Thursday, May 2, 2024
HomeIndiaകേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി

കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പത്താം സീസണില്‍ ഏഴ്‌ ഗോളുകള്‍ പിറന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി.

സ്വന്തം തട്ടകമായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റസ്‌ 4-3 നാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌.
പത്താം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം തവണ മാത്രമാണു കൊച്ചിയില്‍ തോല്‍ക്കുന്നത്‌. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്‌ പ്ലേ ഓഫിലെത്താന്‍ സാധ്യതകള്‍ ബാക്കയുണ്ട്‌. 30 ന്‌ ജംഷഡ്‌പൂരിനെതിരെ എവേ ഗ്രൗണ്ടിലാണ്‌ അടുത്ത മത്സരം. ഏപ്രില്‍ മൂന്നിന്‌ ഈസ്‌റ്റ് ബംഗാളുമായാണു കൊച്ചിയിലെ അവസാന മത്സരം. അതുള്‍പ്പെടെ നാലു മത്സരങ്ങളാണ്‌ ടീമിന്‌ ബാക്കിയുള്ളത്‌. പ്ലേ ഓഫ്‌ ഉറപ്പാക്കാന്‍ നാലു പോയിന്റുകള്‍ കൂടി വേണം.
നാലാം മിനിറ്റില്‍ സാദിഖുവിലൂടെ ഗോള്‍ വേട്ട തുടങ്ങിയ ബഗാന്‍ രണ്ടാം പകുതിയില്‍ നേടിയത്‌ മൂന്നെണ്ണം. 60-ാ മിനുറ്റില്‍ സാദിഖു വീണ്ടും വല കുലുക്കി. ദീപക്‌ താംഗ്രി (68), പകരക്കാരന്‍ ജെയ്‌സണ്‍ കമ്മിങ്‌സ് (90-7) എന്നിവരും ബഗാനായി ഗോളടിച്ചു. ബ്ലാസ്‌റ്റേഴ്‌സിനായി ദിമിത്രിയോസ്‌ ഡയമാന്റകോസ്‌ (56, 90-9) ഇരട്ട ഗോളടിച്ചു. മലയാളി താരം വിബിന്‍ മോഹനന്റെ ഗോളും (54) ടീമിന്റെ തോല്‍വി ഭാരം കുറച്ചു. തുടക്കത്തില്‍ തന്നെ പെട്രാടോസിലൂടെ മോഹന്‍ ബഗാന്‍ ഗോളിന്‌ ശ്രമിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ കരണ്‍ജിത്ത്‌ അനായാസം പന്ത്‌ കൈയിലൊതുക്കി.
പ്രീതം കോട്ടാലിന്റെ പിഴവ്‌ മുതലെടുത്ത അല്‍ബേനിയന്‍ താരം അര്‍മാന്‍ഡോ സാദിഖുവിന്റെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. മൈതാനമധ്യത്തിന്‌ നിന്നെത്തിയ പന്ത്‌ നിയന്ത്രണത്തിലാക്കാന്‍ പ്രീതം കോട്ടാലിന്‌ കഴിഞ്ഞില്ല. പന്ത്‌ പിടിച്ചെടുത്ത സാദിഖു ബോക്‌സിലേക്ക്‌ കുതിച്ച്‌ തൊടുത്ത പന്ത്‌ കൃത്യം വലയില്‍. ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു. തുടരെ ബഗാന്‍ ബോക്‌സില്‍ പന്തെത്തി. ഡയമന്റകോസിന്റെയും സന്ദീപ്‌ സിങിന്റെയും ശ്രമങ്ങള്‍ മികച്ചതായിരുന്നു. പന്ത്‌ അധികസമയവും ബ്ലാസേ്‌റ്റ്ഴ്‌സിന്റെ കാലിലായി.
പാസുകളിലെ കൃത്യതയില്ലായ്‌മ ടീമിനെ ഗോളില്‍ നിന്നകറ്റി. വിബിന്‍ മോഹനനും രാഹുലും ചേര്‍ന്നുള്ള നീക്കം ഗോളില്‍ കലാശിച്ചു. ബോക്‌സിന്‌ പുറത്തുവച്ച്‌ ജീക്‌സണ്‍ വിബിനിലേക്ക്‌ പന്തിട്ടു. ബോക്‌സിനുള്ളിലേക്കു രാഹുലിനെ വിബിന്‍ ലക്ഷ്യംവച്ചു. പന്ത്‌ തിരിച്ച്‌ മധ്യനിരക്കാരന്റെ കാലില്‍. ബഗാന്‍ പ്രതിരോധത്തെ തകര്‍ത്ത്‌ പന്ത്‌ വലയില്‍. ഗ്യാലറിയില്‍ ആരവം തീരുംമുമ്ബേ ബഗാന്റെ അടുത്ത ആക്രമണം. സഹല്‍ അബ്‌ദുള്‍ സമദിനെ ജീക്‌സണ്‍ വീഴ്‌ത്തിയതിന്‌ ഫ്രീ കിക്ക്‌. ദിമിത്രി പെട്രറ്റോസാണ്‌ കിക്ക്‌ എടുത്തത്‌. ബോക്‌സിനുള്ളില്‍വച്ച്‌ തട്ടിത്തെറിച്ച പന്ത്‌ വരയ്‌ക്ക് തൊട്ടുപിന്നില്‍ സാദിഖുവിന്‌. നെഞ്ചില്‍ പന്ത്‌ സ്വീകരിച്ച താരം തകര്‍പ്പന്‍ വോളിയിലൂടെ മത്സരത്തിലെ രണ്ടാം ഗോളടിച്ചു. ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. ഫെഡോര്‍ സെര്‍നിച്ച്‌ വലതുവശത്ത്‌നിന്നു നല്‍കിയ പന്ത്‌ പറന്നെത്തിയ ഡയമന്റകോസിലേക്ക്‌ വലയിലാക്കി.
ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുക്കുമെന്ന്‌ തോന്നിച്ച ഘട്ടത്തിലായിരുന്നു ബഗാന്റെ മൂന്നാം ഗോള്‍. കോര്‍ണര്‍ കിക്കില്‍നിന്നുള്ള പന്തില്‍ ദീപക്‌ ടാംഗ്രി തലവയ്‌ക്കുമ്ബോള്‍ മാര്‍ക്ക്‌ ചെയ്യാന്‍ ആരുമുണ്ടായില്ല. അരികെയുണ്ടായിരുന്നു സെര്‍നിച്ചും കാഴ്‌ചക്കാരനായി. ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ബഗാന്‍ ജയമുറപ്പിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സ് ഡയമന്റകോസിലൂടെ ഒരു ഗോള്‍ കൂടി മടക്കി. നാലുമാറ്റങ്ങളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്‌. ബഗാന്‍ മുന്‍ നായകന്‍ പ്രീതം കോട്ടാലിനൊപ്പം പ്രഭീര്‍ദാസ്‌, ജീക്‌സണ്‍ സിങ്‌, രാഹുല്‍ കെ.പി. എന്നിവര്‍ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ തിരിച്ചെത്തി. ഈസ്‌റ്റ് ബംഗാളിനെതിരേ കളിച്ച ടീമില്‍നിന്നു മൂന്ന്‌ മാറ്റങ്ങള്‍ മാത്രമാണ്‌ ബഗാന്‍ വരുത്തിയത്‌. മലയാളി താരം സഹല്‍ അബ്‌ദു സമദ്‌ ആദ്യമായി എതിര്‍ ജേഴ്‌സിയില്‍ കൊച്ചിയിലിറങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular