Monday, May 6, 2024
HomeKeralaപാലക്കയംതട്ടില്‍ സായന്തന ദൃശ്യം നുകരാന്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പാലക്കയംതട്ടില്‍ സായന്തന ദൃശ്യം നുകരാന്‍ സഞ്ചാരികള്‍ക്ക് വിലക്ക്

ശ്രീകണ്ഠപുരം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടില്‍ വൈകീട്ടത്തെ കാഴ്ച നുകരാൻ സഞ്ചാരികള്‍ക്ക് അധികൃതരുടെ വിലക്ക്.

ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നടക്കം ഇവിടെ വൈകീട്ടെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിരാശക്കാഴ്ചയോടെ മടക്കം.

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലാണ് പാലക്കയംതട്ട് വിനോദസഞ്ചാരകേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ കരാറുകാരനായിരുന്നു ചുമതല. പിന്നീടാണ് ഡി.ടി.പി.സി നിയന്ത്രണം നേരിട്ടേറ്റെടുത്തത്. കഴിഞ്ഞദിവസം മുതല്‍ സഞ്ചാരികള്‍ക്ക് വൈകീട്ട് അഞ്ചിനുശേഷം പാലക്കയംതട്ടില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. വെളിച്ചമില്ല എന്ന കാരണത്താലാണത്രെ പ്രവേശന നിരോധനം. നേരത്തേ ഇവിടെയുണ്ടായിരുന്ന ബള്‍ബുകള്‍ നിലവിലില്ല. അതേസമയം വൈദ്യുതി കണക്ഷനും മറ്റ് സംവിധാനങ്ങളുമുണ്ട്. ബള്‍ബുകള്‍ പുനഃസ്ഥാപിച്ചാല്‍ വെളിച്ചപ്രശ്‌നം പരിഹരിക്കാൻ കഴിയും.

എന്നാല്‍, ഇതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പ്രവേശന നിരോധനം സഞ്ചാരികളിലും നാട്ടുകാരിലും വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. കാറ്റും കോടമഞ്ഞും സൂര്യാസ്തമയവും സന്ധ്യാസമയത്തെ കാഴ്ചകളുമാണ് പാലക്കയംതട്ടിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. അഞ്ചിന് ഗേറ്റ് അടക്കുന്നതോടെ സഞ്ചാരികള്‍ക്ക് ഇതിനുള്ള അവസരം നഷ്ടമാവുകയാണ്. നേരത്തേ രാവിലെ മുതല്‍ രാത്രി 10 വരെയായിരുന്നു പ്രവേശനം. 35 രൂപയാണ് ഒരാളില്‍നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത്. വൈകീട്ടത്തെ പ്രവേശന നിരോധനം വന്നതോടെ പാലക്കയംതട്ടിന്റെ പ്രകൃതിരമണീയതയും കാഴ്ചകളും ആസ്വദിക്കാന്‍ കഴിയാതെ ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ദൂരസ്ഥലങ്ങളില്‍നിന്ന് വരെയെത്തി നിരാശരായി മടങ്ങുന്നത്. ഏറെദൂരം താണ്ടി സഞ്ചാരികള്‍ ഇവിടെയെത്തുമ്ബോഴാണ് പ്രവേശന നിരോധനം അറിയുന്നത്. ടൂറിസം വകുപ്പിനും ഇതുവഴി വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്. എന്നിട്ടും അവര്‍ പരിഹാരം കാണാൻ ഒരുക്കമല്ല.

പ്രവേശന വിലക്കിനെച്ചൊല്ലി സഞ്ചാരികളും ജീവനക്കാരും പ്രവേശന കവാടത്തിനു മുന്നില്‍ തര്‍ക്കവും ബഹളങ്ങളും നിത്യസംഭവമാണ്. നേരത്തേ അകത്ത് പ്രവേശിക്കുന്ന സഞ്ചാരികളെ അഞ്ച് മണിക്കുള്ളില്‍ പുറത്തിറക്കുന്നതും ബഹളത്തിനിടയാക്കുന്നു. പാലക്കയംതട്ടിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും ഇതിനെതിരെ സംരക്ഷണ സമിതി രൂപവത്കരിച്ച്‌ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാലക്കയംതട്ടിന്റെ ഭാഗമായുള്ള മഞ്ഞുമല വികസന സമിതി ചെയര്‍മാന്‍ സജി ജോര്‍ജ് പറഞ്ഞു.

സഞ്ചാരികള്‍ക്ക് വൈകീട്ടേര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പാലക്കയംതട്ട് മേഖലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ തിരിച്ചടിയായി.

പാലക്കയംതട്ടില്‍ വെളിച്ചസംവിധാനം പുനഃസ്ഥാപിച്ച്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും സഞ്ചാരികള്‍ക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കണമെന്നും വ്യാപക ആവശ്യമുയര്‍ന്നിരിക്കുകയാണ്.

ടൂറിസം വകുപ്പ് നേരിട്ട് ഏറ്റെടുത്തതോടെയാണ് അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ഈ വശ്യസുന്ദര മാമലയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതെന്നാണ് പ്രദേശവാസികളും പറയുന്നത്. പാലക്കയംതട്ടും പൈതല്‍മലയും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലി മാമലയും അളകാപുരി വെള്ളച്ചാട്ടവും മതിലേരിത്തട്ടുമെല്ലാം മലയോരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഒട്ടേറെ സഞ്ചാരികള്‍ പ്രതീക്ഷയോടെ എത്തുമ്ബോഴും ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥതയും അനാവശ്യ നിയന്ത്രണങ്ങളും സഞ്ചാരികളെ നിരാശപ്പെടുത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular