Monday, May 6, 2024
HomeKeralaതൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മതതീവ്രവാദ സംഘടനകളുടെ സ്ഥാനാര്‍ഥിയാണെന്ന് എന്‍.ഡി.എ. സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.കെ. കൃഷ്ണദാസ്

തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മതതീവ്രവാദ സംഘടനകളുടെ സ്ഥാനാര്‍ഥിയാണെന്ന് എന്‍.ഡി.എ. സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.കെ. കൃഷ്ണദാസ്

തൃശൂര്‍: തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മതതീവ്രവാദ സംഘടനകളുടെ സ്ഥാനാര്‍ഥിയാണെന്ന് എന്‍.ഡി.എ. സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.കെ. കൃഷ്ണദാസ്.

മതതീവ്രവാദ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. നേമത്ത് സംഭവിച്ചതുതന്നെ ഇവിടെയും സംഭവിക്കുമെന്നാണ് കെ. മുരളീധരന്‍ പറയുന്നത്. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യമാണ് തീവ്രവാദസംഘടനകള്‍ക്കുള്ളത്.

പകല്‍ കോണ്‍ഗ്രസിനു വേണ്ടിയും രാത്രി സി.പി.എമ്മിനുവേണ്ടിയും പ്രവര്‍ത്തിച്ച തീവ്രവാദസംഘടനകള്‍ നേമത്ത് ഇടതുപക്ഷത്തിനു വോട്ട് മറിക്കുകയായിരുന്നുവെന്നും കൃഷ്ണദാസ് ആരോപിച്ചു. തൃശൂരിലും ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരു പ്രത്യേക സമുദായത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റിയത്. തൃശൂരിലും അതാണ് സംഭവിച്ചത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും തീവ്രവാദസംഘടനകളുമായുള്ള അന്തര്‍ധാര തിരിച്ചറിയുന്ന മുസ്ലിം സമുദായം ഇത്തവണ സുരേഷ് ഗോപിക്കുതന്നെ വോട്ട് ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പൗരത്വനിയമത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസും നടത്തുന്ന പ്രതിഷേധം മതപരമായ വിഭാഗീയത സൃഷ്ടിക്കാനാണ് സഹായിക്കുക. മുസ്ലിം വോട്ട് നേടാനാണ് ഇവര്‍ ശ്രമിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പിനു ശേഷം ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും കൃഷ്ണദാസ് പറഞ്ഞു. ജമാ അത്ത് ഇസ്ലാമി എസ്.ഡി.പി.ഐ, പി.എഫ്.ഐ. പോലുള്ള തീവ്രവാദസംഘടനകളുടെ നിലപാടുകളുമായി ഐക്യപ്പെടുന്ന പ്രവര്‍ത്തനമാണിത്. പൗരത്വനിയമത്തിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നത്. ആ നിലപാട് ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് സി.പി.എമ്മും കോണ്‍ഗ്രസും.

നിയമത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണവരെന്നും അദ്ദേഹം പറഞ്ഞു. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല. മാത്രമല്ല, പൗരത്വനിയമം കേരളത്തിനു ബാധകവുമല്ല. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കേരളത്തില്‍ ആരെങ്കിലും വന്നിട്ടുണ്ട് എന്നതിനു തെളിവുമില്ല. പൗരത്വത്തിന് അര്‍ഹരാവുന്ന ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അവഗണിക്കുകയും മുസ്ലിം സമുദായത്തെ ആശങ്കയിലാക്കുകയുമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ മതതീവ്രവാദസംഘടനകളാണ്. ഇക്കൂട്ടരുമായി ഇവര്‍ രാഷ്ട്രീയസഖ്യത്തിലായിക്കഴിഞ്ഞതായും കൃഷ്ണദാസ് ആരോപിച്ചു.

പത്രസമ്മേളനത്തില്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍, മധ്യമേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്‍, ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ്, ജില്ലാ പ്രസിഡന്റ് അതുല്യഘോഷ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular