Monday, May 6, 2024
HomeKerala'ഗുളിക വെള്ളത്തിലിട്ടു ലയിപ്പിച്ച്‌ ജ്യൂസില്‍ കലര്‍ത്തി; കയ്പു കാരണം ഷാരോണ്‍ തുപ്പിക്കളഞ്ഞു'; ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍

‘ഗുളിക വെള്ളത്തിലിട്ടു ലയിപ്പിച്ച്‌ ജ്യൂസില്‍ കലര്‍ത്തി; കയ്പു കാരണം ഷാരോണ്‍ തുപ്പിക്കളഞ്ഞു’; ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയതിനു മുന്‍പു ജ്യൂസില്‍ വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ കലര്‍ത്തി നല്‍കിയും ഷാരോണിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പ്രതി ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍.
തമിഴ്നാട്ടില്‍ ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജ‍ിലുള്‍പ്പെടെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണു റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോടു ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.

സാവധാനം വിഷം നല്‍കി എങ്ങനെ കൊലപ്പെടുത്താമെന്നു ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. അങ്ങനെയാണ് ചില വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ ഉള്ളില്‍ ചെന്നാല്‍ വൃക്കകള്‍ തകരാറിലാകുമെന്നും അതു പിന്നീടു മരണത്തിലേക്കു നയിക്കുമെന്നും കണ്ടെത്തിയതെന്നു ഗ്രീഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞു. ഗ്രീഷ്മയുടെ അച്ഛന് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്നു ലഭിച്ച ചില ഗുളികകള്‍ ശേഖരിച്ചു വെള്ളത്തിലിട്ടു ലയിപ്പിച്ച ശേഷം കുപ്പിയില്‍ ലഭിക്കുന്ന ജ്യൂസില്‍ കലര്‍ത്തിയാണു ഷാരോണിനു നല്‍കിയത്. മാര്‍ത്താണ്ഡം പഴയ പാലത്തിനു സമീപം ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ ‘ജ്യൂസ് ചാലഞ്ച്’ എന്ന പേരിലാണ് ഇതു കുടിപ്പിച്ചത്.

ഒരു കവിള്‍ കുടിച്ചപ്പോള്‍ തന്നെ കടുത്ത കയ്പു കാരണം ഷാരോണ്‍ ജ്യൂസ് തുപ്പിക്കളയുകയായിരുന്നു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നു പറഞ്ഞ് ആ കുപ്പി അപ്പോള്‍ തന്നെ വാങ്ങി പാലത്തിനു താഴേക്കു കളഞ്ഞുവെന്നും ഗ്രീഷ്മ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഷാരോണിന്റെ വീട്ടില്‍ വച്ചു തനിക്കു താലി ചാര്‍ത്തിയെന്നും പിന്നീട് വെട്ടുകാട് പള്ളിയില്‍ വച്ച്‌ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയെന്നും ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതിനു ശേഷം ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമില്‍ ഇരുവരും ഒന്നിച്ചു മുറിയെടുത്തു താമസിച്ചതായും ഗ്രീഷ്മ പറഞ്ഞു. ഈ ടൂറിസ്റ്റ് ഹോമിലും ഇന്നലെ തെളിവെടുപ്പിനെത്തിച്ചിരുന്നു.

ജ്യൂസ് വാങ്ങിയ കടയും ഷാരോണിന്റെ കോളജില്‍ തങ്ങള്‍ കണ്ടുമുട്ടിയിരുന്ന സ്ഥലവും ഗ്രീഷ്മ അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. ഷാരോണുമായ‍ി പങ്കുവച്ച ശബ്ദസന്ദേശങ്ങള്‍ ഗ്രീഷ്മയുടേതു തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഇന്നു ശബ്ദ പരിശോധന നടത്തും. തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റ‍ുഡിയോയില്‍ ഗ്രീഷ്മയുടെ ശബ്ദ സാംപിളുകള്‍ ശേഖരിക്കും. തുടര്‍ന്നു വിദഗ്ധര്‍ ഇതു രണ്ടും പരിശോധിച്ച്‌ ഉറപ്പുവരുത്തും. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഉച്ചയ്ക്കു ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular