Tuesday, May 7, 2024
HomeKerala129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ

129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ

ത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്‍റെ 129-ാമത് മഹായോഗം ഫെബ്രുവരി 11 മുതല്‍ 18 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും.
മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്താ 11ന് ഉച്ചകഴിഞ്ഞ് 2.30 ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിക്കും.

മാര്‍ത്തോമാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറൂ (യുഎസ്‌എ), പ്രൊഫ. മാകെ ജെ. മസാങ്കോ (സൗത്ത് ആഫ്രിക്ക),ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംയുക്തമായാണ് ഈ വര്‍ഷവും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വെരി.റവ.ഡോ.ഷാം പി.തോമസ്, റവ.ബോബി മാത്യു എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്‍റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടത്തുന്നതാണ്.

എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച്‌ 12ന് അവസാനിക്കും. ബുധനാഴ്ച രാവിലെ 9.30 ന് വിവിധ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന എക്യുമെനിക്കല്‍ സമ്മേളനം നടത്തപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ നാല് വരെ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെയും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ നാല് വരെ സേവികാസംഘത്തിന്‍റെയും പ്രത്യേക യോഗങ്ങളായിരിക്കും.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ നാല് വരെ സുവിശേഷപ്രസംഗസംഘത്തിന്‍റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് നാലിന് യുവവേദി യോഗങ്ങളും പന്തലില്‍വച്ച്‌ നടത്തുന്നതാണ്.

സായാഹ്നയോഗങ്ങള്‍ വൈകിട്ട് ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച്‌ 7.30 ന് സമാപിക്കും. ബുധന്‍ വൈകിട്ട് ആറ് മുതല്‍ 7.30 വരെ സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള മീറ്റിംഗും, ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് ഏഴ് മുതല്‍ ഒൻപത് വരെയുളള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

പൂര്‍ണസമയം സുവിശേഷവേലയ്ക്കു സമര്‍പ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 16നും 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 17നും രാവിലെ 7.30 ന് കോഴഞ്ചേരി സെന്‍റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ നടക്കും.

കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, പ്രസ് & മീഡിയ കമ്മറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, അഡ്വ.ജേക്കബ് ജോണ്‍, മാനേജിംഗ് കമ്മറ്റി അംഗമായ റ്റിജു എം. ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular