Friday, May 10, 2024
HomeUSA7 സീറ്റ് കൂടി കിട്ടിയാൽ ഹൗസ് ജി ഓ പിക്ക്; ഡെമോക്രാറ്റ്സിനു 13 വേണം

7 സീറ്റ് കൂടി കിട്ടിയാൽ ഹൗസ് ജി ഓ പിക്ക്; ഡെമോക്രാറ്റ്സിനു 13 വേണം

യുഎസ് സെനറ്റ് ഭൂരിപക്ഷം ഡെമോക്രാറ്റുകൾ നേടിയതോടെ രാജ്യത്തിൻറെ ശ്രദ്ധ ഹൗസ് മത്സരങ്ങളിൽ കേന്ദ്രീകരിച്ചു. ഞായറാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ചു 435 അംഗ ഹൗസിൽ കേവല ഭൂരിപക്ഷത്തിനു ആവശ്യമായ 218 സീറ്റിൽ ഇരു കക്ഷികളും എത്തിയിട്ടില്ല. റിപ്പബ്ലിക്കൻ പാർട്ടി 211 ജയിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകൾ 205 സീറ്റും. ജി ഓ പി ശേഷിക്കുന്ന 19ൽ ഏഴു സീറ്റ് നേടിയാൽ ഭൂരിപക്ഷമായി. ഡെമോക്രാറ്റുകൾക്കാവട്ടെ, 13 നേടണം.

കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നത് ഡെമോക്രാറ്റുകൾ ആണ് എന്നതു കൊണ്ട് അതെല്ലാം അവർ നേടും എന്നർത്ഥമില്ല. അതെല്ലാം നേടുകയും ജി ഓ പി നേരിയ മാർജിനിൽ ലീഡ് ചെയ്യുന്ന ചില സീറ്റുകൾ പിടിക്കയും ചെയ്താൽ മാത്രമേ അവർക്കു ഭൂരിപക്ഷം എത്താൻ കഴിയൂ.

ജി ഓ പിക്ക് ഉറപ്പുണ്ടായിരുന്ന വാഷിംഗ്‌ടൺ മൂന്നാം ഡിസ്ട്രിക്ടിലെ ഹൗസ് സീറ്റ് ശനിയാഴ്ച ഡെമോക്രാറ്റുകൾ നേടിയത് അട്ടിമറിയായി. മേരി പെരെസ് ജയിച്ച സീറ്റ് ജി ഓ പിയുടെ ജെയ്‌മി ഹെരേര ബ്യുറ്ലർ കൈവശം വച്ചിരുന്നതായിരുന്നു. ഇക്കുറി ബ്യുറ്ലർ പ്രൈമറിയിൽ തന്നെ തോറ്റു.

തീരുമാനം ആവാത്ത സീറ്റുകളിൽ പകുതിയോളം കലിഫോണിയയിൽ ആണ്. ഏറിയകൂറും തപാൽ വോട്ടുകൾ ആയതു കൊണ്ടാണ് എണ്ണാൻ വൈകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അരിസോണ, കൊളറാഡോ, ഓറിഗൺ സംസ്ഥാനങ്ങളിൽ രണ്ടു വീതം സീറ്റുകൾ ബാക്കിയുണ്ട്. അലാസ്‌ക, മെയിൻ, ന്യൂ യോർക്ക് എന്നിവിടങ്ങളിൽ ഓരോന്നും.

അലാസ്‌കയിൽ സാറാ പെയ്‌ലിൻ ഉൾപ്പെടെയുള്ളവരെ പിന്തള്ളി ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം മേരി പേൾട്ടോള ലീഡ് നേടിയിട്ടുണ്ട്. പക്ഷെ 80% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ അവർക്കു ലഭിച്ച ലീഡ് 47% മാത്രമാണ്. 50% കടന്നാലേ വിജയം ഉറപ്പിക്കാൻ കഴിയൂ.

കലിഫോണിയ 6ആം ഡിസ്ട്രിക്റ്റിൽ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് ആമി ബേറ വീണ്ടും ജയിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ 12% ലീഡുണ്ട്. എന്നാൽ പകുതിയോളം വോട്ടുകൾ എണ്ണാനുണ്ട്.

കലിഫോണിയ 9ആം ഡിസ്ട്രിക്റ്റിൽ നിലവിലെ റെപ് ജോഷ് ഹാർഡർ ഡെമോക്രാറ്റുകൾക്കു വേണ്ടി സീറ്റ് നിലനിർത്തും എന്നാണ് പ്രതീക്ഷ. ഇപ്പോൾ 13% ലീഡുണ്ട്. എണ്ണാനുള്ള പകുതിയോളം വോട്ടുകളിൽ ഒട്ടേറെ പുതിയ വോട്ടർമാരുടെ വോട്ടുമുണ്ട്.

കലിഫോണിയ 13ൽ റിപ്പബ്ലിക്കൻ ജോൺ ദുവർട്ടയും ഡെമോക്രാറ്റ് സ്റ്റേറ്റ് റെപ്. ആഡം ഗ്രെയും കടുത്ത പോരാട്ടത്തിലാണ്. ഇനി 49% വോട്ട് എണ്ണാനുണ്ട്.

കലിഫോണിയ 21ൽ ഡെമോക്രാറ്റ് ജിം കോസ്റ്റ വീണ്ടും ജയിച്ചേക്കും. ജോ ബൈഡൻ 2020ൽ വൻ പിന്തുണ നേടിയ ഇവിടെ പുനർനിർണയം നടത്തിയെങ്കിലും കോസ്റ്റ 9% ലീഡ് നേടിയിട്ടുണ്ട്.

കലിഫോണിയയുടെ 22ആം ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ ഡേവിഡ് വലഡോ 5% ലീഡ് നേടി. ഡൊണാൾഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാൻ ഹൗസിൽ വോട്ട് ചെയ്ത വലഡോയ്ക്കെതിരെ ട്രംപ് സ്ഥാനാർത്ഥിയെ നിർത്തിയില്ല. ഡെമോക്രാറ്റ് റൂഡി സലാസിന് സീറ്റിൽ ഉറച്ച പ്രതീക്ഷയാണ്. പകുതിയോളം വോട്ട് എണ്ണാനുണ്ട്.

കലിഫോണിയ 41: റിപ്പബ്ലിക്കൻ റെപ്. കെൻ കാൽവെർട് ഡെമോക്രാറ്റ് വിൽ റോളിൻസിനേക്കാൾ 1.5% ലീഡ് നേടി. മൂന്നിലൊന്നു വോട്ട് എണ്ണാൻ ബാക്കിയുണ്ട്.

കലിഫോണിയയുടെ തന്നെ 47ൽ ഡെമോക്രാറ്റ് റെപ്. കെയ്റ്റി പോർട്ടർ 3% ലീഡിലാണ്. 28% വോട്ട് എണ്ണാനുണ്ട്.

കലിഫോണിയ 49: ഡെമോക്രാറ്റ് റെപ്. മൈക്ക് ലേവിനു 5 പോയിന്റ് ലീഡുണ്ട്. 29% വോട്ട് ഇനിയും എണ്ണാനുണ്ട്.

കൊളറാഡോ മൂന്നാം ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ റെപ്. ലോറെൻ ബോബെർട് 50.2% നേടി മുന്നിലെത്തി. ഡെമോക്രാറ്റ് ആഡം ഫ്രിഷിനു 49.8  ഉണ്ട്.

കൊളറാഡോ എട്ടാം ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റ് യാഡിറാ കറവിയോ റിപ്പബ്ലിക്കൻ ബാർബറ കിർക്മെയെർക്കെതിരെ 0.7% ലീഡിൽ എത്തിയപ്പോൾ തന്നെ കിർക്മെയെർ തോൽവി സമ്മതിച്ചു.

മെയിനിലെ രണ്ടാം ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റ് ജാറഡ് ഗോൾഡൻ 3% ലീഡ് നേടി. വോട്ടെണ്ണൽ ഏറെക്കുറെ കഴിഞ്ഞെങ്കിലും മെയ്‌നിലെ നിയമം അനുസരിച്ചു 50% കടന്നാലേ വിജയമാകൂ. ഗോൾഡൻ 48.5% മാത്രമേ നേടിയിട്ടുള്ളൂ.

ഒറിഗണിലെ ആറാം ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റ് ആൻഡ്രിയ സലിനാസ് 1.8 പോയിന്റ് ലീഡാണ് റിപ്പബ്ലിക്കൻ മൈക്ക് എരിക്സണ് എതിരെ നേടിയിട്ടുള്ളത്. 19% വോട്ട് എണ്ണാനുണ്ട്.

അരിസോണയുടെ ഒന്നാം ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ റെപ്. ഡേവിഡ് ഷ്വേക്കർട്ട് സീറ്റ് നിലനിർത്താൻ പൊരുതുമ്പോൾ ഡെമോക്രാറ്റ് ജെവിൻ ഹോഡ്ജ് ഒരു ശതമാനത്തിൽ താഴെ ലീഡിൽ നിൽക്കുന്നു. 14% വോട്ട് എണ്ണാനുണ്ട്.

അരിസോണ ആറിൽ റിപ്പബ്ലിക്കൻ യുവാൻ സിസ്കോമാനിക്കാന് ലീഡ്. മുൻ ഡെമോക്രാറ്റിക് റെപ്. കിർസ്റ്റാൻ എൻഗേലിനു എതിരെ 0.45%. ഇനി എണ്ണാനുള്ളത് 13% വോട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular