Sunday, May 5, 2024
HomeKeralaപായ്ക്കപ്പലില്‍ ലോകംചുറ്റുന്നതിനിടെ പരിക്ക്: വിദേശ പൗരനെ വിഴിഞ്ഞത്ത് എത്തിച്ചു

പായ്ക്കപ്പലില്‍ ലോകംചുറ്റുന്നതിനിടെ പരിക്ക്: വിദേശ പൗരനെ വിഴിഞ്ഞത്ത് എത്തിച്ചു

കോവളം: പായ്ക്കപ്പലില്‍ ലോകംചുറ്റുന്നതിനിടെ കാലിന് പരിക്കേറ്റ് തമിഴ്‌നാട്ടിലെ കടലില്‍ പായ്ക്കപ്പല്‍ നങ്കൂരമിട്ട വിദേശ പൗരനെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു.

നെതര്‍ലന്‍ഡ്സ് സ്വദേശി ക്യാപ്റ്റന്‍ ജെറിയോണ്‍ എലോട്ടിനെയാണ് (48) വിഴിഞ്ഞത്ത് എത്തിച്ചത്. ഇയാള്‍ക്ക് വൈദ്യസഹായം തേടാനായി താല്‍ക്കാലികമായി തങ്ങാനുള്ള അനുമതിയും മാരിടൈം ബോര്‍ഡ് അധികൃതര്‍ നല്‍കി. കഴിഞ്ഞ വര്‍ഷം താന്‍സനിയയില്‍ നിന്ന് ഇന്ത്യോനേഷ്യ വഴിയായിരുന്നു ഡര്‍ എന്നു പേരുള്ള തന്‍റെ പായ്ക്കപ്പലില്‍ ലോകം ചുറ്റാനായി ഒറ്റക്ക് പുറപ്പെട്ടത്.

സഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ കടലിലെത്തിയ ജെറിയോണ്‍ ഇടതുകാലിനുണ്ടായ പരിക്ക് വഷളായതോടെ കന്യാകുമാരി ലക്ഷ്യമാക്കി യാത്ര ചെയ്തെങ്കിലും യാത്ര തുടരാനാകാതെ കഴിഞ്ഞ ദിവസം തേങ്ങാപ്പട്ടണം തുറമുഖത്തിനടുത്ത് പായ്ക്കപ്പല്‍ നങ്കൂരമിട്ടു. വിവരമറിഞ്ഞ സുരക്ഷാ ഏജന്‍സികള്‍ ഇവിടെ പായ്ക്കപ്പലിലെത്തി രേഖകള്‍ പരിശോധിക്കുകയും പരിക്കിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേരള മാരിടൈം അധികൃതരുടെ സഹായം തേടിയതിന്‍റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പൊലീസിന്‍റെ സഹായത്തോടെ തിങ്കളാഴ്ച വിദേശപൗരനെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു.

തുറമുഖത്തെ സീവേര്‍ഡ് വാര്‍ഫില്‍ അടുപ്പിച്ച പായ്ക്കപ്പലിലാണ് ജെറിയോണ്‍ എലോട്ട് തങ്ങുന്നത്. ഈ മാസം 28 വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. സ്കൂബ ഡൈവിങ് അടക്കം സൗജന്യമായി മുങ്ങല്‍, നീന്തല്‍ തുടങ്ങിയ ജല അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്ന ജെറിയോണ്‍ എലോട്ട് ഫ്രീഡൈവിങ് കോച്ചസ് ഓഫ് ഏഷ്യ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്‍റെ സാരഥിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular