Wednesday, May 8, 2024
HomeUSAസുനാക്ക് യു കെയ്ക്കു 'ബരാക്ക് ഒബാമ നിമിഷം' സമ്മാനിച്ചെന്നു ക്ഷേത്ര മേധാവി

സുനാക്ക് യു കെയ്ക്കു ‘ബരാക്ക് ഒബാമ നിമിഷം’ സമ്മാനിച്ചെന്നു ക്ഷേത്ര മേധാവി

ഋഷി സുനാക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയതു “യു കെയ്ക്കു ബരാക്ക് ഒബാമ നിമിഷമാണ്” എന്നു സതംറ്റണിലെ വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തിന്റെ മേധാവി പറയുന്നു. സുനാക്കിന്റെ മുത്തച്ഛൻ രാംദാസ് സുനാക്ക് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.

ഇപ്പോൾ പാക്കിസ്ഥാനിലുള്ള ഗുജ്റൻവാലയിൽ നിന്നു ഇംഗ്ലണ്ടിൽ എത്തിയ രാംദാസ് സുനാക്ക് 1971 ലാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ പ്രസിഡന്റ് സഞ്ജയ് ചന്ദരാനാ പറഞ്ഞു: “അമേരിക്കയിൽ വെള്ളക്കാരനല്ലാത്ത ഒബാമ പ്രസിഡന്റ് ആയതു പോലെയാണ്  യുകെയുടെ  പ്രധാനമന്ത്രിയായി ഋഷി വരുന്നത്. ആദ്യമായി വെള്ളക്കാരൻ അല്ലാത്ത ഒരാൾ. ആദ്യമായി ഇന്ത്യൻ വംശജൻ, ആദ്യമായി ഹിന്ദു. ഇതെല്ലാം വളരെ വ്യത്യസ്തമായ മാനമാണ്. എല്ലാവർക്കും അഭിമാനിക്കാം.”

ഹാംഷയർ സിറ്റിയിലുള്ള ക്ഷേത്രത്തിലേക്കു ഋഷി സുനാക്ക് പതിവായി വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈയിൽ ധനമന്ത്രി സ്ഥാനം രാജി വയ്ക്കുന്നതിനു രണ്ടു ദിവസം മുൻപ് അദ്ദേഹം കുടുംബവുമായി വന്നു പ്രാർഥിച്ചു, ക്ഷേത്രത്തിൽ നിന്ന് ഭക്ഷണവും കഴിച്ചു.

സുനാക്ക്  യു കെയ്ക്കു 'ബരാക്ക് ഒബാമ നിമിഷം' സമ്മാനിച്ചെന്നു ക്ഷേത്ര മേധാവി 

പ്രധാനമന്ത്രി ആയാലും അദ്ദേഹം വരുമെന്ന് ചന്ദരാനാ പറഞ്ഞു. 2017 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു പാർലമെന്റിൽ പ്രതിജ്ഞ എടുക്കുമ്പോൾ സുനാക്ക് ഭഗവത് ഗീഥയിലാണ് കൈവച്ചതെന്നു അദ്ദേഹം ഓർമിച്ചു. അന്നു ഡൗണിംഗ് സ്ട്രീറ്റിൽ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 11 ൽ അദ്ദേഹം ദീപാവലി വിളക്കുകൾ തെളിയിച്ചു.

സുനാക്കിന്റെ മേശപ്പുറത്തു ഗണേശവിഗ്രഹമുണ്ട്. ബ്രിട്ടനിൽ വളർന്നു വിൻചെസ്റ്ററിലും ഓക്സ്ഫഡിലും സ്റ്റാൻഫോഡിലും പഠിച്ചെങ്കിലും തന്റെ സംസ്‌കാരത്തിൽ നിന്ന് അദ്ദേഹം വ്യതിചലിച്ചിട്ടില്ല. ബീഫ് കഴിക്കാറില്ലെന്നും ചന്ദരാനാ ചൂണ്ടിക്കാട്ടി.

കുറേക്കാലം മുൻപ് ‘ദ ടൈംസ്’ പത്രത്തോട് സുനാക്ക് പറഞ്ഞു: “ഞാൻ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയും. ഹിന്ദുവാണ് എന്നതാണ് എന്റെ സവിശേഷത. എന്റെ വിശ്വാസം എനിക്ക് കരുത്തു നൽകുന്നു, ലക്ഷ്യബോധം നൽകുന്നു. അതെന്റെ ഭാഗമാണ്.”

യുകെയിൽ ഏകീകരണം സാധ്യമാകുന്നുണ്ടെന്നതാണ് സുനാക്കിന്റെ നിയമനത്തിൽ നിന്നു തെളിയുന്ന ഒരു കാര്യമെന്നു ചന്ദരാനാ ചൂണ്ടിക്കാട്ടി. “അത് രാജ്യത്തെ ഒന്നാക്കും. കാരണം, ഋഷി ഹിന്ദു വിശ്വാസങ്ങൾ നടപ്പാക്കുന്ന ആളാണ്. ലോകം മുഴുവൻ നമ്മുടെ കുടുംബമാണെന്നു ഹിന്ദു മതം പഠിപ്പിക്കുന്നു. അതായത് ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular