Sunday, April 28, 2024
HomeUSAട്രംപ് ബൈഡനെ തോൽപിക്കുമെന്നു പോളിംഗ് ഫലം; ഇരു സ്ഥാനാർഥികൾക്കും പ്രായം പ്രശ്നമാവുന്നു

ട്രംപ് ബൈഡനെ തോൽപിക്കുമെന്നു പോളിംഗ് ഫലം; ഇരു സ്ഥാനാർഥികൾക്കും പ്രായം പ്രശ്നമാവുന്നു

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനെ തോൽപിക്കുമെന്നു വെള്ളിയാഴ്ച പുറത്തു വന്ന ഹാർവാർഡ്-ഹാരിസ് പോൾ പറയുന്നു. എന്നാൽ ഫാബ്രിസിയോ വാർഡ് ആൻഡ് ഇമ്പാക്ട് റിസേർച് പോളിംഗിൽ കാണുന്നത് ബൈഡൻ ഒരിക്കൽ കൂടി ട്രംപിനെ വീഴ്ത്തും എന്നാണ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഏറെയുണ്ടെങ്കിലും ട്രംപ് തന്നെ പാർട്ടി സ്ഥാനാർഥിയാവാൻ ഏറ്റവും മുന്നിൽ എന്നു  ഹാർവാർഡ്-ഹാരിസ് പോൾ കണ്ടെത്തി.  റിപ്പബ്ലിക്കൻ പ്രൈമറി ഇപ്പോൾ നടത്തിയാൽ അദ്ദേഹത്തിനു 52% വോട്ട് കിട്ടും. ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനു കിട്ടാവുന്നത് വെറും 12%. ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമി ഈ പോളിങ്ങിൽ 10% പിന്തുണ നേടി കുറച്ചു മുന്നോട്ടു വന്നിട്ടുണ്ട്.

2024ൽ ട്രംപ് 45% വോട്ട് നേടുമ്പോൾ ബൈഡനു ലഭിക്കാവുന്നത് 40% ആണെന്ന് ഈ പോളിങ്ങിൽ പറയുന്നു. എന്നാൽ 16% വോട്ടർമാർ തീരുമാനം എടുത്തിട്ടില്ല എന്നതു ശ്രദ്ധേയമാണ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയെങ്കിൽ ട്രംപ് 47% നേടുമ്പോൾ അവർക്കു 38% മാത്രമേ ലഭിക്കൂ.

ഇതൊക്കെയാണെങ്കിലും 80ൽ എത്തിയ ബൈഡനും 77 ആയ ട്രംപും വേണ്ട എന്നാണ് വോട്ടർമാരുടെ പൊതുവായ അഭിപ്രായം. പുതിയ നേതാക്കളെ അവർ ആഗ്രഹിക്കുന്നു. ട്രംപ് മാറി നിന്നാൽ അവരുടെ പ്രധാന താല്പര്യം ഡിസന്റിസ് ആണ്.

ബൈഡൻ ഇനി രാജ്യം ഭരിക്കാൻ കഴിയുന്ന പ്രായം പിന്നിട്ടെന്നു വോട്ടർമാർ കരുതുന്നു.

ഫാബ്രിസിയോ വാർഡ് ആൻഡ് ഇമ്പാക്ട് റിസേർച് പോളിംഗിൽ രാജ്യത്തെ പ്രധാനപ്പെട്ട 40 യുഎസ് ഹൗസ് ഡിസ്ട്രിക്റ്റുകളിൽ ആണ് പരിശോധന നടത്തിയത്. സ്ഥിരമായ വോട്ടിംഗ് പ്രവണത കാണാത്ത ഈ ഡിസ്ട്രിക്റ്റുകളിൽ ബൈഡനു ട്രംപിനു മേൽ മുൻ തൂക്കമുണ്ട്. ബൈഡൻ 47% നേടുമ്പോൾ ട്രംപിനു കാണുന്നത് 43% ആണ്. എന്നാൽ ഡിസന്റിസും ബൈഡനും 45% വീതം എന്ന നിലയാണ്.

ഹാർവാർഡ്-ഹാരിസ് പോളിൽ 75% പേരും പറഞ്ഞത് വിലക്കയറ്റം അവർക്കു പ്രാധാന്യമുള്ള പ്രശ്നമാണ് എന്നാണ്. ജനങ്ങളുടെ ആഹാര വിഷയത്തിൽ സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധ വയ്ക്കണം എന്നാണ് അവർക്കു പറയാനുള്ളത്.

രാജ്യം ശരിയായ ദിശയിലല്ല എന്ന് ബഹുഭൂരിപക്ഷം ചിന്തിക്കുന്നു. ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡനു എതിരായ അഴിമതി ആരോപണങ്ങൾ പ്രസിഡന്റിന്റെ കുടുംബത്തെ മലിനമാക്കാതിരിക്കാൻ ജസ്റ്റിസ്ജെ ഡിപ്പാർട്മെൻറ് ശ്രദ്ധവച്ചുവെന്നു ഒട്ടു മിക്ക വോട്ടർമാരും വിശ്വസിക്കുന്നു.

ട്രംപിന്റെ പോൾസ്റ്റർ ആയി 2016ലും 2020ലും പ്രവർത്തിച്ച ടോണി ഫാബ്രിയോയുടെ സ്ഥാപനമാണ് ഫാബ്രിസിയോ വാർഡ്. 2016ൽ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മുൻപ് അദ്ദേഹം എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ട്രംപ് പ്രചാരണ ദിശ മാറ്റിയെന്നു പറയപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular