Saturday, April 27, 2024
Homeപൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുമെന്ന ബജറ്റ് രേഖ; വിശദീകരണവുമായി മന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുമെന്ന ബജറ്റ് രേഖ; വിശദീകരണവുമായി മന്ത്രി

സംസ്ഥാനത്ത് 1990 മുതല്‍ വിവിധഘട്ടങ്ങളിലായി അടച്ചു പൂട്ടുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നു ബജറ്റ് രേഖയില്‍ പ്രഖ്യാപനം.
ബജറ്റിനൊപ്പം സമർപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ അവലോകന റിപ്പോർട്ടിലാണ് മുന്പു പൂട്ടിയതടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നു പറയുന്നത്. മുൻ വർഷങ്ങളിലെ ബജറ്റ് അനുബന്ധ രേഖകളിലും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

റിപ്പോർട്ടില്‍ നിർദേശിക്കുന്ന പല സ്ഥാപനങ്ങളും അടച്ചു പൂട്ടിയതോ പൂട്ടലിന്‍റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നതോ ആണ്. അടച്ചു പൂട്ടിയ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടുന്നതെന്ന പ്രചാരണം അഴിച്ചു വിടുന്നതെന്നു വ്യവസായ പി. രാജീവ് പത്രക്കുറിപ്പില്‍ പറഞ്ഞു.

പട്ടികയിലെ 18 സ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടത് 10 എണ്ണമാണ്. ഇവയെല്ലാം 2016ലെ ഒന്നാം പിണറായി സർക്കാർ അധികാരത്തില്‍ വരുന്നതിന് മുന്പുതന്നെ പ്രവർത്തനം പുനഃക്രമീകരിച്ചതോ ലിക്വിഡേഷൻ ആരംഭിച്ചതോ ആണ്.

34 വർഷം മുന്പ് പ്രവർത്തനം നിർത്തിയ സ്ഥാപനം പോലും പുതുതായി അടച്ചു പൂട്ടാൻ പോകുന്നുവെന്നു പ്രചരിപ്പിച്ചവയിലുണ്ട്. 1990 മുതല്‍ പ്രവർത്തനം പുനഃക്രമീകരിച്ച സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്.

ഉത്പന്നങ്ങള്‍ കാലഹരണപ്പെടുകയോ പ്രത്യേക ഉദ്ദേശ്യത്തോടെ ആരംഭിച്ചശേഷം അതു നിറവേറ്റപ്പെടുകയോ ചെയ്തതോടെ പ്രവർത്തനം പുനഃക്രമീകരിച്ച സ്ഥാപനങ്ങളാണിവ. കെല്‍ട്രോണിന്‍റെ സബ്സിഡിയറിയായി ആരംഭിച്ച ചില സ്ഥാപനങ്ങള്‍ പുനഃക്രമീകരിച്ചെങ്കിലും സ്ഥാപനം മികച്ച രീതിയില്‍ ഇപ്പോഴും മുന്നേറുന്നു.

കെല്‍ട്രോണ്‍ പവർ ഡിവൈസസ് ലിമിറ്റഡിന്‍റെ പ്രവർത്തനം 2005ലും കെല്‍ട്രോണ്‍ റെക്റ്റിഫയേഴ്സ് ലിമിറ്റഡ് 2006ലും കേരള ഗാർമെന്‍റ്സ് ലിമിറ്റഡ് 2007ലും കേരള സ്പെഷല്‍ റിഫ്രാക്റ്ററീസ് ലിമിറ്റഡ് 1996ലും സിഡ്കെല്‍ ടെലിവിഷൻസ് ലിമിറ്റഡ് 1993ലും കഞ്ചിക്കോട് ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡ് 2015ലും വഞ്ചിനാട് ലെതേഴ്സ് ലിമിറ്റഡ് 1990ലും സിഡ്കോ മോഹൻ കേരള ലിമിറ്റഡ് 2007ലും കുന്നത്തറ ടെക്സ്റ്റൈല്‍സ് ലിമിറ്റഡ് 1997ലും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

ഈ സ്ഥാപനങ്ങള്‍ നിയമപരമായി വൈൻഡ് അപ്പ് ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ച്‌ എത്രയോ വർഷങ്ങളായി ബജറ്റിനൊപ്പം സമർപ്പിക്കുന്ന റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular