കാര്‍ഷിക സാങ്കേതിക വിദ്യകള്‍, പ്രതിരോധ വ്യവസായം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ സൗദി അറേബ്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടത് ഞങ്ങളുടെ സംയുക്ത താത്പര്യമാണ്.’- ഉര്‍ദുഗാന്‍ പറഞ്ഞു.

പിന്നീട് മക്കയിലെത്തിയ ഉര്‍ദുഗാന്‍ ഉംറ കര്‍മം നിര്‍വഹിച്ചു. പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ മക്കയിലും പരിസരങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിരുന്നു. നീണ്ട ഇടവേളക്ക് ശേഷമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് അറബ് മാധ്യമങ്ങള്‍ നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular