Sunday, April 28, 2024
HomeUncategorizedഗാസയില്‍ അരാജകത്വം ; ജനം ഭക്ഷ്യവസ്തുക്കള്‍ എടുത്തുകൊണ്ടുപോയി

ഗാസയില്‍ അരാജകത്വം ; ജനം ഭക്ഷ്യവസ്തുക്കള്‍ എടുത്തുകൊണ്ടുപോയി

റാഫ: മൂന്നാഴ്ചയായി ഇസ്രേലി സേനയുടെ ഉപരോധവും ബോംബിംഗും നേരിടുന്ന ഗാസാ നിവാസികള്‍ ഐക്യരാഷ്‌ട്രസഭയുടെ സഹായവിതരണ കേന്ദ്രങ്ങളില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ കവര്‍ന്നു.
ഗാസ സന്പൂര്‍ണ അരാജകത്വത്തിലേക്കു നീങ്ങുന്നതിന്‍റെ സൂചനയാണിതെന്നു യുഎൻ മുന്നറിയിപ്പു നല്കി.

ശനിയാഴ്ച രാത്രി ഗാസയുടെ തെക്ക്, മധ്യ ഭാഗത്തുള്ള ഗോഡൗണുകളിലേക്ക് ആയിരങ്ങള്‍ ഇരച്ചുകയറുകയായിരുന്നുവെന്ന് യുഎന്നിന്‍റെ പലസ്തീൻ സഹായ ഏജൻസി (യുഎൻആര്‍ഡബ്ല്യുഎ) അറിയിച്ചു. ഭക്ഷണമുണ്ടാക്കാനുള്ള മാവും വ്യക്തിഗത ശുചിത്വത്തിനുള്ള വസ്തുക്കളുമാണ് ഇവര്‍ എടുത്തുകൊണ്ടുപോയത്.
ഗാസയിലെ സാമൂഹികാന്തരീക്ഷം തകരുന്നതിന്‍റെ സൂചനയാണിതെന്ന് യുഎൻആര്‍ഡബ്യുഎ മേധാവി തോമസ് വൈറ്റ് ചൂണ്ടിക്കാട്ടി. ഇസ്രേലി ആക്രമണങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ട ജനതയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. അടിസ്ഥാന സേവനവിഭാഗങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഗാസയിലേക്ക് എത്തിച്ച സഹായവസ്തുക്കള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം തുടങ്ങിയശേഷം 84 ലോറി സഹായവസ്തുക്കള്‍ മാത്രമാണു ഗാസയില്‍ എത്തിയിട്ടുള്ളത്. യുദ്ധത്തിനു മുന്പ് പ്രതിദിനം നൂറുകണക്കിനു ലോറി സഹായംകൊണ്ടാണു ഗാസ പിടിച്ചുനിന്നിരുന്നത്.

ഇതിനിടെ, വെള്ളിയാഴ്ച രാത്രി മുതല്‍ ഇസ്രേലി സേന ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. വ്യോമാക്രമണത്തിനൊപ്പം കരസേനയും ഗാസയില്‍ റെയ്ഡ് നടത്തുന്നു.
24 മണിക്കൂറിനിടെ 450 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രേലി സേന ഇന്നലെ അറിയിച്ചത്. ഹമാസിന്‍റെ കമാൻഡ് സെന്‍ററുകള്‍, നിരീക്ഷണ പോസ്റ്റുകള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയാണ് തകര്‍ത്തത്.

വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂണ്‍ മേഖലകളില്‍ ഇസ്രേലി സേനയും ഹമാസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സെൻട്രല്‍ ഗാസയില്‍ ഖാൻ യൂനിസ് നഗരത്തിലും ബുറെയ്ജ് അഭയാര്‍ഥി ക്യാന്പിനു കിഴക്കും ഏറ്റുമുട്ടലുണ്ടായി.

ഇതിനിടെ, ഗാസ സിറ്റിയിലെ അല്‍ ഖുദ്സ് ആശുപത്രി ഒഴിപ്പിക്കണമെന്ന ഉത്തരവ് ഇസ്രേലി സേനയില്‍നിന്നു ലഭിച്ചതായി പലസ്തീൻ റെഡ് ക്രസന്‍റ് അറിയിച്ചു. ഇന്നലെ രാവിലെ ആശുപത്രിയുടെ 50 മീറ്ററിനടുത്ത് ഷെല്ലുകള്‍ പതിച്ചു. കഴിഞ്ഞ ദിവസം ഗാസയില്‍ നിലച്ച ഇന്‍റര്‍നെറ്റ്, ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular