Thursday, May 2, 2024
HomeKeralaഒറ്റ ദിവസത്തെ പരോളില്‍ വീട്ടിലെത്തി, പോലീസിനെ വെട്ടിച്ച്‌ കടന്നു; കൊലക്കേസ് പ്രതി പിടിയില്‍

ഒറ്റ ദിവസത്തെ പരോളില്‍ വീട്ടിലെത്തി, പോലീസിനെ വെട്ടിച്ച്‌ കടന്നു; കൊലക്കേസ് പ്രതി പിടിയില്‍

ടുക്കി: ഒരു ദിവസത്തെ പരോളില്‍ പോലീസിന്റെ സംരക്ഷണയില്‍ വീട്ടിലെത്തിച്ചപ്പോള്‍ രക്ഷപെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി.

ഇടുക്കി ജില്ലയിലെ പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ഇന്നലെയാണ് രക്ഷപ്പെട്ടത്. ഇന്ന് പൊന്മുടി വനമേഖലയില്‍ നിന്നും പ്രതിയെ പോലീസ് കണ്ടെത്തിയത്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്.

കോട്ടയം നാഗമ്ബടം പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ വച്ച്‌ രാജേഷ് എന്നയാളെ 2015 ഫെബ്രുവരി രണ്ടിനാണ് ജോമോന്‍ കൊന്നത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരട്ട ജീവ പര്യന്തം തടവിനാണ് ജോമോന്‍ ശിക്ഷിക്കപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കളെ കാണണം എന്നാവശ്യപ്പെട്ട് ജോമോന്‍ പരോളിന് അപേക്ഷിച്ചിരുന്നു. പരോള്‍ അനുവദിക്കരുതെന്ന് രാജാക്കാട് പോലീസ് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചു. പൊലീസ് സംരക്ഷണയില്‍ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു മടങ്ങാനായിരുന്നു അനുമതി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് പോലീസുകാരുടെ സംരക്ഷണയില്‍ രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ ജോമോനെ എത്തിച്ചു. ഇവിടെ നിന്നും തിരികെ ഇറക്കാന്‍ വിലങ്ങ് വയ്ക്കുന്നതിനിടെ പോലീസുകാരെ തട്ടിമാറ്റി ജോമോന്‍ ഓടി രക്ഷപെടുകയായിരുന്നു. വീടിന് സമീപത്തുള്ള പൊന്മുടി വനമേഖലയിലേയ്ക്കാണ് ജോമോന്‍ രക്ഷപ്പെട്ടത്. സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പൊന്മുടി അണക്കെട്ടിലൂടെ നീന്തി കടന്ന് രക്ഷപ്പെടാനുള്ള സാധ്യത മനസിലാക്കി ഇരുകരകളിലും പോലീസ് തെരച്ചില്‍ നടത്തി. ഇതിന് പിന്നാലെയാണ് വനത്തില്‍ നിന്നും ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular