Wednesday, May 8, 2024
HomeKeralaമലക്കം മറിഞ്ഞ് ഗവര്‍ണര്‍; സുപ്രീംകോടതിയില്‍ ഇടത് സര്‍ക്കാറിനൊപ്പം

മലക്കം മറിഞ്ഞ് ഗവര്‍ണര്‍; സുപ്രീംകോടതിയില്‍ ഇടത് സര്‍ക്കാറിനൊപ്പം

ന്യൂഡല്‍ഹി: കേരളത്തിലെ വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ ഇടത് സര്‍ക്കാറിന് അനുകൂലമായി സുപ്രീംകോടതിയില്‍ എടുത്ത നിലപാടിനും കൊടുത്ത സത്യവാങ്മൂലത്തിനും വിരുദ്ധമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മലക്കം മറിഞ്ഞു.

എ.പി.ജെ അബ്ദുല്‍ കലാം സര്‍വകലാശാല കേസില്‍ സെപ്റ്റംബര്‍ 13ന് രാജ്ഭവന്‍ പരിശോധിച്ച്‌ മേലൊപ്പ് ചാര്‍ത്തി ഗവര്‍ണര്‍ക്കായി സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ഇടത് സര്‍ക്കാര്‍ വി.സി നിയമനത്തില്‍ യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സേര്‍ച്ച്‌ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ വെച്ചത് നിയമപരമാണെന്നുമാണ് കേരള ഗവര്‍ണര്‍ ബോധിപ്പിച്ചത്. ഇടത് സര്‍ക്കാര്‍ എ.പി.ജെ അബ്ദുല്‍ കലാം വാഴ്സിറ്റിയില്‍ രാജശ്രീയെ വി.സിയായി നിയമിച്ചതിനെതിരെ ശ്രീജിത് സമര്‍പ്പിച്ച ഹരജി തള്ളണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഇടത് സര്‍ക്കാറിനൊപ്പം ഉറച്ചുനിന്ന് രണ്ടാം എതിര്‍കക്ഷി എന്ന നിലയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലുടെ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതില്‍ നിന്നും നേര്‍വിപരീതമാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനം. ഗവര്‍ണര്‍ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ഢോഡാവത്ത് ഐ.എ.എസ് രാജ് ഭവന്‍ ഡെപ്യൂട്ടി സെക്രട്ടറി ആര്‍.കെ മധുവിന്റെ മേലൊപ്പോടുകൂടി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് എ.പി.ജെ അബ്ദുല്‍കലാം സര്‍വകലാശാല കേസില്‍ ഇപ്പോള്‍ ജയിച്ച ശ്രീജിത്തിന്റെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്.

ഇടത് സര്‍ക്കാറിന്റെ വി.സി നിയമനത്തെ ശക്തമായി പിന്തുണച്ച്‌ ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം

2010ലെ യു.ജി.സി നിയന്ത്രണങ്ങളിലെ 7.3.0 വ്യവസ്ഥയില്‍ 2013ല്‍ കൊണ്ടുവന്ന രണ്ടാം ഭേദഗതി അനുസരിച്ച്‌ വൈസ് ചാന്‍സലര്‍മാരെ കണ്ടെത്താനുള്ള സേര്‍ച്ച്‌ കമ്മിറ്റി ബന്ധപ്പെട്ട സര്‍വകലാശാലകളുടെ നിയമപ്രകാരം ഉണ്ടാക്കാം എന്ന് ഗവര്‍ണര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. തുടര്‍ന്നുള്ള ഖണ്ഡികയില്‍ ചീഫ് സെക്രട്ടറിയെ സേര്‍ച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ ഇടത് സര്‍ക്കാര്‍ നടപടിയെയും ഗവര്‍ണര്‍ ന്യായീകരിക്കുന്നുണ്ട്. 2017ല്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ബാബു സെബാസ്റ്റ്യനെ വി.സിയായി നിയമിച്ചത് റദ്ദാക്കിയ കേരള ഹൈകോടതി വിധിയാണ് ചീഫ് സെക്രട്ടറിയെ സേര്‍ച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ഗവര്‍ണര്‍ ഉപയോഗിച്ചത്. സേര്‍ച്ച്‌ കമ്മിറ്റിയില്‍ ഗവര്‍ണറുടെ നോമിനിയായി സംസ്ഥാന ചീഫ് സെക്രട്ടറി തുടരുന്നതിനെ 2018 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്ന് ഗവര്‍ണര്‍ ബോധിപ്പിച്ചു.

കേരളം 2010ലെ യു.ജി.സി ചട്ടങ്ങള്‍ യുക്തമായ സമയത്തിനുള്ളില്‍ 2010ല്‍ തന്നെ നടപ്പാക്കിയ സംസ്ഥാനമായതിനാല്‍ 2022 മാര്‍ച്ചിലെ ഗംഭീര്‍ധന്‍ ഗാഢ്ഗി കേസിലെ സുപ്രീംകോടതി വിധി എ.പി.ജെ അബ്ദുല്‍ കലാം സര്‍വകലാശാല വി.സിക്കെതിരെ ഹരജിക്കാരന്‍ ഉദാഹരിച്ചത് അംഗീകരിക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാറിന് അുനകൂലമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഈ ന്യായവാദങ്ങളുടെ മഷിയുണങ്ങും മുമ്ബാണ് വാര്‍ത്താസമ്മേളനത്തില്‍ നേര്‍വിപരീതമായ മലക്കം മറിച്ചില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular