Monday, May 6, 2024
HomeUncategorizedഅസീറില്‍ ഉത്സവമാക്കി മീഡിയവണ്‍ സൂപ്പര്‍കപ്പ് ഫുട്ബാള്‍

അസീറില്‍ ഉത്സവമാക്കി മീഡിയവണ്‍ സൂപ്പര്‍കപ്പ് ഫുട്ബാള്‍

ബഹ: കോടമഞ്ഞിറങ്ങി പാറിയൊഴുകുന്ന അസീറിലേക്ക് പുതുമകളോടെയാണ് മീഡിയവണ്‍ സൂപ്പർ കപ്പ് എത്തിയത്. പ്രവാസികള്‍ സംഗമിക്കുന്ന ഖമീസ് മുശൈത്തിലെ ദമക് സ്റ്റേഡിയമായിരുന്നു വേദി.

വൈകീട്ടോടെ ഉത്സവ പ്രതീതിയില്‍ മത്സരത്തിന് കിക്കോഫ്. ആറ് ടീമുകളാണ് മറ്റുരച്ചത്. ഫസ്സാഹ് വാട്ടർ വാർസോണ്‍ ബ്രദേഴ്സ്, സണ്‍പാക്ക് ഫാല്‍ക്കണ്‍, ലൈഫ്ടൈം വാച്ചസ് മെട്രോ എഫ്.സി, സനാഇയ പ്രവാസി, യാസ് ബീഷ, ലയണ്‍സ് എഫ്.സി എന്നിങ്ങിനെ ടീമുകള്‍ വിവിധ ഘട്ടങ്ങളിലായി ഏറ്റുമുട്ടി.

മത്സരങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ വിവിധ കലാവിരുന്നുകളുമെത്തി. അല്‍ ജുനൂബ് ഇന്ത്യൻ സ്കൂള്‍ വിദ്യാർഥികള്‍ ഒരുക്കിയ കലാപരിപാടികള്‍ കാണികള്‍ക്ക് മികച്ച അനുഭവമായിരുന്നു. കുരുന്നുകളുടെ പാട്ടുകളും നൃത്തവും ഒപ്പനയുമെല്ലാം മത്സര ഇടവേളകളിലെ കാഴ്ചവിരുന്നായി. ശറഫുദ്ദീന്‍റെ നേതൃത്വത്തില്‍ വിദ്യാർഥികളുടെ കരാട്ടേ ഷോയും ഗ്രൗണ്ടിലെത്തി. വൻജനാവലിയാണ് മത്സരം കാണാനെത്തിയത്.

അബഹക്ക് പുറമെ സമീപ പ്രവിശ്യയില്‍ നിന്നും കുടുംബങ്ങളുള്‍പ്പെടെ കാണികളെത്തി.മത്സര വിശേഷങ്ങള്‍ ഞൊടിയിടയില്‍ സ്ക്രീനില്‍ നിറഞ്ഞതും കാണികള്‍ക്ക് പുതിയ അനുഭവമായി. വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ ഫൈനലിലെത്തിയത് ഫസ്സാഹ് വാട്ടർ വാർസോണ്‍ ബ്രദേഴ്സും സണ്‍ പാക്ക് ഫാല്‍ക്കണ്‍ എഫ്.സിയും. അർധരാത്രിയോടെ ഫൈനല്‍ മത്സരത്തിനായി ഇവർ കളിക്കളത്തിലിറങ്ങി.

തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ഫൈനല്‍ മത്സരം സൗദി പ്രസ് ഏജൻസി അസീർ പ്രവിശ്യാ മേധാവി അബ്ദുല്ല അല്‍ ഉബയ്യിദ് ഉദ്ഘാടനം ചെയ്തു. അദ്ദേഹവും മത്സരത്തിന്‍റെ സ്പോണ്‍സർമാരും അതിഥികളും കളിക്കാരുമായി പരിചയപ്പെട്ടു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ബുജൈർ തൊടുത്തുവിട്ട ഗോളോടെ വാർസോണിന് മേല്‍ ഫാല്‍ക്കണ്‍ എഫ്.സിക്ക് ലീഡ്.റഫറിമാർ ഗോള്‍ നല്‍കിയെങ്കിലും വാർസോണ്‍ ഇത് അംഗീകരിച്ചില്ല.

ഇതോടെ മത്സരം താല്‍ക്കാലികമായി നിർത്തി. സൗദി പ്രോ ലീഗിലെ റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇരുവിഭാഗങ്ങളേയും തീരുമാനം റഫറിമാർ അറിയിച്ചു. മതിയായ സമയം നല്‍കിയെങ്കിലും കളിക്കളത്തിലേക്കിറങ്ങാൻ വാർസോണ്‍ തയ്യാറാകാതിരുന്നതോടെ ഏകഗോള്‍ നേടിയ സണ്‍പാക്ക് ഫാല്‍ക്കണ്‍ എഫ്.സിയെ വിജയികളായി റഫറിമാർ പ്രഖ്യാപിച്ചു.കപ്പും 15000 റിയാല്‍ കാഷ് അവാർഡുമായിരുന്നു വിജയികള്‍ക്കുള്ള സമ്മാനം.

വിജയികള്‍ക്ക് ഷിഫ അല്‍ ഖമീസ് അഡ്മിൻ മാനേജർ ജലീല്‍ കാവന്നൂരും മീഡിയവണ്‍ പടിഞ്ഞാറൻ പ്രവിശ്യാ കോഓഡിനേറ്റർ സി.എച്ച്‌. അബ്ദുല്‍ ബഷീറും ചേർന്ന് കപ്പ് കൈമാറി. ഫൈനലില്‍ മാൻഓഫ് ദ മാച്ചായത് വിജയഗോള്‍ നേടിയ ഫാല്‍ക്കണ്‍ എഫ്.സിയുടെ ബുജൈറായിരുന്നു. മികച്ച ഗോള്‍ കീപ്പറായത് ഹർഷദും. ടൂർണമെന്‍റിലെ മികച്ച കളിക്കാരനായത് ഷഫീർ. ടൂർണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ആഷിഖും.

എല്ലാവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.മത്സരം കാണാനെത്തിയവർക്കായി മീഡിയവണ്‍ സൗജന്യമായി പ്രഖ്യാപിച്ച മൂന്ന് സ്മാർട്ട് ഫോണുകളും ടാബും നറുക്കെടുപ്പിലൂടെ സമ്മാനിച്ചു. പ്രൈം എക്സ്പ്രസ് കാർഗോ പ്രഖ്യാപിച്ച 140 കിലോ സൗജന്യ എയർ കാർഗോ ജേതാക്കളേയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. ഇത് പ്രൈം കാർഗോ അസീർ മാനേജർ അജ്മല്‍ സമ്മാനിച്ചു.

മത്സരം നിയന്ത്രിച്ച റഫറിമാർക്ക് മൈ കെയർ ഹോസ്പിറ്റല്‍, വെർവിറോ പ്രതിനിധികളും സി.എച്ച്‌. അബ്ദുല്‍ ബഷീർ, ടൂർണമെൻറ് കണ്‍വീനർ ഫവാസ് എന്നിവരും ഫലകങ്ങള്‍ കൈമാറി.

ഷിഫ അല്‍ ഖമീസ് മാനേജർ ജലീല്‍ കാവന്നൂർ, പ്രൈം കാർഗോ അസീർ മേധാവി അജ്മല്‍, സൂക് അല്‍ ഹുബ് സി.ഇ.ഒ ഷാഹിദ് അബൂബക്കർ, താജ് സ്റ്റോർ മാനേജർ ഷംസു, ചോയ്സ് ടെക്സ് മാനേജർ ബാവ, വെബ് വേള്‍ഡ് എം.ഡി റിയാസ് ബാബു, മെട്രോ ഫാമിലി റസ്റ്റോറൻറ് പ്രതിനിധി സല്‍മാൻ, റോയല്‍ ഗിഫ്റ്റ് എം.ഡി ജാഫർ, വിവിറോ മെൻസ് വെയർ പ്രതിനിധി സാജു എന്നിവർ സ്പോണ്‍സർമാർക്കുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

വളൻറിയർ സേവനമൊരുക്കിയത് ഖമീസിലെ അമിഗോസാണ്. മീഡിയവണ്‍ അസീർ മേഖലാ പ്രതിനിധി മുജീബ് ചടയമംഗലത്തിെൻറ നേതൃത്വത്തിലായിരുന്നു വളൻറിയർ സംഘം. തനിമയുടെ പുരുഷ-വനിതാ വിഭാഗത്തിന്‍റെ പിന്തുണയും സംഘാടനം മികവുറ്റതാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular