Sunday, May 5, 2024
HomeUSAഇന്ത്യൻ അമേരിക്കന് പകരം 'ഹിന്ദു അമേരിക്കൻ' എന്ന് പേര് മാറ്റാൻ നീക്കം

ഇന്ത്യൻ അമേരിക്കന് പകരം ‘ഹിന്ദു അമേരിക്കൻ’ എന്ന് പേര് മാറ്റാൻ നീക്കം

ഇന്ത്യൻ അമേരിക്കൻ പൗരന്മാരിൽ ഒരു വിഭാഗം ‘ഹിന്ദു അമേരിക്കൻ’ എന്ന പുതിയ പേരിലേക്കു മാറാൻ നീക്കം തുടങ്ങി. യു എസ് കോൺഗ്രസ് ആസ്ഥാനമായ ക്യാപിറ്റോൾ ഹില്ലിൽ സെപ്റ്റംബർ ഒടുവിൽ ‘ഉച്ചകോടി’ വിളിച്ചു തങ്ങളുടെ നിലപാട് കോൺഗ്രസ് അംഗങ്ങളെ നേരിട്ട് അറിയിക്കാനാണ് അവരുടെ തീരുമാനം.

‘രാഷ്ട്രീയ കാര്യങ്ങൾക്കുള്ള ഹിന്ദു അമേരിക്കൻ ഉച്ചകോടി’ എന്നാണ് സമ്മേളനത്തിനു പേരിട്ടിട്ടുള്ളത്. “ഊർജസ്വലരായ ഹൈന്ദവ അമേരിക്കൻ സമൂഹത്തിന്റെ നേതാക്കൾ യു എസ് രാഷ്ട്രീയ സംവിധാനത്തിൽ സജീവമാകുന്നതിനെ കുറിച്ച്” ചർച്ച ചെയ്യുമെന്ന് അറിയിപ്പിൽ പറയുന്നു. അറിയിപ്പ് ക്ഷണക്കത്തു കൂടിയാണ്.

ഇന്ത്യ ഗവൺമെന്റിന്റെ നയപരിപാടികളോട് ചേർത്തു വച്ച് തങ്ങളെ കാണുന്നതിൽ ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്ക് അസ്വസ്ഥതയുണ്ട്. ഇന്ത്യൻ മണ്ണിലും മതത്തിലും രാഷ്ട്രീയത്തിലും വേരുകൾ ഉള്ളപ്പോഴും അമേരിക്കയുമായുള്ള ബന്ധം അഭേദ്യമാണെന്നു സ്ഥാപിക്കാൻ അവർ ആഗ്രഹിക്കുന്നു.

ഹിന്ദു സംഘടനകളായ അമേരിക്കൻസ് ഫോർ ഹിന്ദുസ്, അമേരിക്കൻ ഹിന്ദുസ് കൊയലിഷൻ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്ന സംഘടനകൾ അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നാണു വരുന്നത്. അമേരിക്കൻസ് ഫോർ ഹിന്ദുസിന്റെ ദേശീയ നേതാക്കൾ, കലിഫോണിയ-ടെക്സസ് യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ, ഹിന്ദു അമേരിക്കൻ പി എ സിയുടെ ദേശീയ-ന്യു യോർക്ക്-ഫ്‌ളോറിഡ പ്രതിനിധികൾ, ഹിന്ദുസ് ഓഫ് ജോർജിയ പി എ സി, വേൾഡ് ഹിന്ദു കൌൺസിൽ ഓഫ് അമേരിക്ക, ഹിന്ദു സ്വയംസേവക് സംഘ് ഓഫ് അമേരിക്ക എന്നിവ അതിൽ ഉൾപ്പെടുന്നു.

മതബന്ധം വ്യക്തമായി അംഗീകരിച്ച സംഘടനകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അവയുടെ പേരിൽ തന്നെ ‘ഹിന്ദു’ ഉണ്ടാവണം. പുതിയ നീക്കത്തെ എത്ര ഗൗരവമായി സമീപിക്കുന്നു എന്ന് അതിൽ നിന്നു സംഘാടകർ വ്യക്തമാക്കുന്നു.

അറിയിപ്പിൽ ആസാദി കാ അമൃത് മഹോത്സവം അടിക്കുറിപ്പ് മാത്രമാണ്. അത് സംഘടിപ്പിക്കുന്നത് അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) ആണ്. അവരുടെ പേരിൽ ‘ഹിന്ദു’ ഇല്ല. എന്നാൽ ഡോക്ടർമാരുടെ സംഘടനയ്ക്കു സ്വന്തമായ കരുത്തുണ്ടു താനും. 2020 വാർഷിക സമ്മേളനത്തിൽ അവരുടെ അതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദി  ആയിരുന്നു. കോവിഡ് കാലമായതിനാൽ അദ്ദേഹം വിഡിയോയിലാണ് പ്രത്യക്ഷപ്പെട്ടത് എന്നു മാത്രം.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചില സംഘടനകൾ രാഷ്ട്രീയമായി സജീവമാണ്. സംസ്ഥാന-ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ പണമിറക്കിയും സ്ഥാനാർത്ഥികളെ പിന്തുണച്ചും അവർ സാന്നിധ്യം അറിയിച്ചു. അമേരിക്കൻസ് ഫോർ ഹിന്ദുസ് 2019-20 ൽ $228,311 തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കു പിരിച്ചു. കൂടുതലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കാണു നൽകിയത്. ഹിന്ദു അമേരിക്കൻ പി എ സി ഇതേ കാലഘട്ടത്തിൽ $55,833 സംഭരിച്ചു ഇരു പാർട്ടികൾക്കും നൽകി.

അമേരിക്കൻ ഹിന്ദുസ് കൊയലിഷൻ സ്ഥാപക ചെയർമാൻ ശേഖർ തിവാരി പറയുന്നു: “അര നൂറ്റാണ്ടായി ഇന്ത്യൻ അമേരിക്കൻ സമൂഹം ഇന്ത്യയോട് ഉറച്ച കൂറ് പുലർത്തിയിട്ടുണ്ട്. പക്ഷെ അടുത്തിടെ ചില പാശ്ചാത്യ രാജ്യങ്ങളുമായി ഉണ്ടായ നയതന്ത്ര സംഘർഷങ്ങൾ ഞങ്ങളെ ‘ജ്യൂവിഷ് അമേരിക്കൻസ്’ എന്ന പോലെ ‘ഹിന്ദു അമേരിക്കൻസ്’ എന്ന പുതിയ ബ്രാൻഡിലേക്കു മാറാൻ പ്രേരിപ്പിക്കുന്നു.

“നിർഭാഗ്യമെന്നു പറയട്ടെ, ഈ മാറ്റം ഇന്ത്യയുമായി അകലം സൃഷ്ടിക്കും. അതു  കാലക്രമേണ വലുതാവുകയും ചെയ്യും.”

ജ്യുവിഷ് അമേരിക്കൻസിനു രണ്ടു പാർട്ടികളിലും ഗണ്യമായ സ്വാധീനമുണ്ട്. ഇസ്രയേലിന്റെ വിവാദ നടപടികളിൽ അവരുടെ പക്ഷം ന്യായീകരിക്കാൻ ഈ ഗ്രൂപ്പിന് കഴിഞ്ഞിട്ടുമുണ്ട്. ഹിന്ദു അമേരിക്കൻ സംഘടനകൾ ഇപ്പോൾ ആ സമീപനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ഇന്ത്യ അപലപിക്കാത്തതിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു അസ്വസ്ഥതയുണ്ട്. യു എസ് സാമാജികർ ഉൾപ്പെടെ അമേരിക്കൻ സമൂഹത്തിൽ നിന്നുള്ള രോഷം ഏറ്റു വാങ്ങേണ്ടി വന്നുവെന്നു പലരും പറയുന്നു. ഇന്ത്യ ഒരു വിഷം തീണ്ടിയ പേരായി മാറിയെന്നു ഒരു സാമാജികൻ പറഞ്ഞുവെന്നു അദ്ദേഹത്തിന്റെ ഒരു വോട്ടർ പറയുന്നു.

ചൈനയെപ്പോലെ തന്നെ റഷ്യയുടെ സഹായികളാണ് ഇന്ത്യയും എന്ന കാഴ്ചപ്പാടുണ്ട്. ഇന്ത്യ റഷ്യയിൽ നിന്നു എണ്ണയും വളവും മറ്റും വാങ്ങി ആ രാജ്യത്തെ പാശ്ചാത്യ ഉപരോധ കെടുതിയിൽ സഹായിക്കുന്നു എന്ന ആരോപണമുണ്ട്.

അമേരിക്കൻസ് ഫോർ ഹിന്ദുസ് സഹ അധ്യക്ഷൻ സമ്പത്ത് ശിവാങ്ങി പറയുന്നത് ഒട്ടേറെ ഇന്ത്യക്കാർ ഹിന്ദു അമേരിക്കൻ എന്ന നാമം ആഗ്രഹിക്കുന്നു എന്നാണ്. എന്നാൽ ഇപ്പോൾ അതൊരു ചർച്ചാ വിഷയം മാത്രമാണ്. “നമ്മൾ അമേരിക്കയിൽ ഏറ്റവും വിദ്യാഭ്യാസവും സമ്പത്തുമുള്ള സമൂഹമാണ്. ഹിന്ദു അമേരിക്ക എന്ന ബ്രാൻഡ് സ്വീകരിക്കാൻ മടിക്കേണ്ട കാര്യമൊന്നുമില്ല.”

ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ 85% ഹിന്ദുക്കൾ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 40 ലക്ഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular