Thursday, May 9, 2024
HomeGulfവ്യായാമത്തിനും ചികിത്സക്കും ഇനി 'മെറ്റാവേഴ്സ്' അനുഭവം

വ്യായാമത്തിനും ചികിത്സക്കും ഇനി ‘മെറ്റാവേഴ്സ്’ അനുഭവം

ദുബൈ: ആരോഗ്യ സംരക്ഷണ രംഗത്ത് ഏറ്റവും നൂതന സാങ്കേതികവിദ്യയായ ‘മെറ്റാവേഴ്സ്’ ഉപയോഗിക്കുന്ന പദ്ധതികളുമായി മലയാളി നേതൃത്വം നല്‍കുന്ന സ്ഥാപനം.

‘ലിമോവേഴ്സ്’ എന്ന കമ്ബനി പ്രതിനിധികളാണ് ആരോഗ്യ, സൗഖ്യ മേഖലയില്‍ മെറ്റാവേഴ്സ് ഉപയോഗപ്പെടുത്തുന്ന പ്രഖ്യാപനം നടത്തിയത്. ഈ മാസം 28ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ആരംഭിക്കുന്ന ദുബൈ ആക്ടിവ് ഷോയില്‍ ലിമോവേഴ്സ് രണ്ട് പദ്ധതികള്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

വെര്‍ച്വല്‍ റിയാലിറ്റി, എക്സ്റ്റന്‍ഡഡ് റിയാലിറ്റി സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ് ആശയവിനിമയം കൂടുതല്‍ അനുഭവവേദ്യമാക്കുന്ന സാങ്കേതിക സൗകര്യമാണ് മെറ്റാവേഴ്സ്. ഉപഭോക്താക്കള്‍ക്ക് മെറ്റാവേഴ്സില്‍ തയാറാക്കുന്ന ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാനും ആരോഗ്യ വിദഗ്ധര്‍, പരിശീലകര്‍ എന്നിവരുമായി സംവദിക്കാനും പരിശീലന പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കുന്ന പാര്‍ട്ണര്‍വേഴ്സാണ് ദുബൈ ആക്ടിവ് ഷോയില്‍ അവതരിപ്പിക്കുന്ന ഒരു പദ്ധതി. ഇതില്‍ ലിമോവാലി എന്ന പേരില്‍ വിവിധ പശ്ചാത്തലങ്ങളിലുള്ള ക്ലിനിക്ക്, വ്യായാമം നടത്താനുള്ള സ്ഥലം എന്നിവ തയാറാക്കാനാകും. സ്വന്തം ശരീരത്തിന്റെ ഡിജിറ്റല്‍ രൂപമായ അവതാര്‍ വഴി ഇത്തരം സ്ഥലങ്ങളിലെത്തി ചികിത്സ തേടിയതിന്‍റെയും വ്യായാമം നടത്തിയതിന്‍റെയും അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ലിമോവേഴ്സ് സ്ഥാപകന്‍ സജീവ് നായര്‍ പറഞ്ഞു.

വ്യായാമം ചെയ്യുന്നവര്‍ക്ക് പണം സമ്ബാദിക്കാന്‍ കഴിയുന്ന ‘ഹെല്‍ത്ത്ഫൈ’ എന്ന സംവിധാനവും കമ്ബനി ദുബൈ ആക്ടിവില്‍ അവതരിപ്പിക്കും. ലിമോവേഴ്സ് ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വ്യായാമം ചെയ്യുന്നവര്‍ക്ക് പണമാക്കി മാറ്റാവുന്ന ലിമോ ടോക്കന്‍ സമ്മാനമായി നല്‍കുന്നതാണ് ഹെല്‍ത്ത്ഫൈ എന്ന പദ്ധതി. ഇതടക്കം ആരോഗ്യ, സൗഖ്യ മേഖലയിലെ അഞ്ച് മെറ്റാവേഴ്സ് പദ്ധതികള്‍ സ്ഥാപനത്തിനുണ്ട്. ദുബൈ ആസ്ഥാനമായ സ്ഥാപനത്തിന്‍റെ സാങ്കേതികവിദ്യാ വികസന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരം സാങ്കേതിക വിദ്യ കൂടുതലായി പ്രയോജനപ്പെടുത്തുന്നതെന്നും സജീവ് നായര്‍ പറഞ്ഞു. ലിമോവേഴ്സ് ‘മെന’ മേഖല ഡയറക്ടര്‍ ഹാഷിര്‍ നജീബ്, ദിവിവോത് ചൗഹാന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular