Sunday, April 28, 2024
HomeGulfഅല്‍ശിഫയില്‍ ഭൂഗര്‍ഭ അറ കണ്ടെത്തിയെന്ന് വീണ്ടും ഇസ്രായേല്‍

അല്‍ശിഫയില്‍ ഭൂഗര്‍ഭ അറ കണ്ടെത്തിയെന്ന് വീണ്ടും ഇസ്രായേല്‍

സ്സ: അല്‍ശിഫ ആശുപത്രിക്കടിയില്‍ ഹമാസിന്റെ ഭൂഗര്‍ഭ അറ കണ്ടെത്തിയെന്ന അവകാശവാദവുമായി വീണ്ടും ഇസ്രായേല്‍ സേന.

ആശുപത്രി വളപ്പിനകത്ത് നിര്‍ത്തിയിട്ടിരുന്ന പിക്‌അപ് ട്രക്ക് തകര്‍ത്തപ്പോള്‍ ഭൂഗര്‍ഭ അറയിലേക്കുള്ള പ്രവേശന കവാടം കണ്ടെത്തിയതായും റോബോട്ടുകള്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും അവകാശപ്പെട്ട് സേന വിഡിയോ പുറത്തുവിട്ടു. 10 മീറ്റര്‍ നീളമുള്ള ചവിട്ടുപടികള്‍ ഇറങ്ങിച്ചെല്ലുമ്ബോള്‍ 55 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയെന്നും ഇവിടെ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വിഡിയോയില്‍ പറയുന്നു. ആശുപത്രിക്കടിയില്‍ സൈനികകേന്ദ്രമുണ്ടെന്ന ആരോപണം നേരത്തേ ഗസ്സ ആരോഗ്യ മന്ത്രാലയവും ഹമാസും നിഷേധിച്ചിരുന്നു.

ഹമാസിന് സഹായം നല്‍കിയെന്നാരോപിച്ച്‌ അല്‍ശിഫ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അബൂസാല്‍മിയയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത സേന ഇവരെ ചോദ്യംചെയ്യാൻ ഷിൻബിതിലെ സൈനികകേന്ദ്രത്തിലേക്കു മാറ്റി. ആശുപത്രിയിലെ വൈദ്യുതി കണക്ഷൻ ഹമാസ് താവളത്തിന് നല്‍കിയെന്നും ആയുധങ്ങള്‍ സംഭരിച്ചുവെക്കാൻ സഹായിച്ചുവെന്നുമാണ് ഇദ്ദേഹത്തിനെതിരായ കുറ്റാരോപണം. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനുശേഷം ബന്ദികളെ ആശുപത്രിയില്‍ തടവില്‍ പാര്‍പ്പിച്ചുവെന്നും ആരോപണമുണ്ട്.

അബൂസാല്‍മിയയുടെ അറസ്റ്റിനെ ഹമാസ് അപലപിച്ചു. അദ്ദേഹത്തിന്റെ മോചനത്തിന് റെഡ്ക്രോസും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും മോചനത്തിനായി ഇടപെടണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അശ്റഫ് അല്‍ ഖുദ്റ ആവശ്യപ്പെട്ടു. അതേസമയം, അല്‍ശിഫക്കടിയിലെ ഭൂഗര്‍ഭ അറ പതിറ്റാണ്ടുകള്‍ക്കുമുമ്ബ് ഇസ്രായേല്‍ നിര്‍മിച്ചതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുൻ പ്രധാനമന്ത്രി യഹൂദ് ബറാകിനെതിരെ പ്രതിഷേധം ശക്തമായി. രാജ്യദ്രോഹക്കുറ്റത്തിന് ബറാകിനെ വിചാരണ ചെയ്യണമെന്നും പൗരത്വം റദ്ദാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സി.എൻ.എൻ ചാനലുമായുള്ള അഭിമുഖത്തിലാണ് ബറാക് വിവാദ പരാമര്‍ശം നടത്തിയത്.

”1967ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തില്‍നിന്നാണ് ഗസ്സ ഇസ്രായേല്‍ പിടിച്ചടക്കുന്നത്. പിന്നീട് 2005 വരെ തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു പ്രവിശ്യ. അവിടെയുണ്ടായിരുന്ന കുടിയേറ്റക്കാരെയും സൈനികരെയും പിൻവലിച്ചശേഷം ഗസ്സ ഹമാസ് നിയന്ത്രണത്തിലായി. നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ മുമ്ബാണ് ഞങ്ങള്‍ സഹായിച്ച്‌ ഈ ബങ്കറുകള്‍ നിര്‍മിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇടംനല്‍കലായിരുന്നു ലക്ഷ്യം” -ബറാക് അഭിമുഖത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular