Sunday, April 28, 2024
HomeKeralaനരേന്ദ്ര മോദി വീണ്ടും വരുന്നു; പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക്, തിരുവനന്തപുരത്ത് സ്വീകരണം

നരേന്ദ്ര മോദി വീണ്ടും വരുന്നു; പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക്, തിരുവനന്തപുരത്ത് സ്വീകരണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മൂന്ന് ദിവസത്തിനിടെ രണ്ട് സന്ദര്‍ശനമാണ് പദ്ധതിയിലുള്ളത്. വരുന്ന വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് മോദിയുടെ സന്ദര്‍ശനം. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന മോദിയുടെ വരവ്, പ്രവര്‍ത്തകരെ സജീവമാക്കാനുള്ള അവസരമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

വെള്ളിയാഴ്ച പാലക്കാടും ഞായറാഴ്ച തിരുവനന്തപുരം-പത്തനംതിട്ട ജില്ലകളിലുമാണ് മോദി എത്തുക എന്നാണ് വിവരം. ഇതിന് മുന്നോടിയായി ബിജെപിയിലേക്ക് കൂടുതല്‍ പ്രമുഖ നേതാക്കളെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്ത് നിന്നുമുള്ള നേതാക്കളാണ് ബിജെപി അംഗത്വമെടുക്കുകയത്രെ.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേരുന്ന പ്രവണത 2019ലുമുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ ഇത് കാര്യമായി പ്രതിഫലിച്ചില്ല. അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ ബിജെപി പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവയാണവ. ഈ മണ്ഡലങ്ങളിലാണ് നരേന്ദ്ര മോദി പ്രചാരണത്തിന് എത്തുന്നത്.

സിനിമാ മേഖലയില്‍ നിന്നുള്ള ദേവന്‍, മേജര്‍ രവി, ജി സുരേഷ് കുമാര്‍ എന്നിവര്‍ക്ക് പുറമെ ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവര്‍ ബിജെപി അംഗത്വമെടുത്തത് അടുത്തിടെയാണ്. കോണ്‍ഗ്രസ് നേതാക്കളായ സി രഘുനാഥ്, പത്മജ വേണുഗോപാല്‍ എന്നിവരും ബിജെപിയിലെത്തി. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശമാണ് ഇതില്‍ വലിയ ചര്‍ച്ചയായത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സമാനമായ രീതിയില്‍ ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെത്തിയിരുന്നു. ഇ ശ്രീധരന്‍, സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരെല്ലാം ഇതില്‍പ്പെടും. ഇതിനിടെയാണ് ഇനിയും പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ബിജെപി അംഗത്വമെടുക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സിഎഎ നടപ്പാക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമാകുമെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular