Monday, May 6, 2024
Homeചൊവ്വയിലേക്ക് പറക്കാന്‍ ആണവ റോക്കറ്റ്

ചൊവ്വയിലേക്ക് പറക്കാന്‍ ആണവ റോക്കറ്റ്

ന്യൂയോര്‍ക്ക്: മനുഷ്യനെ ചൊവ്വയിലേക്കും അതിനുപ്പറത്തേക്കും എത്തിക്കാൻ ശേഷിയുള്ള ആണവ റോക്കറ്റ് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.

ഇതിനായി ന്യൂക്ലിയര്‍ ഫിഷൻ പ്രക്രിയയെ അധിഷ്ഠിതമാക്കിയുള്ള റോക്കറ്റ് രൂപകല്പന ചെയ്ത് വികസിപ്പിക്കാനും പരീക്ഷിക്കാനും അമേരിക്കൻ എയറോസ്പേസ് കമ്ബനിയായ ലോക്ക്‌ഹീഡ് മാര്‍ട്ടിനെ തിരഞ്ഞെടുത്തതായി നാസയും ഡിഫെൻസ് അഡ്വാൻസ്ഡ് റിസേര്‍ച്ച്‌ പ്രോജക്‌ട്സ് ഏജൻസിയും ( ഡി.എ.ആര്‍.പി.എ ) അറിയിച്ചു. ഡെമൊൻസ്ട്രേഷൻ റോക്കറ്റ് ഫോര്‍ അജൈല്‍ സിസ്‌ലൂണാര്‍ ഓപ്പറേഷൻസ് അഥവാ ഡ്രാകോ ( DRACO ) എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 499 മില്യണ്‍ ഡോളറാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പ്രകാരം ഒരു ആണവോര്‍ജ്ജ റോക്കറ്റിന്റെ പരീക്ഷണം 2027ഓടെ ഉണ്ടാകുമെന്ന് നാസ പറയുന്നു. ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ അടങ്ങുന്നതായിരിക്കും ഡ്രാകോ എൻജിനെന്നും ഇതിന്റെ ഡിസൈനും നിര്‍മ്മാണവും നിര്‍വഹിക്കുന്നത് വിര്‍ജീനിയ ആസ്ഥാനമായുള്ള ബി.ഡബ്ല്യു.എക്സ് ടെക്നോളജീസ് ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം, ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ വാഹനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയും സഞ്ചാരികള്‍ക്കും സുരക്ഷിതവുമായിരിക്കും. ദശാബ്ദങ്ങളായി ശാസ്ത്രലോകം സ്വപ്നം കാണുന്ന ചൊവ്വയിലേക്കുള്ള മനുഷ്യ യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കുക എന്നത് ഏറെ നിര്‍ണായകമാണ്. ദൈര്‍ഘ്യം കൂടുന്നതിലൂടെ ബഹിരാകാശ വാഹനത്തിനുള്ളിലെ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കേണ്ടി വരുന്നു. ന്യൂക്ലിയര്‍ റോക്കറ്റ് എൻജിനുകള്‍ക്ക് കെമിക്കല്‍ റോക്കറ്റുകളേക്കാള്‍ വളരെ ചെറിയ തോതിലെ പ്രൊപ്പലന്റിന്റെ ആവശ്യമാണുള്ളത്. ഭൂമിയില്‍ നിന്ന് ശരാശരി 225 മില്യണ്‍ കിലോമീറ്റര്‍ ദൂരമുള്ള ചൊവ്വയിലേക്കുള്ള യാത്ര ഏഴ് മാസം കൊണ്ട് പൂര്‍ത്തിയാക്കാൻ ഇത്തരം സാങ്കേതികവിദ്യകള്‍ അനുവദിക്കും. ഡ്രാകോ പദ്ധതിയ്ക്ക് പുറമേ യു.എസ് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെയുള്ളവയുമായി ചേര്‍ന്ന് ഫിഷൻ സര്‍ഫസ് പവര്‍ അടക്കമുള്ള സ്പേസ് ന്യൂക്ലിയര്‍ ടെക്നോളജി സാദ്ധ്യതകളെ പറ്റിയുള്ള ഗവേഷണങ്ങളിലാണ് നാസ.

 ഛിന്നഗ്രഹത്തെ തുരത്താം ചൊവ്വായാത്രയ്ക്ക് മാത്രമല്ല, ഉല്‍ക്കകള്‍ അടക്കം ബഹിരാകാശത്ത് ഭൂമിയ്ക്ക് ഭീതി സൃഷ്ടിക്കുന്ന ഘടകങ്ങളില്‍ നിന്നും പ്രതിരോധം തീര്‍ക്കാനും ന്യൂക്ലിയര്‍ എനര്‍ജിയുടെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ ചര്‍ച്ച ചെയ്യുന്നത്. കോടാനുകോടി ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും നിറഞ്ഞതാണ് പ്രപഞ്ചം. നൂറു കണക്കിന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്കരികിലൂടെ കടന്നു പോകുന്നുണ്ട്. മിക്കതും ഭൂമിയെ ശല്യം ചെയ്യാതെ കടന്നു പോകുന്നു. എന്നാല്‍, ഇവ ഭൂമിയില്‍ പതിക്കാനിടയായാല്‍ അത് കനത്ത നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കും. ഛിന്നഗ്രങ്ങള്‍ ഭൂമിയ്ക്കുയര്‍ത്തുന്ന ഭീഷണികള്‍ ഏറെക്കാലമായി ശാസ്ത്രോലകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. ഭൂമിയ്ക്ക് നേരെ ഒരു ഛിന്നഗ്രഹം പാഞ്ഞടുത്താല്‍ എങ്ങനെ നേരിടാമെന്നാണ് ശാസ്ത്രലോകം ചിന്തിക്കുന്നത്. ഒരു ഉല്‍ക്കയോ ഛിന്നഗ്രഹമോ ഭൂമിയ്ക്ക് നേരെ വന്നാല്‍ അതിനെ വഴിതിരിച്ചു വിട്ട് ഭൂമിയിലെ ജീവജാലങ്ങളെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ വിഫലമായാല്‍ അതിശക്തമായ ആണവോര്‍ജത്തിന്റെ സഹായത്താല്‍ ഛിന്നഗ്രഹത്തെ തകര്‍ക്കാനുള്ള വഴികളാണ് ശാസ്ത്രലോകം ആലോചിക്കുന്നത്. എന്നാല്‍, വ്യത്യസ്ത ഭ്രമണപഥങ്ങളിലും വ്യത്യസ്ത വേഗതയിലുമുള്ള ഛിന്നഗ്രഹങ്ങളെ തടയാൻ ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള നടപടികള്‍ ഏറെ സങ്കീര്‍ണവും ബുദ്ധിമുട്ടേറിയതുമാകാമെന്നും പൊതുവായ ഒരു മാതൃക നിര്‍മ്മിച്ചെടുക്കണമെങ്കിലും വെല്ലുവിളികള്‍ ഏറെയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular