Tuesday, May 7, 2024
HomeIndiaകോണ്‍ഗ്രസ് വാര്‍ റൂം എത്രയും പെട്ടെന്ന് ഒഴിയാൻ നോട്ടീസ്, കേന്ദ്രനീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ

കോണ്‍ഗ്രസ് വാര്‍ റൂം എത്രയും പെട്ടെന്ന് ഒഴിയാൻ നോട്ടീസ്, കേന്ദ്രനീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും പടിവാതിലില്‍ എത്തിനില്‍ക്കെ ഡല്‍ഹിയിലെ വാര്‍ റൂം കോണ്‍ഗ്രസ് ഒഴിയുന്നു.

വാര്‍ റൂമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം എത്രയും പെട്ടെന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് രാജ്യസഭയുടെ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡല്‍ഹിയിലെ ജിആര്‍ജെ റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം ഒഴിയാൻ പാര്‍ട്ടി തയ്യാറെടുക്കുന്നത്.

കോണ്‍ഗ്രസിന്റെ മുൻ ബംഗാള്‍ അദ്ധ്യക്ഷനും മുൻ രാജ്യസഭാ എംപിയുമായ പ്രദീപ് ഭട്ടാചാര്യയുടെ പേരിലായിരുന്നു ഈ ബംഗ്ളാവ് അനുവദിച്ചിരുന്നത്. ഭട്ടാചാര്യയുടെ കാലാവധി 2023 ഓഗസ്റ്റ് 18-ന് അവസാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കെട്ടിടം ഒഴിയണമെന്ന് കാട്ടി ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി ഉള്‍പ്പെടയുള്ള സുപ്രധാന ചര്‍ച്ചകള്‍ ഏറെ നാളായി ഇവിടെയാണ് നടന്നിരുന്നത്. 2011 മുതല്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗവും ഇവിടെ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പടെ രൂപപ്പെടുത്തേണ്ട സമയത്ത് വാര്‍ റൂം ഒഴിയേണ്ടിവരുന്നത് പാര്‍ട്ടിക്ക് പ്രശ്നമുണ്ടാക്കും എന്ന് വിലയിരുത്തുന്നുണ്ട്. ബംഗ്ളാവ് ഒഴിയുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഭട്ടാചാര്യ ഹൗസിംഗ് കമ്മിറ്റിക്ക് കത്തെഴുതിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. അതിനാല്‍ തന്നെ എത്രയും വേഗം ബംഗ്ളാവ് ഒഴിയാനാണ് പാര്‍ട്ടിയുടെ തീരുമാനം. വാര്‍ റൂം അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഭട്ടാചാര്യയ്ക്കുമുമ്ബ് നടി രേഖയ്ക്ക് ആണ് ഈ ബംഗ്ളാവ് അനുവദിച്ചിരുന്നത്. അതിനുമുമ്ബ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു എം പിക്കായിരുന്നു. എന്നാല്‍ ഇവരാരും ഇവിടെ താമസിച്ചിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഹരിയാനയില്‍ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായ കാര്‍ത്തിക് ശര്‍മ്മയ്ക്കാണ് ഈ ബംഗ്ലാവ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular