Wednesday, May 1, 2024
HomeKeralaകൽക്കരി ക്ഷാമം മൂലം വൈദ്യുതി ഇല്ലാതെ കടുത്ത പ്രതിസന്ധി

കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഇല്ലാതെ കടുത്ത പ്രതിസന്ധി

ഉഷ്‌ണതരംഗം ആഞ്ഞടിക്കുമ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതിക്കു കടുത്ത ക്ഷാമം. ഡൽഹിയിൽ മെട്രോ റെയ്‌ലിനും ആശുപത്രികൾക്കും വൈദ്യുതി കിട്ടാതെ വരുമെന്ന് അറിയിപ്പ്. കൽക്കരി കൊണ്ടു വൈദ്യുതി ഉണ്ടാക്കുന്ന സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ഈ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്.

അടിയന്തരമായി ഡൽഹി പോലുള്ള ഇടങ്ങളിലെ പ്ളാന്റുകളിൽ കൽക്കരി എത്തിക്കാൻ ഇന്ത്യൻ റെയിൽവേ ഡസൻ കണക്കിനു പാസഞ്ചർ വണ്ടികൾ റദ്ദാക്കി. 42 വണ്ടികൾ അനിശ്ചിതമായി റദ്ദാക്കി കൊണ്ടാണ് കൽക്കരി വണ്ടികൾ കടത്തി വിടുന്നത്. ഇന്ത്യയുടെ ആവശ്യത്തിനുള്ള വൈദ്യുതിയിൽ 70% കൽക്കരിയിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ദീർഘദൂരങ്ങൾ കൽക്കരി കൊണ്ടു പോകാൻ വേണ്ടത്ര തീവണ്ടികൾ ഇല്ല. ഒട്ടേറെ പാസഞ്ചർ വണ്ടികൾ ഓടുന്ന റൂട്ടുകളിൽ കൽക്കരി വണ്ടികൾ മണിക്കൂറുകൾ കാത്തു കിടക്കേണ്ട പ്രശ്‌നമുണ്ട്.

“ഇതൊരു ദേശീയ പ്രതിസന്ധിയാണ്” എന്ന് രാജസ്ഥാന്റെ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടപ്പോൾ ഡൽഹിയിലെ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത് ഒത്തു പിടിച്ചു പരിഹാരമുണ്ടാക്കേണ്ട ഗൗരവമേറിയ പ്രശ്നമാണിത് എന്നാണ്.
ഡൽഹിയിൽ ഒരു ദിവസത്തേക്കുള്ള കൽക്കരി മാത്രമേ സ്റ്റോക്കുള്ളൂ. ഒരു ദിവസത്തെ കൽക്കരി കൊണ്ട് ഡൽഹിക്കു പ്രവർത്തിക്കാനാവില്ല എന്ന് കേന്ദ്രത്തിനു അയച്ച കത്തിൽ മന്ത്രി സത്യേന്ദ്ര ജെയിൻ ചൂണ്ടിക്കാട്ടി.

എന്നാൽ 2.2 കോടി ടൺ കൽക്കരി ഇന്ത്യയിലെ തെർമൽ പ്ലാന്റുകളിൽ ഉണ്ടെന്നു കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി പറയുന്നു. അത് 10 ദിവസത്തേക്കു തികയും.

ഇറക്കുമതി ഗ്യാസിനു വില കൂടിയപ്പോൾ ഗ്യാസ് ഉപയോഗിക്കുന്ന പ്ലാന്റുകൾ പൂർണ തോതിൽ ഉത്പാദനം നടത്താതിരുന്നതാണു പ്രശ്‌നമെന്നു ജോഷി പറഞ്ഞു. പുറമെ, ചൂട് കൂടിയപ്പോൾ വൈദ്യുതി ഉപയോഗം പൊടുന്നനെ പതിന്മടങ്ങു വർധിച്ചു.

ഇന്ത്യയ്ക്ക് 111 വർഷത്തേക്കുള്ള കൽക്കരി നിക്ഷേപമുണ്ട് എന്നാണു കേന്ദ്ര ഊർജ വകുപ്പിന്റെ അവകാശവാദം. ജാർഖണ്ഡിലെ കൽക്കരി ഖനികളിൽ ഇന്ത്യയുടെ ആവശ്യത്തിനുള്ള കൽക്കരി ഇനിയും ആറേഴു പതിറ്റാണ്ടു കാലത്തേക്ക് ഉണ്ടാവുമെന്ന് വകുപ്പ്  ഉദ്യോഗസ്ഥർ പറഞ്ഞു (ചിത്രം). പക്ഷെ ഉത്പാദനം നെടുകെ കുറഞ്ഞു എന്നതാണ് വസ്തുത. ഇന്ത്യയിലെ നൂറിലേറെ തെർമൽ പ്ലാന്റുകളിൽ കൽക്കരി സ്റ്റോക്ക് വേണ്ടതിന്റെ 25% പോലുമില്ല. അൻപതിലേറെ പ്ലാന്റുകളിൽ 10 ശതമാനത്തിൽ താഴെയുമാണ്.

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി പറയുന്നത് 165 തെർമൽ സ്റ്റേഷനുകളിൽ 56 ഇടത്തും 10% പോലും കൽക്കരിയില്ല എന്നാണ്. മറ്റു 26 പ്ലാന്റുകളിൽ അഞ്ചു ശതമാനം പോലുമില്ല.

വൈദ്യുതി ഉപയോഗം കഠിന വേനലിൽ കുതിച്ചു കയറിയിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങൾക്കു ഉഷ്‌ണതരംഗ താക്കീതുള്ള സമയമാണിത്. കേന്ദ്ര ഊർജ വകുപ്പിന്റെ കണക്കുകൾ അനുസരിച്ചു 2019 ഏപ്രിലിൽ പ്രതിമാസ വൈദുതി ഉപയോഗം 106.6 ബില്യൺ യൂണിറ്റ് ആയിരുന്നെങ്കിൽ 2021ൽ അത് 124.2 ആയും 2022ൽ 132 ബില്യൺ ആയും വർധിച്ചു.

ആറു മാസം മുൻപാണ് ഇങ്ങിനെ ഒരു കൽക്കരി ക്ഷാമം ഉണ്ടായത്. അത് ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉണ്ടായില്ല എന്നതാണ് സത്യം. പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ 657 പാസഞ്ചർ വണ്ടികൾ വരെ റദ്ദാക്കി കൽക്കരി നീക്കം ഉഷാറാക്കാൻ റയിൽവേസ് തയാറായി. പുറമെ 500 മെയിൽ വണ്ടികളും. തൽക്കാലം 42 പാസഞ്ചർ വണ്ടികൾ കൊണ്ട് നിർത്തിയിരിക്കയാണ്. ഈ റദ്ദാക്കൽ കൊണ്ടുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളും പ്രതീക്ഷിക്കാം.

രാജസ്ഥാനിൽ ഫാക്ടറികൾക്കു നാലു മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു. ഡൽഹി 44 ഡിഗ്രിയിലധികം ചൂടിൽ തിളച്ചു കൊണ്ടിരിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

വൈദ്യുതി ക്ഷാമത്തിന് പുറമെ, പല ഫാക്ടറികളും മറ്റു ഉത്പന്നങ്ങളുടെയും ഉത്പാദനം വെട്ടി കുറച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular