Sunday, May 5, 2024
HomeKerala'വയോജനങ്ങളോട് കാണിക്കുന്ന നിന്ദ സമൂഹം ഒരിക്കലും പൊറുക്കില്ല'

‘വയോജനങ്ങളോട് കാണിക്കുന്ന നിന്ദ സമൂഹം ഒരിക്കലും പൊറുക്കില്ല’

തിരുവനന്തപുരം: വയോജനങ്ങളോട് കാണിക്കുന്ന നിന്ദ സമൂഹം ഒരിക്കലും പൊറുക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വയോജനദിനത്തില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യമുള്ള സമയത്ത് ഈ സമൂഹത്തിനു വേണ്ടി ആകുന്നതെല്ലാം ചെയ്ത വയോജനങ്ങള്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്നു. ഇത് അപലപനീയമാണ്. സ്വാര്‍ഥതയാണ് ഇതിനു കാരണം. എനിക്ക് എന്തു കിട്ടുമെന്ന ചോദ്യമാണ് ഇപ്പോഴുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.
വയോജനങ്ങളെ ആദരിക്കുന്നത് ഏറ്റവും മഹനീയമായ കാര്യമാണ്. വയോജനങ്ങളെ കാണുകയും ആദരിക്കുകയും ചെയ്യുന്നത് ഈശ്വരീയ ദര്‍ശന തുല്യമാണ്. പ്രായമുള്ളവരെ ബഹുമാനിക്കുമ്പോള്‍ ധാര്‍മിക മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നു.

കേരളത്തില്‍ 60 ശതമാനത്തോളം വയോജനങ്ങള്‍ ഇന്നു ക്ലേശം അനുഭവിക്കുന്നു. നമ്മുക്ക് ആവശ്യം സാമൂഹ്യ പ്രതിബദ്ധതയാണ്. അവഗണിക്കപ്പെടുന്ന വയോജനങ്ങള്‍ക്കായി സമൂഹത്തിന്റെ ശബ്ദം ഉയരണം. അതിനു ഹൃദയ വിശാലതവേണം.

സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ എല്ലാവരിലും ഉണ്ടാകണം. മനുഷ്യത്വം മനസ്സില്‍ നിറയണം. കീശ വികസിക്കലല്ല വേണ്ടത്. പകരം ഹൃദയം വികസിക്കണം. ഒരു നാടിന്റെ വികസനം എന്നത് ഹൃദയത്തിന്റെ വിശാലതയാണ്.

ആര്‍ദ്രമായ ഹൃദയമാണ് നമ്മള്‍ക്ക് ആവശ്യം. അത് നിയമം കൊണ്ട് സാധിക്കില്ല. ഓരോരുത്തരും സ്വയം വിചാരിക്കണം. വയോജനങ്ങളെ ഈശ്വര തുല്യമായി കണ്ട് ബഹുമാനിച്ചിരുന്ന സംസ്‌കാരമായിരുന്നു നമ്മളുടേത്. വരും തലമുറ സ്വാര്‍ഥമതികളായി വഴിതെറ്റിപ്പോകാതിരിക്കാന്‍ നമ്മള്‍ മാതൃകയാകണം.

സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പുന്ന ഹൃദയമാണ് വേണ്ടത്. ജീവിതത്തില്‍ ധനികരാവുകയല്ല, ധന്യരാകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുന്‍ വിഭാഗ് കാര്യവാഹ് ജി. ശിവരാമന്‍ നായര്‍, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപിള്ള തുടങ്ങി 71 മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ ആദരിച്ചു.

നീണ്ടകര ഇടവക വികാരി ഫാദര്‍ ജഗദീഷ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ദേശീയസമിതിയംഗം എം.എസ്. ശ്യാംകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബി.ശ്രീകുമാര്‍, വെള്ളിമണ്‍ ദിലീപ്, വൈസ് പ്രസിഡന്റുമാരായ ശശികലറാവു, മാലുമേല്‍ സുരേഷ്, എ.ജി. ശ്രീകുമാര്‍, സെക്രട്ടറിമാരായ വി.എസ്. ജിതിന്‍ദേവ്, ബി. ശൈലജ, പരവൂര്‍ സുനില്‍, പത്മകുമാരി, ട്രഷറര്‍ മന്ദിരംശ്രീനാഥ്, സെല്‍ കണ്‍വീനര്‍ സി. തമ്പി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, കൗണ്‍സിലര്‍മാരായ കൃപവിനോദ്, ഗിരീഷ്, സജിദാനന്ദ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular