Monday, May 6, 2024
HomeGulfമൂന്ന് പ്ലാൻറുകള്‍ തുറന്ന് യു.എ.ഇ; കടല്‍വെള്ളത്തില്‍നിന്ന് ഗസ്സക്ക് ദാഹജലം

മൂന്ന് പ്ലാൻറുകള്‍ തുറന്ന് യു.എ.ഇ; കടല്‍വെള്ളത്തില്‍നിന്ന് ഗസ്സക്ക് ദാഹജലം

ദുബൈ: യുദ്ധത്തിന്‍റെ ദുരിതമനുഭവിക്കുന്ന ഗസ്സൻ ജനതക്ക് ദാഹമകറ്റാൻ ശുദ്ധജല പ്ലാൻറുകള്‍ തുറന്ന് യു.എ.ഇ. കടല്‍വെള്ളം ശുദ്ധീകരിക്കുന്ന മൂന്ന് പ്ലാൻറുകളാണ് റഫ അതിര്‍ത്തിയുടെ ഈജിപ്ത് ഭാഗത്ത് നിര്‍മിച്ചിട്ടുള്ളത്.

സംവിധാനങ്ങളുടെ ഉദ്ഘാടനം യു.എ.ഇ രാഷ്ട്രീയകാര്യ അസി. മന്ത്രിയും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ ലന നുസൈബ നിര്‍വഹിച്ചു. യു.എൻ രക്ഷാസമിതിയിലെ നിരവധി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പദ്ധതി ഗസ്സൻ ജനതക്ക് സമര്‍പ്പിച്ചത്. യു.എ.ഇയുടെയും ഈജിപ്തിന്‍റെയും സഹകരണത്തിലാണ് യു.എൻ പ്രതിനിധികള്‍ റഫ അതിര്‍ത്തിയിലെത്തിയത്.

ദുരിതത്തിലായ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി യു.എ.ഇ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ശുദ്ധീകരണ പ്ലാന്‍റുകള്‍ നിര്‍മിച്ചത്. ശുദ്ധമായ കുടിവെള്ളത്തിന്‍റെ കുറവ് പ്രദേശം നിലവില്‍ അനുഭവിക്കുന്നുണ്ട്. മൂന്ന് പുതിയ ഡീസലൈനേഷൻ പ്ലാന്റുകളില്‍നിന്നായി മൂന്ന് ലക്ഷം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

ഓരോ ദിവസവും ഏകദേശം 6,00,000 ഗാലൻ കടല്‍ജലം സംസ്കരിച്ച്‌ ഗസ്സയിലെ പൈപ്പ് ശൃംഖലയിലൂടെ അയക്കും.

ഇത് താമസക്കാര്‍ക്ക് സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.യു.എ.ഇ നടപ്പാക്കുന്ന ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്‍റെ ഭാഗമായാണ് റഫയില്‍ മൂന്ന് പ്ലാന്റുകള്‍ നിര്‍മിക്കാൻ പദ്ധതിയിട്ടത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശമനുസരിച്ച്‌ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന് നവംബര്‍ അഞ്ചിനാണ് ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാപിച്ചത്.

ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും നല്‍കുന്ന യു.എ.ഇയുടെ ചരിത്രപരമായ നിലപാടിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. എമിറേറ്റ്സ് റെഡ് ക്രസൻറാണ് ഗസ്സയിലെ യു.എ.ഇയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular