Sunday, April 28, 2024
HomeIndiaപിണറായിക്കൊപ്പം കെജ്രിവാളും മന്നും; പ്രതിഷേധ മുന്നണിയില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍

പിണറായിക്കൊപ്പം കെജ്രിവാളും മന്നും; പ്രതിഷേധ മുന്നണിയില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: സംസ്ഥാനസർക്കാരുകള്‍ക്കെതിരായ കേന്ദ്രസർക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാർ.

പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു. തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്ത പ്രതിഷേധ സമരം മോദി സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സുപ്രധാന ചുവടുവെപ്പായി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാർച്ചായാണ് ജന്തർമന്തറിലേക്കെത്തിയത്. തുടർന്ന് നടന്ന ചടങ്ങില്‍ സിപിഎം നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. സി.പി.ഐക്ക് പുറമേ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാർ, കെ.പി. മോഹനൻ അടക്കമുള്ളവർ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന നിയമനിർമാണങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതികള്‍ക്ക് ബ്രാൻഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സർക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്ത് പദ്ധതികളെ ബ്രാൻഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിർബന്ധമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്. ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറും. സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയായി മാറുകയാണ്. ഇത് ലോകത്തൊരിടത്തും കാണാൻ കഴിയാത്ത പ്രതിഭാസമാണ്. വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുർവ്യാഖ്യാനംചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാവിലെ 11 മണിയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തർമന്തറിലേക്ക് പ്രകടനമായെത്തി. ഫെഡറലിസം സംരക്ഷിക്കാൻ കേരളത്തിന്റെ പോരാട്ടം എന്ന ബാനർ ഉയർത്തിയായിരുന്നു മാർച്ച്‌. ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular