Monday, May 6, 2024
HomeKeralaപൊക്കാളി പാടശേഖരങ്ങളില്‍ പമ്ബ് സ്ഥാപിക്കാൻ 2.06 കോടി അനുവദിച്ചു

പൊക്കാളി പാടശേഖരങ്ങളില്‍ പമ്ബ് സ്ഥാപിക്കാൻ 2.06 കോടി അനുവദിച്ചു

കുഴുപ്പിള്ളിയിലും പള്ളിപ്പുറത്തുമായി പൊക്കാളി കൃഷിക്കു വേണ്ടി സബ്മേഴ്സിബിള്‍ പമ്ബ് സ്ഥാപിക്കാൻ രണ്ടുകോടി ആറുലക്ഷത്തി മുപ്പത്തിയൊൻപതിനായിരം (2,06,39,000 ) രൂപ അനുവദിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎല്‍എ അറിയിച്ചു.

പടിഞ്ഞാറൻ കുഴുപ്പിള്ളിയില്‍ 200 ഹെക്ടറും പള്ളിപ്പുറത്ത് 50 ഹെക്ടറും വരുന്ന ഐക്യസമാജം പൊക്കാളി നിലങ്ങളില്‍ ഒരേസമയം സുഗമമായി പൊക്കാളി കൃഷിയിറക്കാൻ ഇതോടെ സാധിക്കും.

50 ഹോഴ്‌സ്‌ പവറിന്റെ നാലു സബ്‌മേഴ്സിബിള്‍ പമ്ബുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. അയ്യമ്ബിള്ളി, രാമവര്‍മ്മ കനാലുകളില്‍ രണ്ടുവീതം പമ്ബുകള്‍ വിന്യസിക്കും. ഇതോടെ പാടശേഖരങ്ങളിലെ വെള്ളം പൂര്‍ണ്ണമായി വറ്റിക്കാനും എല്ലായിടത്തും ഒരുമിച്ച്‌ കൃഷിയിറക്കാനും കഴിയുമെന്നു എംഎല്‍എ പറഞ്ഞു.

നിലവില്‍ 50 ഹോഴ്‌സ്‌ പവറിന്റെ അഞ്ചു പെട്ടിയും പറയും ഉപയോഗിച്ചാണ് ദുഷ്‌കരമായ വെള്ളംവറ്റിക്കല്‍ നടത്തുന്നത്. ഓരോ വര്‍ഷവും 25 ലക്ഷത്തോളം രൂപയാണ് ഇതിനു ചെലവ്. പെട്ടിയും പറയും വച്ചാലും കൃഷിയുടെ ഏതെങ്കിലും ഘട്ടത്തില്‍ ചിറകളുടെ ബലക്കുറവുമൂലം വെള്ളം കയറി വറ്റിക്കാൻ കഴിയാതെ വരുന്ന സ്ഥിതിക്കും പമ്ബുകളുടെ വിന്യാസത്തോടെ ശാശ്വത പരിഹാരമാകും.

ഇപ്പോള്‍ 25 ഹെക്ടര്‍ മാത്രം പാടത്താണ് കൃഷിയിറക്കുന്നത്. പമ്ബുകള്‍ സ്ഥാപിക്കുന്നതോടെ 250 ഹെക്ടര്‍ വിസ്തൃതിയിലേക്ക് കൃഷി വ്യാപിപ്പിക്കാനാകുമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ഏറെ പ്രധാനപ്പെട്ട പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും മന്ത്രിക്ക് നിവേദനം നല്‍കുകയും നിയമസഭയില്‍ വിഷയം ഉന്നയിക്കുകയും ചെയ്‌തിരുന്നു.

നാലു പമ്ബുകള്‍ക്കായി 1.16 കോടിയില്‍ പരവും പമ്ബുകള്‍ വിന്യസിക്കുന്ന പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 45.77 ലക്ഷവും വൈദ്യതി ആവശ്യങ്ങള്‍ക്ക് 20 ലക്ഷവും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായാണ് മൊത്തം രണ്ടുകോടി ആറുലക്ഷത്തി മുപ്പത്തിയൊൻപതിനായിരം രൂപ ആര്‍കെവിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular