Tuesday, May 7, 2024
HomeIndiaനീലേശ്വരം പള്ളിക്കര മേല്‍പ്പാലം: റെയില്‍വേയുടെ എന്‍ഒസിക്കായി കാത്തിരിപ്പ്

നീലേശ്വരം പള്ളിക്കര മേല്‍പ്പാലം: റെയില്‍വേയുടെ എന്‍ഒസിക്കായി കാത്തിരിപ്പ്

നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പ്പാലം ജനങ്ങള്‍ക്കു തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുദിവസത്തിനകം അനുകൂലതീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. ഇതിനായി റെയില്‍വേ അഥോറിറ്റിയുടെ എന്‍ഒസി കിട്ടേണ്ടതുണ്ട്.

മേല്‍പാലത്തില്‍ ലോഡ് ടെസ്റ്റ് നടത്തിയെങ്കിലും ഇതിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍കാനിരിക്കുന്നതേയുള്ളു. റോഡ് തുറക്കുന്നതിനു മുന്നോടിയായുള്ള സുരക്ഷ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതിന്മേലുള്ള ചില സംശയങ്ങള്‍ക്കും മറുപടി ലഭിക്കേണ്ടതുണ്ടെന്ന് ദേശീയപാത വികസന അഥോറിറ്റി അധികൃതര്‍ അറിയിച്ചു.64.44 കോടി രൂപ ചെലവില്‍ പണിത മേല്‍പ്പാലത്തിന് 780 മീറ്റര്‍ നീളവും 45 മീറ്റര്‍ റോഡ് വീതിയുമുണ്ട്. ജൂണ്‍ ആദ്യവാരത്തില്‍ ഒരു ഭാഗത്തു കൂടി വാഹനം കടത്തി വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ലോഡ് ടെസ്റ്റിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇതിന്‍റെ രേഖകള്‍ അയച്ചിരുന്നു. എന്നാല്‍ കാര്യംകോട് ഭാഗത്തേക്ക് ഇറങ്ങുന്ന അപ്രോച്ച്‌ റോഡ് പൂര്‍ത്തിയാകാതെ പഴയ റോഡിലേക്കു കട്ട് ചെയ്ത് ഇറക്കുന്നത് അപകടത്തിനിടയാക്കുമെന്ന ധാരണയില്‍ തീരുമാനം നീണ്ടു.

നിലവില്‍ കാര്യംകോട് ഭാഗത്തേക്കുള്ള അപ്രോച്ച്‌ റോഡും പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന് മുകളില്‍ ഇരുവശങ്ങളിലുമായി വിളക്കുകളും സ്ഥാപിച്ചു കഴിഞ്ഞു. ദേശീയ പാതയില്‍ റെയില്‍വേഗേറ്റുള്ള ഏക സ്ഥലമാണ് പള്ളിക്കര. 29 ഓളം ട്രെയിനുകള്‍ ദിവസം പാളത്തിലൂടെ കടന്നു പോകുന്നുണ്ട്.

അതുകൊണ്ടുതന്നെ മേല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഒരു പരിധിവരെ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും. പാലം തുറക്കുന്നതോടെ കൊച്ചി മുതല്‍ പനവേല്‍ വരെയുള്ള ദേശീയപാതയിലെ അവസാന ലെവല്‍ ക്രോസ് ഓര്‍മയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular